| Tuesday, 26th May 2020, 12:11 pm

സോഫിയ പോള്‍, ഈ 5 കാര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്

ലിജീഷ് കുമാര്‍

വീനസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ തമിഴ് പടങ്ങള്‍ നിര്‍മ്മിച്ചിരുന്ന ഒരു ഗോപാല്‍ രത്‌നം അയ്യരുണ്ട്, മണിരത്‌നത്തിന്റെ അപ്പ. അവര് ജി.വി സാറുടെ അപ്പ എന്ന് തമിഴര്‍ പറയും. സത്യമതാണ്, ഗോപാല്‍ രത്‌നം അയ്യരുടെ വഴിയേ നടന്ന മകന്‍ ജി.വിയായിരുന്നു. മണിരത്‌നത്തിന്റെ സഹോദരന്‍ ജി.വെങ്കിടേശ്വരന്‍, ആദ്യത്തെ പബ്ലിക് ലിമിറ്റഡ് സിനിമാകമ്പനിയായ ജി.വി ഫിലിംസിന്റെ ഉടമ.

നായകന്‍, ദളപതി, അഗ്‌നി നക്ഷത്രം, അഞ്ജലി തുടങ്ങിയ സൂപ്പര്‍ഹിറ്റ് പടങ്ങളുടെ പ്രൊഡ്യൂസര്‍. ഇത് ജി.വിയുടെ കരിയറിന്റെ ആദ്യഭാഗമാണ്, രണ്ടാം ഭാഗം അത്ര സുന്ദരമല്ല. ഏയ് നീ റൊമ്പ അഴകായിരുക്കേ, തമിഴന്‍, ചൊക്കത്തങ്കം തുടങ്ങിയ സിനിമകള്‍ പുറത്ത് വരുന്നത് ആദ്യത്തെ പടങ്ങള്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തെ മുച്ചൂടും മുടിച്ചു കൊണ്ടാണ്.

കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത വിജയകാന്ത് പടമായ ചൊക്കത്തങ്കമായിരുന്നു ജി.വി നിര്‍മ്മിച്ച അവസാനത്തെ സിനിമ. ചൊക്കത്തങ്കത്തിന് വേണ്ടി തഞ്ചാവൂരിലെ തിയേറ്റര്‍ വരെ ജി.വിക്ക് പണയം വെക്കേണ്ടി വന്നു. പണമിടപാടുകാരായ ചില വടക്കേയിന്ത്യക്കാരില്‍ നിന്നും കോടികളാണ് അയാള്‍ പലിശയ്ക്ക് വാങ്ങിയത്. ചൊക്കത്തങ്കം ഫ്‌ലോപ്പായി. ഒന്നു പിടിച്ചു നില്‍ക്കാന്‍ വേണ്ടി വിതരണാവകാശം വാങ്ങിയ രജനീകാന്തിന്റെ ബാബ ബോക്‌സോഫീസില്‍ മൂക്കുംകുത്തി വീണു. ഒടുവില്‍ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു കളഞ്ഞു ജി.വി.

ജി.വെങ്കിടേശ്വരന്‍

മെഗാഹിറ്റ് പടങ്ങളുള്‍പ്പെടെ പതിനെട്ട് കൊമേഴ്‌സ്യല്‍ തമിഴ് പടങ്ങള്‍ നിര്‍മ്മിച്ച ഒരു മനുഷ്യന്റെ അവസാനമാണിത്. ഒരായുസ്സു മുഴുവന്‍ മോഹവസ്തുവിന് പിന്നാലെയലഞ്ഞ് അവസാനം പൂര്‍ത്തിയാക്കാതെ മടങ്ങിയ ഒരുപാട് പേരുണ്ട് സിനിമയില്‍, ജി.വി അവരിലൊരാള്‍ മാത്രമായിരുന്നു. 2003 ലാണ് അയാള്‍ മരിക്കുന്നത്.

ഇനി അത്രയൊന്നും പഴക്കമില്ലാത്ത ചില കണക്കു പറയാം. കന്നഡപ്പടങ്ങളുടെ പ്രൊഡ്യൂസര്‍ കപാലി മോഹന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചത് ഇക്കൊല്ലമാണ്, ഈ മാര്‍ച്ച് 23 ന് പുലര്‍ച്ചെ രണ്ടരയ്ക്ക്. പപ്പുലാദ് എന്ന പ്രൊഡ്യൂസര്‍ സൗത്ത് മുംബയിലെ ഗ്രാന്റ് റോഡിലുള്ള ഗണപതി ക്ഷേത്രത്തില്‍ തൂങ്ങിമരിക്കുന്നത് കഴിഞ്ഞ കൊല്ലമാണ്, 2019 ജനുവരിയില്‍.

ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ട ദോല്‍ താഷേ എന്ന മറാത്തി സിനിമയുടെ പ്രൊഡ്യൂസര്‍ ആതുല്‍ താപ്കിര്‍ ആത്മഹത്യ ചെയ്യുന്നത് 2018 മെയ് മാസത്തിലാണ്. പൂനെ, കാര്‍വ് റോഡിലുള്ള ഹോട്ടല്‍ പ്രസിഡന്റില്‍ മുറിയെടുത്ത് വിഷം കഴിച്ച് മരിക്കുകയായിരുന്നു അയാള്‍. മരിക്കുമ്പോള്‍ അതുലിന് 35 വയസ്സായിരുന്നു.

ഇതുപോലൊരു ചെറുപ്പക്കാരന്‍ 2017 ലും മരിച്ചു കളഞ്ഞിട്ടുണ്ട്, ചെന്നൈയിലെ ആള്‍വര്‍ തിരുനഗറിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച അശോക് കുമാര്‍. ശശികുമാറിന്റെ ഈശന്‍, പോരാളി, കൊടിവീരന്‍ തുടങ്ങിയ പടങ്ങളുടെ പ്രൊഡ്യൂസര്‍.

അശോക് കുമാര്‍

മരിക്കുന്നതിന് തൊട്ടുമുമ്പ് അശോക് എഴുതി, ‘ശശി എപ്പോഴും എന്റെ കൂടെ നിന്നിരുന്നു. ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച ഒരു സിനിമ പോലും ഇറങ്ങാതിരുന്നിട്ടില്ല. ഞാന്‍ പക്ഷേ ഇതിനിടയിലൊരു തെറ്റ് ചെയ്തു. അന്‍പ് ചെയാന്റെ കയ്യില്‍ നിന്ന് പണം പലിശക്ക് വാങ്ങി. ചോദിച്ച പലിശ കഴിഞ്ഞ ഏഴ് കൊല്ലം കൃത്യമായി ഞാന്‍ കൊടുത്തിട്ടുണ്ട്. പക്ഷേ ഈയിടെയായി അയാളുടെ സ്വഭാവത്തില്‍ പേടിപ്പിക്കുന്ന ചില മാറ്റങ്ങള്‍ ഞാന്‍ കാണുന്നു.

നിയമപരമായി നേരിട്ടാല്‍ പോലും എനിക്കയാളെ ജയിക്കാനാവില്ല. അവരൊക്കെ വലിയ ആളുകളാണ്. ഇനിയവര്‍ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാന്‍ കൂടെ എനിക്ക് ധൈര്യമില്ല. ശശി എന്നോട് ക്ഷമിക്കണം, കള്ളന്‍മാരുടെ ഇടയില്‍ നിന്നെ തനിച്ചാക്കി ഞാന്‍ പോകുകയാണ്. നിന്നെ രക്ഷിക്കാന്‍ എന്റെ മുമ്പില്‍ വഴികളില്ല, എന്നെ രക്ഷിക്കാനും !’

ഇതിനും ഒരു കൊല്ലം മുമ്പ്, 2016 ഏപ്രില്‍ മാസത്തിലാണ് അജയ് കൃഷ്ണന്‍ എന്ന മലയാളി നിര്‍മ്മാതാവ് ആത്മഹത്യ ചെയ്യുന്നത്. മങ്കിപെന്നിന്റെ സംവിധായകന്‍ ഷാനില്‍ മുഹമ്മദ് ചെയ്ത ‘അവരുടെ രാവുകള്‍’ ആയിരുന്നു അജയ് കൃഷ്ണന്റെ പടം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ നടക്കുന്നതിനിടെ അയാള്‍ മടങ്ങി, അപ്പോള്‍ അയാള്‍ക്ക് പ്രായം 29.

അജയ് കൃഷ്ണന്‍

2020 ല്‍ കപാലി മോഹന്‍, 2019 ല്‍ പപ്പുലാദ്, 2018 ല്‍ അതുല്‍ താപ്കിര്‍, 2017 ല്‍ അശോക് കുമാര്‍, 2016 ല്‍ അജയ് കൃഷ്ണന്‍ ഇത് ഇന്ത്യന്‍ സിനിമയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കാണ്. ഓരോ കൊല്ലവും ഓരോ പ്രൊഡ്യൂസര്‍ വെച്ച് മരിച്ചു കളയുന്ന ഇന്‍ഡസ്ട്രിയാണിത്. ജയിച്ചവരുടെ മാത്രം സിനിമയേ നിങ്ങള്‍ക്കറിയൂ, തോറ്റവരുടെ ഒരു സിനിമയുണ്ട്. ഒരു കാഴ്ചക്കാരന്‍ പോലുമില്ലാത്ത ദുരന്ത സിനിമകളാണത്. പൊട്ടിയത് പലപ്പോഴും പടങ്ങളായിരുന്നില്ല, ജീവിതങ്ങളായിരുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും നിക്ഷേപിച്ച കുറിക്കമ്പനികളായിരുന്നു.

ഇത്രയും എഴുതിയത് ബജ്‌റംഗ്ദള്ളുകാര്‍ക്ക് വായിക്കാനാണ്. സോഫിയ പോള്‍ എന്ന പ്രൊഡ്യൂസര്‍ 50 ലക്ഷം മുടക്കി പണിത സിനിമാ സെറ്റ് നിങ്ങള്‍ കുത്തിപ്പൊളിച്ച് നശിപ്പിച്ച കാഴ്ച കണ്ട് ഞാന്‍ ഞെട്ടുന്നത് ഇന്നലെയാണ്. അത് വരച്ചുണ്ടാക്കിയ ആര്‍ട്ട് ഡയറക്ടറുടെ ഉള്ളുരുക്കത്തെക്കുറിച്ചോ, അത് പണിത ആര്‍ട്ടുകാരുടെ മനുഷ്യാധ്വാനത്തെക്കുറിച്ചോ ഞാന്‍ കൂടുതല്‍ പറയുന്നില്ല. ഒരുപാട് സങ്കടമുണ്ടാവുമെങ്കിലും അവര്‍ ആത്മഹത്യ ചെയ്യേണ്ടി വരില്ല.

ഒരിക്കല്‍ക്കൊടുത്ത ബത്ത ഒരിക്കല്‍ക്കൂടെ കൊടുത്ത് ഇതേ പ്രൊഡ്യൂസര്‍ വീണ്ടും അവരെക്കൊണ്ടത് പണിയിക്കേണ്ടി വരും. അപ്പൊഴേക്കും ‘മിന്നല്‍ മുരളി’യുടെ ബഡ്ജറ്റ് എത്രയായിത്തീരും ! അത് തിരിച്ചു പിടിക്കാവുന്ന ഇന്‍ഡസ്ട്രി ഇവിടുണ്ടോ ?

കൊറോണയ്ക്ക് ശേഷം എന്ത് എന്ന് ഒരു നിശ്ചയവുമില്ലാതെയാണ് മലയാള സിനിമ പോയ്‌ക്കൊണ്ടിരിക്കുന്നത്. കൊറോണയ്ക്ക് മുമ്പ് പടം ഷെഡ്യൂള്‍ ചെയ്ത നിര്‍മ്മാതാവല്ല, ഇനി പുതിയ ഷെഡ്യൂളില്‍ വരാനുള്ളത്. അയാള്‍ അടിമുടി മാറിയിട്ടുണ്ടാവും. സാമ്പത്തിക സ്രോതസ്സില്‍ വന്ന ഏറ്റക്കുറവുകളാല്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട പ്രൊഡ്യൂസറെ സിനിമ കാത്തിരിക്കുന്നത് പേടിയോടെയും ആശങ്കകളോടെയുമാണ്. അതിനിടയിലാണ് നിങ്ങളുടെ ഈ വിഷം കലക്കല്‍.

സിനിമ പിടിക്കാന്‍ സ്ത്രീകള്‍ വരുന്ന കാഴ്ച അപൂര്‍വമായി മാത്രമാണ് മലയാളസിനിമ കണ്ടിട്ടുള്ളത്. ബാംഗ്‌ളൂര്‍ ഡെയ്‌സിന്റെ കോ പ്രോഡ്യൂസറായി തുടങ്ങിയ സോഫിയ പോള്‍ വീക്കെന്‍ഡ് ബ്‌ളോക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ നാല് സിനിമകളാണ് നിര്‍മ്മിച്ചത്. ആദ്യ പടത്തിന്റെ വിജയത്തിനു പിന്നാലെ സോഫിയ നിര്‍മ്മിച്ചത് കൊമേഴ്ഷ്യല്‍ ചേരുവകള്‍ തീരേയില്ലാത്ത ‘കാടു പൂക്കുന്ന നേര’മായിരുന്നു. ഒരു കച്ചവടകല എന്നതിനപ്പുറത്തായിരുന്നു അവര്‍ക്ക് സിനിമ.

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബിജു മേനോന്റെ പടയോട്ടം, അങ്ങനെ സോഫിയ പോള്‍ നിര്‍മ്മിച്ച പടങ്ങളുടെ ടോട്ടല്‍ ഗ്രാഫ് നോക്കിയാലറിയാം സിനിമ അവര്‍ക്കൊരു സേഫ് സോണ്‍ വിനോദമായിരുന്നില്ല. എന്നിട്ടും ബേസില്‍ ജോസഫിന്റെ ടൊവിനോ തോമസ് പടം, ‘മിന്നല്‍ മുരളി’യുമായി അവര്‍ വരുന്നത് സിനിമ അവര്‍ക്കത്രമേല്‍ പ്രിയപ്പെട്ടതായതുകൊണ്ടാണ്. സമ്മതിക്കരുത് കേട്ടോ, ആത്മാഭിമാനമുള്ള പെണ്ണുങ്ങളെ ജീവിക്കാനനുവദിക്കാത്ത ശീലം ഇങ്ങനെ കൂടെ കൊണ്ടു നടക്കണം കേട്ടോ.

പ്രിയപ്പെട്ട സോഫിയ പോള്‍,

അവര്‍ പൊളിച്ചത് നിങ്ങളുടെ സിനിമാ സെറ്റല്ല. നിങ്ങള്‍ കാലടിയിലെ അമ്പലത്തിന് മുമ്പില്‍ പണിത പള്ളിയാണ്. അതിന് നിങ്ങള്‍ ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയെന്നതോ, അമ്പലക്കമ്മറ്റി ആവശ്യപ്പെട്ട പണം നല്‍കി എന്നതോ അവരുടെ വിഷയമല്ല. പൊളിക്കലാണ് അവരുടെ ശരി. അവരുടെ പൂര്‍വികര്‍ അത് ചെയ്തിട്ടുണ്ട്.

പള്ളി പൊളിച്ചവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. പള്ളി പൊളിച്ചതിന് ശേഷമാണ് അവരൊന്ന് പച്ച പിടിച്ചത് പോലും. ഇവിടെയും അവര്‍ പൊളിച്ചത് പള്ളിയാണ്, സിനിമാ സെറ്റല്ല. അവര്‍ സിനിമാ സെറ്റ് പൊളിക്കുന്നവരല്ല, പള്ളി പൊളിക്കുന്നവരാണ്.

ഏറിയാല്‍ അവര്‍ക്കെന്ത് സംഭവിക്കും ? അറസ്റ്റ് ചെയ്യപ്പെടും. 2 പേര്‍ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ? ഇനിയൊന്നും സംഭവിക്കില്ല. കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് വരും.

പണ്ട് പള്ളി പൊളിച്ചപ്പോഴും ഇതേ വകുപ്പുകളായിരുന്നു. ഗൂഢാലോചന കേസ് ചുമത്തപ്പെട്ട എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെയാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഏറിയാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്കറിയാം.

സോഫിയ പോള്‍, ഇതവരുടെ രാജ്യമാണ്. കേസുമായി ചെന്നാല്‍ നിങ്ങള്‍ക്കത് ശരിക്കും മനസിലാവും. കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഞാനാദ്യമേ അക്കമിട്ട് പറഞ്ഞു തരട്ടെ,
1.ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല,
2.കാലടി മണപ്പുറത്തെ ഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല,
3.കാലടിയിലെ മഹാദേവന് നിയമവ്യക്തിത്വം ഉണ്ട്,
4.കാലടി മണപ്പുറത്ത് ഹിന്ദുക്കള്‍ പൂജ നടത്തിയതിനു തെളിവുണ്ട്,
5.പള്ളി പണിയാന്‍ ഒരു മൂന്ന് സെന്റ് സ്ഥലം ബജ്‌റംഗ്ദള്ളിന് എതിര്‍പ്പില്ലാത്ത സ്ഥലത്ത് തരും.

സോഫിയ പോള്‍, ഈ 5 കാര്യങ്ങളാണ്

നിങ്ങളെ കാത്തിരിക്കുന്നത്. ഇതാണ് വിധി. ഈ വിധിക്ക് കീഴ്‌പ്പെട്ടാണ് ഇപ്പോള്‍ നമ്മുടെ ജീവിതം. ഞാനാലോചിക്കുന്നത് അതാണ്, എന്ത്
ജീവിതമാണിത്. ക്രിമിനലുകള്‍ ഭരിക്കുന്ന രാജ്യത്ത്, അവര്‍ക്ക് കീഴ്‌പ്പെട്ട്, അവരാല്‍ നിരന്തരം അപമാനിക്കപ്പെട്ട്, അവരെ ഒന്നും ചെയ്യാനാവാതെ, എന്ത് ജീവിതമാണിത്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more