സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണ്‍, നിങ്ങള്‍ക്കിതിന് ദിവസക്കൂലിയാണോ?
FB Notification
സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണ്‍, നിങ്ങള്‍ക്കിതിന് ദിവസക്കൂലിയാണോ?
ലിജീഷ് കുമാര്‍
Thursday, 19th March 2020, 10:06 am
ഒരു ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞു കൂട എങ്കില്‍ സമീപിക്കാന്‍ ഓപ്ഷണല്‍ ചോദ്യങ്ങള്‍ ഈ ക്വസ്റ്റ്യന്‍ പേപ്പറിലേറെയുണ്ട്. പക്ഷേ 31-ാം നമ്പര്‍ ചോദ്യത്തിലെ, സി സെക്ഷനായി കൊടുത്ത ഈ ക്വസ്റ്റ്യന്‍ ഓപ്ഷണലല്ല. 5 മാര്‍ക്ക് ബോര്‍ഡ് എക്‌സാമിന് വളരെ പ്രധാനപ്പെട്ടതാണ്. സിലബസിലില്ലാത്ത ഈ ചോദ്യത്തിന് ഉത്തരം എഴുതേണ്ടത് അപ്പോള്‍ അനിവാര്യതയാണ്.

പ്രിയപ്പെട്ട അനിത കര്‍വാള്‍,

മാനവ വിഭവശേഷി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയില്‍ നിന്ന് സി.ബി.എസ്.ഇയുടെ നേതൃത്വത്തിലെത്തിയ ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫീസര്‍ – ഇതാണ് എനിക്കറിയാവുന്ന നിങ്ങളുടെ വിലാസം. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന അനിത കര്‍വാള്‍ എന്നു കൂടെ ചേര്‍ത്താണ് സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണ്‍ കസേരയിലേക്കുള്ള നിങ്ങളുടെ വരവിന്റെ റൂട്ട് മാപ്പ് ഞാനിപ്പോള്‍ തയ്യാറാക്കുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ട അക്കാദമികളിലെല്ലാം തന്നിഷ്ടക്കാരെ തിരുകിക്കയറ്റിയ ബി.ജെ.പി. ഗവണ്‍മെന്റ് സി.ബി.എസ്.ഇയില്‍ മാത്രം അത്ഭുതം കാണിക്കില്ല എന്ന് ചിന്തിക്കാനുള്ള കോമണ്‍സെന്‍സ് എനിക്കുള്ളത് കൊണ്ട് ആ മാപ്പിംഗാണ് ഉചിതം. സുപ്രീംകോടതി ചീഫ് ജസ്റ്റിന് വരെ രാജ്യസഭയിലേക്ക് വഴി വെട്ടിയ പാര്‍ട്ടിയാണ് ബി.ജെ.പി.

രഞ്ജന്‍ ഗോഗോയ് പോയ വഴി തനി വഴിയല്ല, ഇഷ്ടക്കാരുടെയെല്ലാം മുമ്പില്‍ അത്തരം വിശാലമായ അനേകം വഴികള്‍ തുറന്ന് കിടപ്പുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളാരുടെ ബിനാമിയാണ് എന്ന ചോദ്യം ഞാനുന്നയിക്കുന്നില്ല. നിങ്ങള്‍ മറ്റാരുടേതാവാനാണ്.

മാഡം, രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിചക്ഷണരിരുന്ന കസേരയിലാണ് നിങ്ങളിപ്പോള്‍ ഇരിക്കുന്നത്. പണ്ടു പണ്ടുള്ള കഥയല്ല പറയുന്നത്, സമീപകാല ചരിത്രമാണ്. നമുക്ക് കഴിഞ്ഞ 20 വര്‍ഷങ്ങളെടുക്കാം. 2000 മുതല്‍ 2008 വരെ സി.ബി.എസ്.ഇയുടെ നേതൃത്വത്തിലിരുന്നത് അശോക് ഗാംഗുലിയാണ്. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍ നവീകരിക്കുന്നതിനുമായി നിരവധി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച ചെയര്‍മാനായിരുന്നു ഗാംഗുലി.

പുതിയ വിഷയങ്ങള്‍, കോഴ്സുകള്‍, അദ്ധ്യാപക പരിശീലനപരിപാടികള്‍, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുമായി കൈകോര്‍ത്ത് നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയ നീക്കങ്ങളിലൂടെ ഗാംഗുലി സി.ബി.എസ്.ഇയെ നവീകരിച്ചു. പതിനൊന്ന് – പന്ത്രണ്ട് ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ ഹയര്‍ ഓര്‍ഡര്‍ തിങ്കിംഗ് സ്‌കില്‍സ് (HOTS) അവതരിപ്പിച്ചതും അശോക് ഗാംഗുലിയാണ്.

ഗാംഗുലിയുടെ പിന്‍ഗാമിയായി വന്ന വിനീത് ജോഷി 2014 നവംബര്‍ വരെ സി.ബി.എസ്.ഇയുടെ ചെയര്‍മാന്‍ കസേരയിലിരുന്നു. ബോര്‍ഡ് പരീക്ഷകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം അവസാനിപ്പിച്ച് പുതിയ മൂല്യനിര്‍ണയ സംവിധാനം കൊണ്ടുവന്നത് അദ്ദേഹമാണ്. സ്‌കൂള്‍ അധിഷ്ഠിത മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് ബോര്‍ഡ് പരീക്ഷയ്ക്ക് പ്രാധാന്യമുള്ള സി.ബി.എസ്.ഇയെ ഉണ്ടാക്കിയെടുത്തതും ജോഷിയാണ്.

അങ്ങനെ 2000 മുതല്‍ 2014 വരെയുള്ള 14 വര്‍ഷങ്ങളില്‍ രണ്ട് പേരാണ് സി.ബി.എസ്.ഇ ചെയര്‍മാന്റെ കസേരയില്‍ ഇരുന്നത്, അശോക് ഗാംഗുലി എട്ടു വര്‍ഷവും വിനീത് ജോഷി ആറുവര്‍ഷവും. 2014 ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തി. പിന്നെ കണ്ട കാഴ്ച ചെയര്‍മാന്‍ പദവി അടിക്കടി മാറുന്നതാണ്.

വിനീത് ജോഷിയുടെ കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം സി.ബി.എസ്.ഇ ചെയര്‍മാനില്ലാതെ കിടന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്നും പറയാം. സി.ബി.എസ്.ഇ ചെയര്‍മാനെ നിയമിക്കേണ്ടത് മാനവശേഷി വകുപ്പാണ്, സ്മൃതി ഇറാനിയായിരുന്നു അന്ന് വകുപ്പ് മന്ത്രി.

2014 നവംബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന കസേരയിലേക്ക് ഒരാള്‍ പ്രൊപ്പോസ് ചെയ്യപ്പെടുന്നത് 2016 ജൂണ്‍ മാസമാണ്. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ, ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ഡോ.സര്‍വേന്ദ്ര വിക്രം ബഹാദൂര്‍ സിംഗായിരുന്നു അത്. സ്മൃതി ഇറാനിയുടെ ശുപാര്‍ശ പക്ഷേ നരേന്ദ്രമോഡി തള്ളി. ബഹാദൂര്‍ സിംഗ് സി.ബി.എസ്.ഇ തലവനായില്ല എന്ന് മാത്രമല്ല, സ്മൃതി ഇറാനിയെ ടെക്‌സ്‌റ്റൈല്‍ വകുപ്പിലേക്ക് മാറ്റി.

മാനവശേഷി വകുപ്പിലേക്ക് പുതിയ മന്ത്രി വന്നു, പ്രകാശ് ജാവഡേക്കര്‍. മോഡിയുടെ ഇഷ്ടക്കാരനായ രാജേഷ് കുമാര്‍ ചതുര്‍വേദിയെ സി.ബി.എസ്.ഇ ചെയര്‍മാനായി ജാവഡേക്കര്‍ നിയമിച്ചു. സി.ബി.എസ്.ഇ താളം തെറ്റിത്തുടങ്ങി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം അലങ്കോലമായി. രണ്ടുലക്ഷം കുട്ടികള്‍ പുനഃപരിശോധനയ്ക്ക് അപേക്ഷ നല്‍കി. പന്ത്രണ്ടാം ക്ലാസ് കുട്ടികളെ മോഡറേഷന്‍ നല്‍കി ജയിപ്പിക്കാനുള്ള ചെയര്‍മാന്റെ തീരുമാനവും വിവാദമായി.

വര്‍ഷത്തില്‍ രണ്ടുതവണ നടത്തിവന്ന നെറ്റ് എക്‌സാം ഒറ്റത്തവണയാക്കി മാറ്റിയതിന് ചതുര്‍വേദി കടുത്ത വിമര്‍ശനങ്ങള്‍ കേട്ടു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കുട്ടികളെ വെള്ളം കുടിപ്പിച്ചു എന്ന പരാതിയുയര്‍ത്തി തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ചെയര്‍മാനെതിരെ തിരിഞ്ഞു. അങ്ങനെ നിയമിച്ച് ഒറ്റ വര്‍ഷത്തിനുള്ളില്‍ ഗത്യന്തരമില്ലാതെ ചതുര്‍വേദിയെ മാറ്റി.

2016 ജൂലൈയില്‍ ചതുര്‍വേദി ഒഴിച്ചിട്ട കസേര ഒരു വര്‍ഷത്തോളം പിന്നെയും ഒഴിഞ്ഞു കിടന്നു. ബി.ജെ.പിയുടെ ഭരണകൂടം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സംരഭത്തെ കൈകാര്യം ചെയ്ത രീതി നോക്കൂ, എന്ത് കഷ്ടമാണ്.

2017 ഓഗസ്റ്റിലാണ് നിങ്ങള്‍ സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണായി നിയമിക്കപ്പെടുന്നത്. നിങ്ങളാ കസേരയിലിരുന്ന് മാസങ്ങള്‍ കഴിഞ്ഞപ്പഴേക്കും 10, 12 ക്ലാസുകളിലെ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു. പരീക്ഷകള്‍ അവതാളത്തിലായി. രാജ്യമൊട്ടുക്കും പ്രതിഷേധമിരമ്പി.

പല കോണില്‍ നിന്നും നിങ്ങളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നു, നിങ്ങളെ പുറത്താക്കാനുള്ള മുറവിളിയുയര്‍ന്നു, മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറുടെ രാജി ആവശ്യമുയര്‍ന്നു. നിങ്ങള്‍ പക്ഷേ ആ കസേരയില്‍ സുരക്ഷിതയായിരുന്നു നിങ്ങളാരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ആ സുരക്ഷിതത്വത്തിലുണ്ട് മാഡം.

ഒരു വര്‍ഷം കഴിഞ്ഞു, വീണ്ടും പരീക്ഷക്കാലം വന്നു. നിങ്ങളുടെ പെര്‍ഫോമന്‍സ് എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് നോക്കിയിരിക്കുകയായിരുന്നു. ഇന്നലെ നടന്ന പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് എക്‌സാമിന്റെ ക്വസ്റ്റ്യന്‍ പേപ്പര്‍ കണ്ടപ്പോള്‍ അത് മനസിലായി, ഉജ്വലമായിട്ടുണ്ട് മാഡം. സി.ബി.എസ്.ഇയുടെ ചരിത്രത്തില്‍ തങ്കലിപികളിലെഴുതി വെക്കേണ്ട ചോദ്യം ആ ക്വസ്റ്റ്യന്‍ പേപ്പറിലുണ്ട്; ബി.ജെ.പിയുടെ അഞ്ച് സവിശേഷതകള്‍ വിവരിക്കുക – 5 മാര്‍ക്ക്

ഒരു ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞു കൂട എങ്കില്‍ സമീപിക്കാന്‍ ഓപ്ഷണല്‍ ചോദ്യങ്ങള്‍ ഈ ക്വസ്റ്റ്യന്‍ പേപ്പറിലേറെയുണ്ട്. പക്ഷേ 31-ാം നമ്പര്‍ ചോദ്യത്തിലെ, സി സെക്ഷനായി കൊടുത്ത ഈ ക്വസ്റ്റ്യന്‍ ഓപ്ഷണലല്ല. 5 മാര്‍ക്ക് ബോര്‍ഡ് എക്‌സാമിന് വളരെ പ്രധാനപ്പെട്ടതാണ്. സിലബസിലില്ലാത്ത ഈ ചോദ്യത്തിന് ഉത്തരം എഴുതേണ്ടത് അപ്പോള്‍ അനിവാര്യതയാണ്.

കുട്ടി ബി.ജെ.പിയുടെ സവിശേഷതകള്‍ ആലോചിക്കും. എന്തൊക്കെയാണ് കുട്ടി എഴുതുക ? എന്തൊക്കെ എഴുതിയാലാണ് സി.ബി.എസ്.ഇ മാര്‍ക്ക് കൊടുക്കുക ? എന്തൊക്കെ കീ പോയിന്റുകളാവും അധ്യാപകര്‍ക്ക് മൂല്യ നിര്‍ണയത്തിന് നല്‍കുക ?

16 വയസ്സുള്ള കുട്ടി, ബി.ജെ.പിക്ക് കുട്ടിയല്ല. അടുത്ത വോട്ടറാണ്. അത്തരം 18.89 ലക്ഷം കുട്ടികളാണ് ഇന്നലെ പരീക്ഷ എഴുതിയത്. അനിത കര്‍വാള്‍, പലവിധം പൊളിറ്റിക്കല്‍ ക്യാമ്പയിനുകള്‍ കണ്ട രാജ്യമാണിത്. നിങ്ങള്‍ പക്ഷേ അതിനെയെല്ലാം കടത്തിവെട്ടിക്കളഞ്ഞു. സി.ബി.എസ്.ഇ ചെയര്‍പേഴ്‌സന്റെ കസേരയിലിരുന്ന് നടത്തുന്ന ഈ പണിക്ക് നിങ്ങള്‍ക്ക് കിട്ടുന്ന പാരിതോഷികമെന്താണ് ? മാഡം, നിങ്ങള്‍ക്കിതിന് ദിവസക്കൂലിയാണോ ?