“എനിക്ക് നമ്മടെ ഹെഡ്ഡിന്റെ നെറച്ചും രോമമുള്ള കയ്യിലൊന്ന് ഉമ്മ വെക്കണം.” ദീപ പറഞ്ഞു.
“എനിക്ക് ഇംഗ്ലീഷിലെ ജോണിനോട് ഇഷ്ടമാണെന്ന് പറയണം.” ജ്യോതി പറഞ്ഞു.
“എനിക്ക് അഷറഫിന്റെ കൂടെയിരുന്ന് സിനിമ കാണണം.” ഷമീന പറഞ്ഞു.
മൂന്നു പേരും അവരുടെ ആഗ്രഹം പറഞ്ഞ് കഴിഞ്ഞിട്ടും റസിയ മാത്രം ഒന്നും മിണ്ടിയില്ല.
“നീ എന്നാ ഒന്നും പറയാത്തെ?” ജ്യോതി ചോദിച്ചു.
ഒന്നുമില്ലെന്ന് റസിയ തലയാട്ടി.
“ഒരു തരം അലമ്പ് പണി കാണിക്കരുത്. ഇനി ഒരു മാസം കൂടിയേ ക്ലാസ്സുള്ളൂ. അതിനു മുന്‍പ് നമുക്കാഗ്രഹമുള്ളത് എന്നാന്ന് വെച്ചാ ചെയ്യണം.” ദീപക്ക് ദേഷ്യം വന്നു.
ഇതു കേട്ടിട്ടും റസിയ ഒന്നും മിണ്ടാതെ ക്ലാസ്സിനു പുറത്തേക്ക് നോക്കിയിരുന്നു.
“എന്റെ റസിയാ നീ വാ തൊറന്ന് എന്നാങ്കിലും ഒന്ന് പറയ്.” ഷമീന റസിയയുടെ മുഖം തിരിച്ചിട്ട് പറഞ്ഞു. “കെട്ടിച്ചു വിട്ട് കഴിഞ്ഞാല്‍ പിന്നെ ഇതൊന്നും നടക്കണമെന്നില്ല, അതാ പറഞ്ഞേ, എന്നാങ്കിലും ഒണ്ടെങ്കില്‍ ഒന്ന് പറ.”
റസിയ തലയില്‍ നിന്നും വഴുതിപ്പോയ തട്ടം തിരിച്ചിട്ടിട്ട് ചെറിയൊരു ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. കൂട്ടുകാരികള്‍ ആകാംക്ഷയോടെ ഇരുന്നു.
“എനിക്കൊരു ആഗ്രഹമുണ്ട് പക്ഷേ, നടക്കുവോ?”
“എന്റെ കൊച്ചേ, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ, രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?” ഷമീന ചോദിച്ചു : “നീ എന്നാ വേണന്ന് പറ ഞങ്ങളില്ലേ, ധൈര്യായിട്ട് പറഞ്ഞോ.”
റസിയ കുറച്ച് നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു : “എനിക്കൊന്ന് വാങ്ക് വിളിക്കണം.”
Read Also : കഥാകൃത്ത് നാടകത്തിന്റെ അച്ഛനാകുമ്പോള്‍
ഉണ്ണി.ആറിന്റെ കഥ – വാങ്ക്, ഇങ്ങനെയാണാരംഭിക്കുന്നത്. വാങ്ക് വായിക്കുമ്പോള്‍ ഒരു സിനിമ കാണാം. കാടും കള്ളുഷാപ്പും ധൈര്യമുള്ള പെണ്ണുങ്ങളുമുള്ള പടം. വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയായി വാങ്ക് അനൗണ്‍സ് ചെയ്യപ്പെട്ടപ്പോള്‍ സന്തോഷം തോന്നി. ഷബ്ന മുഹമ്മദാണ് തിരക്കഥ. പെണ്ണുങ്ങള്‍, പെണ്ണുങ്ങള്‍ അവരുടെ ലോകത്തെ സുന്ദരമായി അവര്‍ക്കാവിഷ്‌കരിക്കാന്‍ കഴിയും.
വാങ്ക് 2019 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ഉണ്ണി.ആര്‍ അറിയാതെ റഫീഖ് മംഗലശ്ശേരി വാങ്കിനെ കിത്താബ് എന്ന നാടകമാക്കുന്നത്. കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകം “കിത്താബ്” വാങ്കാണ്. രണ്ട് പ്രശ്‌നങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ഒന്ന് വാങ്ക് പടമാക്കാന്‍ കൊടുത്ത് കരാറൊപ്പിട്ട ഉണ്ണി.ആര്‍, തന്റെ കഥ സിനിമയാക്കാനും നാടകമാക്കാനും കൊടുത്ത് പണം പറ്റിയയാളായി മാറിയിരിക്കുന്നു എന്നതാണ്. ഇത് കേവലം ഒരഭിമാന പ്രശ്‌നമല്ല, നിര്‍മ്മാതാവിനെ ചതിച്ച കഥയെഴുത്തുകാരന്‍ ഇനി ചെന്ന് നില്‍ക്കേണ്ടത് കോടതിയിലാണ്.
ആ പേപ്പര്‍ അയാള്‍ ഒപ്പിട്ട് കൈപ്പറ്റിയിരിക്കുന്നു. രണ്ടാമത്തെ പ്രശ്‌നം നാടകം അവശേഷിപ്പിച്ചത് ഇനി സിനിമയെത്തേടി വരും എന്നതാണ്. ഇസ്‌ലാമിന്റെ വിശ്വാസത്തെ അവഹേളിക്കുന്നുവെന്ന് പഴിച്ച് മതമൗലിക വാദികള്‍ ഉയര്‍ത്തിയിരിക്കുന്ന പുകിലിന്റെ ചൂട് ഇനി പൊള്ളിക്കാന്‍ പോകുന്നത് കാവ്യ പ്രകാശിന്റെയും ഷബ്ന മുഹമ്മദിന്റെയും സിനിമയെയാണ്. എന്നിട്ടും ഉണ്ണി.ആര്‍ ഉയര്‍ത്തുന്ന പരാതി വ്യക്തിപരമല്ല.
“സ്റ്റേജിലെ പെണ്‍കുട്ടിയുടെ വാങ്ക് വിളി കേട്ട് പൊള്ളി വാളെടുത്ത് വന്ന് ആ കുട്ടികളെ പേടിപ്പിക്കാന്‍ നോക്കുന്ന തീവ്രഇസ്‌ലാമിസ്റ്റുകള്‍ ഫാസിസ്റ്റുകളാണ്. ഇതവരുടെ പക്ഷം ചേര്‍ന്നുയര്‍ത്തുന്ന പ്രതിഷേധമല്ല, ഞാനവര്‍ക്കെതിരാണ്. പക്ഷേ ആ നാടകവുമായി സന്ധി ചെയ്യാന്‍ എനിക്കാവില്ല.”
Read Also : നാടകമല്ല ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത്, നിങ്ങളുടെ വ്യാഖ്യാനങ്ങളാണ് !
ഉണ്ണി.ആറിനെ നാം കേള്‍ക്കേണ്ടതുണ്ട്. അങ്ങേയറ്റം സെക്കുലറായ ഒരാളുടെ രാഷ്ട്രീയ ജാഗ്രതയാണിത്. “ഞാന്‍ എഴുതിയ കഥ ഉപയോഗിച്ച് നാടകം ചെയ്യുമ്പോള്‍ എന്റെ കഥയുടെ രാഷ്ട്രീയത്തെ മുക്കിക്കളഞ്ഞാണോ അത് ചെയ്യേണ്ടത്. എന്റെ അനുമതി ചോദിക്കുക എന്ന ജനാധിപത്യ മര്യാദ അവിടിരിക്കട്ടെ, ഞാനതിലേക്ക് വരാം. ആ നാടകത്തിലെ കാറ്റും വെളിച്ചവും കടക്കാത്ത മുസ്‌ലിം എന്റെ മുസ്‌ലീമല്ല. എനിക്കിസ്‌ലാം ഒരു പ്രാകൃത മതമമല്ല.”
കോട്ടയത്ത് രണ്ട് പെണ്‍കുട്ടികള്‍ പടച്ചവനെ കാണുന്നതിന്റെയും അതിലൊരു പെണ്‍കുട്ടിയ്ക്ക് വാങ്ക് വിളിക്കാന്‍ ആഗ്രഹം തോന്നുന്നതിന്റെയും കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ “കോട്ടയത്ത് പടച്ചോന്‍” എന്ന പേരില്‍ ഉണ്ണി.ആര്‍ എഴുതിയിട്ടുണ്ട്. ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ കാലവസ്ഥയില്‍ സംഘപരിവാരത്തിന് തന്റെ കഥ ആയുധമാവരുത് എന്നത് കൊണ്ട് ഏറെ ശ്രദ്ധിച്ചാണ് ഉണ്ണി.ആര്‍ അതിനെ “വാങ്ക്” ആയി പുതുക്കുന്നത്.
സിയാവുദ്ദീന്‍ സര്‍ദ്ദാറിനെയും ഫാത്തിമ മെര്‍ണിസിയെയും പോലുള്ളവര്‍ ഇസ്‌ലാമിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തെ “വാങ്ക്” അഡ്രസ് ചെയ്യുന്നുണ്ട്. എന്നിട്ടും, വാങ്ക് വിളി ലോകം കേള്‍ക്കാന്‍ ഇരുവശങ്ങളിലേക്കും തുറന്ന് വെക്കുന്ന കോളാമ്പി സ്പീക്കര്‍ പോലെ റിബണ്‍ കെട്ടിയ പെണ്‍തലമുടി പള്ളിമിനാരം പോലെ പൊക്കിക്കെട്ടിവെച്ച കവര്‍ പടത്തോടെ ഡി.സി.ബുക്‌സില്‍ നിന്ന് “വാങ്ക്” പുറത്ത് വന്ന് മാസങ്ങള്‍ക്കിപ്പുറവും ആ പുസ്തകം വിവാദമാകാതെ പോയത് കോട്ടയത്തെ പടച്ചോനെ വാങ്കാക്കുമ്പോള്‍ ഉണ്ണി.ആര്‍ കാണിച്ച രാഷ്ട്രീയ ജാഗ്രത കൊണ്ടാണ്. വാങ്കിന്റെ ഇംഗ്ലീഷ് പരിഭാഷ ഓപ്പണ്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ട് പോലും അത് കത്തിപ്പുകഞ്ഞില്ല. വാങ്ക് കിത്താബാകുമ്പോള്‍ ആ ജാഗ്രത നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ പുകയാണിത്.
നമുക്ക് സിനിമയിലേക്ക് തിരികെ വരാം. ബംഗളൂരുവിലെ വമ്പന്‍ കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വാങ്ക് എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് ഇത് എന്ന് നാടകത്തിന്റെ തുടക്കത്തില്‍ തന്നെ ഉച്ചത്തില്‍ പ്രഖ്യാപിച്ച് തനിക്ക് പരസ്യമായി ക്രെഡിറ്റ് നല്‍കാന്‍ നാടക സംവിധായകന്‍ ധൈര്യം കാണിച്ച നാടകം തന്റെ അനുവാദത്തോടെയല്ല സ്റ്റേജില്‍ക്കയറിയതെന്ന് പ്രൊഡക്ഷന്‍ കമ്പനിക്കാരെ ഉണ്ണി.ആര്‍ എങ്ങനെ ബോധ്യപ്പെടുത്താനാണ്.
പത്തിരുപത്തഞ്ച് വര്‍ഷത്തിലധികമായി നാടക രംഗത്തുള്ള റഫീഖ് മംഗലശ്ശേരിക്ക് സിനിമാ എഗ്രിമെന്റിനെക്കുറിച്ച് ധാരണക്കുറവുണ്ടെന്ന് കരുതാന്‍ വയ്യ. നാടകമുള്‍പ്പെടെ കലാ രൂപങ്ങള്‍ക്കൊന്നും കൃതി നല്‍കില്ലെന്ന കരാറില്‍ ഒപ്പിട്ട ഒരാള്‍, തനിക്ക് പങ്കില്ലാത്ത ഒരു വിഷയത്തിന് കരാര്‍ ലംഘിച്ചയാളായി കോടതി കയറാന്‍ പോവുകയാണ്.
ബിഗ് ബിയും ചാര്‍ലിയും പോലുള്ള വമ്പന്‍ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി.ആറിനെ സംബന്ധിച്ചിടത്തോളം വലുതെങ്കിലും നിയമക്കുരുക്കുകളില്‍ ഇത് തീരും. പക്ഷേ സിനിമയിലേക്ക് കാല്‍ വെക്കുന്ന ഒരു എഴുത്തുകാരനായിരുന്നു ഇതില്‍ പെട്ടതെങ്കില്‍ അയാളുടെ സിനിമാസ്വപ്നങ്ങള്‍ എക്കാലത്തേക്കുമായി അവസാനിക്കാന്‍ ഇക്കുരുക്ക് മതി എന്ന് തിരിച്ചറിയുന്നിടത്താണ് റഫീഖ് മംഗലശ്ശേരി ഉണ്ണി.ആറിനോട് ചെയ്ത പാതകത്തിന്റെ ആഴം ബോധ്യപ്പെടുക.
പറഞ്ഞവസാനിപ്പിക്കുമ്പഴും ഉണ്ണി.ആര്‍ പറയുന്നു, “എന്ത് കുട്ടികളാണ് ! അവരഭിനേതാക്കളായി വളരും. എനിക്കവരോട് ബഹുമാനം തോന്നുന്നുണ്ട്. നീയവരോട് പറയൂ, ആ കുഞ്ഞുങ്ങളെ കോടതി കയറ്റിയിറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പെട്ടിട്ടും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാത്തത് അവരെ ഓര്‍ത്താണ്. പക്ഷേ, കേരളത്തില്‍ ഒരിടത്തും ഇനി നാടകമായി ഉണ്ണി.ആറിന്റെ വാങ്ക് വരില്ല. അത് സിനിമാക്കരാറിന്റെ പ്രശ്‌നം കൊണ്ട് മാത്രമല്ല, ആ നാടകകൃത്ത് എന്നെ ചതിച്ചത് കൊണ്ടുമല്ല. തീരെ കാറ്റും വെളിച്ചവും കടന്ന് ചെന്നിട്ടില്ലാത്ത അയാളുടെ മുസ്‌ലിം ലോകത്തിലല്ല എന്റെ മുസ്‌ലിം എന്നത് കൊണ്ടാണത്.”
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ നാടക വേദിയില്‍ മേമുണ്ട സ്‌കൂളിലെ പ്രതിഭാധനരായ കുട്ടികള്‍ നിറഞ്ഞാടേണ്ടതുണ്ട്, നിസ്തര്‍ക്കമാണത്. ഇനി അതിനുള്ള വഴി കണ്ടെത്തേണ്ടത് റഫീഖ് മംഗലശ്ശേരി എന്ന നാടക സംവിധായകന്റെ ബാധ്യതയാണ്. ഒരു കാര്യം ആവര്‍ത്തിച്ച് പറഞ്ഞവസാനിപ്പിക്കാം, റഫീഖ് മംഗലശ്ശേരി ഉണ്ണി.ആറിനോട് ചെയ്തത് തെറ്റാണ്. ഒരു കൃതിയുടെ ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊള്ളലും ആ കൃതിയെ അവലംബിച്ച് ആവിഷ്‌ക്കരിക്കലും രണ്ടാണ്. തന്റേതല്ലാത്ത ഒന്ന് തന്റേതാണ് എന്ന് കരുതുന്നത് തെറ്റാണ്. തന്റേതല്ലാത്ത ഒന്നില്‍ തനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് കരുതുന്നതും തെറ്റാണ്. കോപ്പി ലെഫ്റ്റില്‍ പോലുമുണ്ട് ഒരു കോപ്പി റൈറ്റ്, നാമതിനെ മാനിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു.