| Saturday, 5th March 2022, 3:41 pm

ആദ്യമായല്ല വോണ്‍ മരിക്കുന്നത്, അയാള്‍ അവസാനമായി മരിക്കുകയാണ്

ലിജീഷ് കുമാര്‍

‘വോണ്‍ മരിച്ചു,’ എന്ന തലക്കെട്ട് ഞാനാദ്യമായി കാണുന്നത് ഇന്നോ ഇന്നലെയോ അല്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പലവട്ടം ഞങ്ങളില്‍പ്പലരും പൊട്ടിച്ചിരിച്ചുകൊണ്ട് അത് പറഞ്ഞിട്ടുണ്ട്.

സച്ചിനാനന്ദങ്ങളിലഭിരമിച്ച് കിട്ടാവുന്നിടങ്ങളിലെല്ലാം അതെഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

വോണിനെ എനിക്കിഷ്ടമായിരുന്നില്ല. അയാളുടെ മരണം കാണാന്‍ പാതിരാവോളം കാത്തിരുന്ന കുട്ടിക്കാലമാണെന്റേത്. ആദ്യമായല്ല വോണ്‍ മരിക്കുന്നത്. അയാള്‍ അവസാനമായി മരിക്കുകയാണ്. കുമ്മായമടിച്ച ചുണ്ടും കവിളുമായി എന്റെ കളിക്കളത്തില്‍ കാലകത്തി നിന്ന് ആകാശത്തേക്ക് കൈ ഉയര്‍ത്തിപ്പിടിച്ച് അലറിപ്പേടിപ്പിച്ച വില്ലന്‍, എനിക്കിഷ്ടമായിരുന്നില്ല വോണിനെ.

ഒരൊച്ചപ്പാടുമുണ്ടാക്കാതെ നാട്ടിലെ വിറകുപുരകളില്‍ പോലും എം.ആര്‍.എഫിനെ ബ്രാന്‍ഡ് ചെയ്യിച്ച ഡി.ഡി സ്‌പോര്‍ട്‌സ് ആയിരുന്നു വോണിന്റെയും തട്ടകം. അന്ന് ഇയെസ്‌പെന്നോ സ്റ്റാര്‍ സ്‌പോര്‍ട്‌സോ ഞങ്ങളുടെ നാട്ടിലെത്തിയിട്ടില്ല.

അന്തിമ ഇലവനില്‍ മുടന്തിപ്പോലും കയറിവരാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ക്ക് പരിക്കായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഡി.ഡി സ്‌പോര്‍ട്‌സിന്റെ കളിക്കാഴ്ചകളിലേക്ക് പരതിയെത്തിയിരുന്നത്.

അന്നൊക്കെയും ഒരു പരിക്കുമേല്‍ക്കാതെ അയാള്‍ വന്നു. പോകപ്പോകെ ഞാന്‍ പ്രാര്‍ത്ഥന നിര്‍ത്തി, അവിശ്വാസിയായി. പിന്നെ പറച്ചില്‍ മുഴുവന്‍ മനുഷ്യരോടായി.

നീലക്കുപ്പായമിട്ട് മൈതാനത്തില്‍ വന്നവരോടെല്ലാം അയാളെ തീര്‍ക്കാന്‍ വിളിച്ച് പറഞ്ഞു. കൊല്ലെടാ അവനെ എന്നലറി വോണിന്റെ മരണം കാത്തിരുന്ന, വോണ്‍ മരിക്കുമ്പോഴത്രയും കൈ മുട്ടിച്ചിരിച്ച ഒരാള്‍. ക്രൂരനായ ഒരു കളിക്കമ്പക്കാരന്റെ കുറ്റസമ്മതമാണിത്.

വോണിനെ എനിക്കിഷ്ടമായിരുന്നില്ല. പക്ഷേ അയാളുടെ അടവുകള്‍ക്ക് ഞങ്ങളുടെ നാട്ടിന്‍പുറങ്ങള്‍ പോലും കീഴ്‌പ്പെടുന്നതറിയാതെ, കീഴ്‌പ്പെട്ട് പോയിരുന്നു. പൊങ്ങി നിന്നിരുന്ന മഞ്ഞ നൂലിഴകളെ ഞെരിച്ച്, കൈ അമര്‍ത്തി ഉടച്ച ടെന്നീസ് ബോളുമായി ഓടി വന്നിരുന്ന കൂട്ടുകാര്‍ രണ്ടോ മൂന്നോ വിരല്‍ മുന്നോട്ടുന്തി ബോള്‍ കറക്കിത്തുടങ്ങിയത് അക്കാലത്താണ്.

സ്‌കൂള്‍ മുറ്റത്ത് കൂടെനടന്ന് പോകുമ്പോള്‍ പോലും ഞങ്ങളില്‍ പലരും ചുമ്മാ കൈ കറക്കി തുടങ്ങി. വിരലുകളേയും കൈക്കുഴകളേയും വശീകരിച്ച വില്ലന്‍! പയ്യെപ്പയ്യെ അയാള്‍ ഞങ്ങളുടെ ശത്രുവല്ലാതായി.

ഏകലവ്യന്മാര്‍ ദ്രോണരോട് സുല്ലിട്ട് കളി കണ്ടുതുടങ്ങി. പ്രായം കൂടുന്തോറും കളിക്കമ്പത്തിന്റെ സ്വഭാവം മാറി. എപ്പഴോ വോണിനേയും കാമിച്ച് തുടങ്ങി. അയാളെ, അയാളുടെ ചെമ്പന്‍ മുടിയെ, പൂച്ചക്കണ്ണുകളെ, അലസനോട്ടത്തെ ഒരിക്കല്‍ വെറുത്തിരുന്ന എല്ലാത്തിനും ഭംഗിയായി. ഒരു സ്പിന്‍ ബോളിന്റെ ചലനം പോലെയായിരുന്നു അയാളിലേക്കുള്ള യാത്ര. കുത്തിത്തിരിഞ്ഞ് പതിയെ ലക്ഷ്യസ്ഥാനത്ത് ചെന്ന് തൊടുന്ന പോലെ.

സിമോണ്‍ കാലന്‍, ലിസ് ഹര്‍ലി, അഡല്‍ ആഞ്ചലേരി, മിഷേല്‍ മോണ്‍, കിം മഗ്രാത്ത്, സിഡ വില്യംസ്, എമിലി സ്‌കോട്ട്, കാതറിന്‍ ഓരോ പ്രണയങ്ങളും വെളിപ്പെടുത്തുമ്പോള്‍ ‘ഇനിയില്ല, ഇവള്‍ എന്റെ അവസാനത്തെ കാമുകിയാണ്.’ എന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്ന പ്ലേ ബോയ്, ക്രിക്കറ്റിന് ശേഷം വോണ്‍ അതായിരുന്നു.

പലവട്ടം തെറ്റിച്ച വാക്ക് ഒടുവില്‍ പാലിച്ച് അയാള്‍ മടങ്ങുകയാണ്, ഇനി അയാള്‍ക്കൊരു കാമുകിയില്ല. കളിയായിരുന്നു ഷെയ്ന്‍ വോണിന് ജീവിതം. ഒരു പ്രായം വരെ അത് ക്രിക്കറ്റായിരുന്നു, പിന്നെ രതിയായിരുന്നു.

പുല്‍മൈതാനങ്ങളിലോ പഞ്ഞിക്കിടക്കകളിലോ ഇനി വോണുണ്ടാവുകയില്ല. അയാള്‍ കളി മതിയാക്കിയിരിക്കുന്നു. സങ്കടം.


Content Highlight: Lijeesh Kumar about Shane Warne

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more