ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ നടപ്പാതയില്‍ സ്ഥാപിച്ച 3800 വഴിവിളക്കുകള്‍ മോഷണം പോയതായി പരാതി. ഇവയ്ക്ക് പുറമെ 36 പ്രൊജക്ടറുകളും നഷ്ടപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
രാമക്ഷേത്രത്തിലെ പ്രധാന സുരക്ഷാ മേഖലയായ രാം പാതയിലും ഭക്തി പാതയിലും സ്ഥാപിച്ച വിളക്കുകളാണ് കാണാതായത്. ഭക്തി പാത രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയാണ്. സ്വകാര്യ ഏജന്‍സികളായ യഷ് എന്റര്‍പ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈല്‍സ് എന്നിവരാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് 6,400 ബാംബു ലൈറ്റുകളും 96 ഗാബോ പ്രൊജക്ടറുകളും രാമക്ഷേത്രത്തിലെ നടപ്പാതയില്‍ സ്ഥാപിച്ചത്.
ഓഗസ്റ്റ് 9 ന് പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ വിളക്കുകള്‍ക്കും പ്രൊജക്ടറിനും കൂടി 50 ലക്ഷം മൂല്യം വരുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാമജന്മഭൂമി പൊലീസ് സ്‌റ്റേഷന് കീഴിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ വിളക്കുകള്‍ കാണാതായെങ്കിലും ഓഗസ്റ്റിലാണ് കരാറുകാര്‍ പരാതി കൊടുത്തത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജനുവരി 22 നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്. തുടര്‍ന്ന ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനത്തില്‍ പെയ്ത മഴയില്‍ ക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷം പെയ്ത ആദ്യ മഴയില്‍ തന്നെ ക്ഷേത്രം ചോര്‍ന്നൊലിക്കുകയായിരുന്നു.
‘ഇത് വളരെ അത്ഭുതകരമായി തോന്നി. നൂറുകണക്കിന് പ്രതിഭാധനരായ എഞ്ചീനിയര്‍മാര്‍ നേതൃത്വം വഹിച്ച്, ജനുവരി 22 ന് പ്രാണ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ആദ്യ മഴയില്‍ തന്നെ ചോരുക എന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.
കൂടാതെ ഇവിടെ വെള്ളം കൃത്യമായി ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സൗകര്യവുമില്ല, ഇത് കാരണം വിഗ്രഹത്തിന് സമീപം വരെ വെള്ളമെത്താന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ പെയ്താല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥന നടത്താനും ബുദ്ധിമുട്ടാവും,’ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു.
1,800 കോടി മുടക്കി നിര്‍മ്മിച്ച അയോധ്യ രാമക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ്. ഒരേസമയം ഏകദേശം 7,000 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ കഴിയുന്ന ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.