കുതിരാന്‍ തുരങ്കത്തില്‍ അപകടം; 10 ലക്ഷം രൂപയുടെ നാശനഷ്ടം, അപകടമുണ്ടാക്കിയ ലോറിക്കായി തിരച്ചില്‍ നടത്തുന്നു
Kerala
കുതിരാന്‍ തുരങ്കത്തില്‍ അപകടം; 10 ലക്ഷം രൂപയുടെ നാശനഷ്ടം, അപകടമുണ്ടാക്കിയ ലോറിക്കായി തിരച്ചില്‍ നടത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 3:06 pm

കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറി ഇടിച്ച് വന്‍നാശനഷ്ടം. 104 ലൈറ്റുകളും ക്യാമറയും പൂര്‍ണമായും തകര്‍ന്നു. പുറകിലെ ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചതാണ് കാരണം. അപകടം ഉണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചു പോയി. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ഒന്നാം തുരങ്കത്തിലാണ് അപകടം നടന്നത്.

ആധുനിക സജ്ജീകരണങ്ങളോടെയായിരുന്നു കുതിരാന്‍ തുരങ്കം പണി പൂര്‍ത്തിയാക്കിയത്. രണ്ട് എമര്‍ജന്‍സി ഫോണുകള്‍ കൂടാതെ ഒരോ നൂറ് മീറ്ററിലും പത്ത് സി.സി.ടി.വി ക്യാമറകളായിരുന്നു തുരങ്കത്തിലുണ്ടായിരുന്നത്. 1200 എല്‍.ഇ.ഡി ലൈറ്റുകളും തുരങ്കത്തില്‍ സ്ഥാപിച്ചിരുന്നു. അറുപത് കിലോമീറ്ററാണ് കുതിരാന്‍ തുരങ്കത്തില്‍ അനുവദിച്ച പരമാവധി വേഗത.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അന്‍പത് ഫയര്‍ ഹൈഡ്രന്റുകളും രണ്ട് ഇലക്ട്രീക്ക് പമ്പുകളും, ഒരു ഡീസല്‍ പമ്പും കുതിരാനില്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ ഹോസും സ്ഥാപിച്ചിട്ടുണ്ട്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കുതിരാന്‍ തുരങ്കം ജനങ്ങള്‍ക്ക് നല്‍കിയത്. 964 മീറ്ററാണ് കുതിരാന്‍ തുരങ്കത്തിന്റെ ആകെ നീളം.

മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടാണ് കുതിരാനില്‍ തുരങ്കം നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: lights-in-the-first-tunnel-of-kuthiran-were-smashed