|

ആവശ്യമെങ്കില്‍ അര്‍ജന്റീനയെ കളത്തിന് പുറത്തും പരാജയപ്പെടുത്തും; തുറന്ന് പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പിന് മുന്നോടിയായ യോഗ്യതാമത്സരത്തില്‍ ഉറുഗ്വയെ പരാജയപ്പെടുത്തി അര്‍ജന്റീന മുന്നേറിയിരുന്നു. ഇനി അര്‍ജന്റീനുടെ മുന്നിലുള്ളത് ബ്രസീലിനെതിരെയുള്ള മത്സരമാണ്. മാര്‍ച്ച് 26 ബുധനാഴ്ചയാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന ഉറുഗ്വയ്‌ക്കെതിരായ മത്സരത്തിലും ഇപ്പോള്‍ ബ്രസീലിനെതിരെയും മത്സരിക്കാനിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ബ്രസീലിന്റെ സൂപ്പര്‍ താരം റഫീഞ്ഞ വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ്. റൊമാരിയോയുമായി എക്‌സില്‍ നടത്തിയ ഒരു സംഭാഷണത്തിലാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ തങ്ങള്‍ വിജയം സ്വന്തമാക്കുമെന്നാണ് റഫീഞ്ഞ പറഞ്ഞത്.

റഫീഞ്ഞയും റൊമാരിയോയും നടത്തിയ സംഭാഷണം

റൊമാരിയോ: ‘നമ്മള്‍ ഏറ്റവും വലിയ എതിരാളിയായ അര്‍ജന്റീനയ്ക്കെതിരെയാണ് കളിക്കാന്‍ പോകുന്നത്.
ദൈവത്തിന് നന്ദി, മെസി ഇല്ലാതെ നമ്മള്‍ അവരെ തോല്‍പ്പിക്കുമോ?’

റഫീഞ്ഞ: ‘നമ്മള്‍ അവരെ തോല്‍പ്പിക്കും, സംശയമില്ല. ആവശ്യമെങ്കില്‍ അവരെ കളിക്കളത്തിന് പുറത്തും പരാജയപ്പെടുത്തും.

റൊമാരിയോ: ‘നീ അര്‍ജന്റീനയ്ക്കെതിരെ ഗോള്‍ അടിക്കാന്‍ പോകുകയാണോ?’

റഫീഞ്ഞ: ‘അതെ, എല്ലാം കൊണ്ടും…’

റൊമാരിയോ: അവരെ (എഫ് വേര്‍ഡ്?

റഫീഞ്ഞ: അതെ (എഫ് വേര്‍ഡ്).

ഉറുഗ്വയെക്കെതിരായ വിജയത്തോടെ യോഗ്യതാ റൗണ്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 28 പോയിന്റാണ് അര്‍ജന്റീന നേടിയത്. ശേഷിക്കുന്ന അഞ്ച് മത്സരത്തില്‍ ഇനി ഒരു പോയിന്റ് നേടിയാല്‍ ടീം ക്വാളിഫൈ ചെയ്യും.

മൂന്നാം സ്ഥാനത്തുള്ള ബ്രസീല്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 21 പോയിന്റാണ് നേടിയത്. വരും മത്സരങ്ങളില്‍ വിജയം നേടി പോയിന്റ് ഉയര്‍ത്താനാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്.

Content Highlight: Raphinha Talking 2026 World Cup Qualifiers  Match Against Argentina