| Monday, 11th July 2022, 10:29 pm

അകടി പകടി; അടിച്ചുപൊളിച്ച് വിജയ് ദേവരകൊണ്ട, ലൈഗിറിലെ ആദ്യ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ദേവരകൊണ്ട നായകനാവുന്ന ലൈഗറിലെ ആദ്യ ഗാനം പുറത്ത്. അകടി പകടി എന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗാനത്തിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രം ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.

യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പൂരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തും. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


പൂരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ നായിക. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയാണ് വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ചിത്രം. സമന്തയാണ് ചിത്രത്തില്‍ നായിക.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മിക്കുന്നത്.പി ആര്‍ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlight : Liger movie new song released

We use cookies to give you the best possible experience. Learn more