തിരുവനന്തപുരം: വിദേശവനിതയായ ലിഗയുടെ മരണം രാഷ്ട്രീയ വിവാദമാക്കരുതെന്ന് സഹോദരി ഇലിസ്. സഹോദരിയുടെ മരണത്തെ രാഷ്ട്രീയമായി മുതലെടുക്കാനായി തന്നെ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലിഗയുടെ മരണം കൊലപാതകം തന്നെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തയാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ശ്വാസം മുട്ടിയാണ് ലിംഗ മരിച്ചതെന്ന് ലിഗയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധര്‍ നേരത്തേ പറഞ്ഞിരുന്നു. മരണവുമായി ബന്ധപ്പെട്ടുള്ള അന്തിമ വിവരം രാസപരിശോധന ഫലം കൂടി പുറത്തു വന്നതിനു ശേഷം മാത്രമേ പറയാനാകു എന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ALSO READ: നിയമം അറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുന്നത്’; മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്‍
സ്വഭാവിക മരണമായി ലിഗയുടെ മരണത്തെ കാണാന്‍ പറ്റില്ല. അത്തരത്തിലുള്ള പൊലീസിന്റെ വാദങ്ങളെ നിര്‍ജീവമാക്കുന്ന രീതിയിലാണ് ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ലിഗയുടെ ബന്ധുക്കളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി രംഗത്തെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം കൂടുതല്‍ വിപുലമാക്കുകയായിരുന്നു.
ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസന്വേഷണം പുരോഗമിക്കുന്നത്. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ പരിശോധന ഫലങ്ങളും പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ നിഗമനങ്ങളില്‍ എത്താന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നതാണ്. ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയിലും ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മാത്രമല്ല ലിഗയുടെ മൃതദേഹം എങ്ങനെ കണ്ടല്‍ക്കാടിനുള്ളില്‍ എത്തിയെന്ന കാര്യത്തിലും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.