| Monday, 23rd April 2018, 3:47 pm

ലിഗയുടെ മരണം അസ്വാഭാവികം തന്നെ; പൊലീസ് അലംഭാവം കാട്ടിയെന്നും കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ട ലിത്വാനിയന്‍ യുവതി ലിഗയുടെ മരണം അസ്വാഭാവികമെന്ന് ആവര്‍ത്തിച്ച് കുടുംബം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും ലിഗയുടെ സഹോദരി ഇലീസ് ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയിടത്തേക്ക് ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താനാവില്ല. ആരെങ്കിലും ലിഗയെ അവിടെ എത്തിച്ചതാവാമെന്നും ഇലീസ് പറഞ്ഞു.

ലിഗയെ അന്വേഷിക്കുന്നതില്‍ പൊലീസ് തുടക്കത്തില്‍ അലംഭാവം കാണിച്ചെന്നും രണ്ടാഴ്ചക്ക് ശേഷമാണ് പൊലീസ് കേസ് ഗൗരവമായെടുത്തതെന്നും സഹോദരി ആരോപിച്ചു. മരണത്തില്‍ ഉന്നതതല അന്വേഷണം ഉത്തരവിട്ട ഡി.ജി.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നാല്‍ ലിഗയെ കാണാതായ സമയത്ത് പൊലീസ് കാണിച്ച ഉത്തരവാദിത്വമില്ലായ്മ മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. മരണം ആത്മഹത്യയാണെന്ന് വിധി എഴുതുകയാണെങ്കില്‍ മൃതദേഹം ലത്വാനിയയിലെത്തിച്ച് വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇലീസ് അറിയിച്ചു. ലിഗയ്ക്ക് പറ്റിയത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന വാശിയിലാണ് പോരാട്ടം നടത്തുന്നതെന്നും ഇലീസ് വ്യക്തമാക്കി.


Read | കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം 35 ലക്ഷമെന്ന് കണക്ക്; സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയുടെ മൂന്നിരട്ടി


അന്വേഷണത്തില്‍ എല്ലാ പിന്തുണയും നല്‍കിയ മലയാളികളോട് ലിഗയുടെ സഹോദരന്‍ ആന്‍ഡ്രൂസ് നന്ദി പറഞ്ഞു. കേരളത്തെ ഇതിന്റെ പേരില്‍ ആരും പഴിക്കരുത്. ലോകത്ത് എവിടെ വേണമെങ്കിലും ഇത്തരമൊരു കാര്യം സംഭവിക്കാം. പക്ഷേ ലിഗയെ അന്വേഷിക്കുമ്പോള്‍ ഇതിലേറെ സ്‌നേഹവും നന്മയും വേറെ എവിടെ നിന്നും ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ലെന്നും അത്രയും പിന്തുണ കേരളത്തില്‍ നിന്ന് ലഭിച്ചെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

കാണാതായപ്പോള്‍ തന്നെ കൃത്യമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ ലിഗയെ കണ്ടെത്താനാവുമായിരുന്നു. മരണത്തില്‍ സംശയം ദുരീകരിക്കുന്നത് വരെ പോരാടും. ലാത്വിയന്‍ എംബസിയുടെയും സര്‍ക്കാരിന്റെയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.


Read | ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത ബി.ജെ.പി എം.എല്‍.എയെ പിന്തുണച്ച് യു.പിയില്‍ റാലി


മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ലിഗയ്ക്ക് ഒറ്റക്ക് പോവാനാവില്ല. അവള്‍ അവിടെ എങ്ങനെ എത്തിയെന്ന് അറിയണം. ഈ പ്രദേശത്ത് മുമ്പും ദുരൂഹമരണങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ പറയുന്നു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ല. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം നില്‍ക്കില്ല. ഇലീസ് പറഞ്ഞു.

അതേസമയം, കോവളത്ത് ബീച്ചിനടുത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് ഏകദേശം പൊലീസ് ഉറപ്പിച്ചെങ്കിലും ഡി.എന്‍.എ പരിശോധനാ ഫലം പുറത്ത് വന്നാലെ ശാസ്ത്രീയമായി സ്ഥിരീകരിക്കുവാനാകൂ.

We use cookies to give you the best possible experience. Learn more