കെയ്റോ: ഗസയിലെ ജനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമായി വിമാനം ഈജിപ്‌തിൽ. ലോകാരോഗ്യ സംഘടനയുടെ ദുബായിലെ കേന്ദ്രത്തിൽ നിന്നുള്ള 78 ക്യൂബിക് മീറ്റർ ആരോഗ്യ സാമഗ്രികളാണ് ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽ എത്തിച്ചത്.
ഈജിപ്തിൽ നിന്ന് ഗസയിലേക്കുള്ള റഫ കവാടത്തിൽ പ്രവേശനം പുനരാരംഭിച്ചാൽ ഗസയിൽ മരുന്നുകളും മറ്റും എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ വെറും 20 കിലോമീറ്റർ മാത്രം അകലത്തിലിരിക്കെ, മരുന്നുകൾ ഗസയിലെത്തിക്കാൻ വൈകുന്ന ഓരോ മണിക്കൂറിലും കൂടുതൽ പേർ മരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
പരിക്കേറ്റ 1200 പേരെയും ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗങ്ങൾ അനുഭവിക്കുന്ന 1500 പേരെയും ചികിത്സിക്കാനുള്ള മരുന്നുകളും ഗർഭിണികൾ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം പേർക്കുള്ള അടിസ്ഥാന ആരോഗ്യ സാമഗ്രികളുമാണ് ഈജിപ്തിൽ എത്തിച്ചിട്ടുള്ളത്.
ഗസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ച സാഹചര്യത്തിൽ, ഈ മരുന്നുകളും ആരോഗ്യ സാമഗ്രികളും എവിടെ വെച്ചും ജീവൻ രക്ഷിക്കാൻ ഉതകുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഈജിപ്തിലെയും ഫലസ്തീനിലെയും റെഡ് ക്രെസെന്റ് സൊസൈറ്റികളുമായി ചേർന്ന് മരുന്നുകൾ ഗസയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.
50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലാതെ ഗസയിൽ നരകിക്കുകയാണെന്ന് യു.എൻ ഭക്ഷ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. ഗസയിൽ വൈദ്യുതി ഇല്ലാത്തത് ആശുപത്രികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യു.എൻ എജൻസി ആശങ്കരേഖപ്പെടുത്തിയിരുന്നു. വൈദ്യുതി ഇല്ലെങ്കിൽ ഗസയിലെ ആശുപത്രികൾ മോർച്ചറികളാകുമെന്നാണ് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്‌ക്രോസിന്റെ മുന്നറിയിപ്പ്. ഗസയിലെ ആശുപത്രികളിൽ മതിയായ ചികിത്സകളില്ലാതെ നിരവധിപേരാണ് മരിച്ചുവീഴുന്നത്.
Content Highlight: Lifesaving WHO health supplies land in Egypt for people in need in Gaza