| Thursday, 18th February 2021, 5:19 pm

മലാലയ്ക്ക് വീണ്ടും വധഭീഷണി; ജയിലിലടച്ച കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടുവെന്ന് പാക് സര്‍ക്കാരിനോട് മലാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: നൊബേല്‍ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായിക്ക് നേരെ വധഭീഷണിയുമായി താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുള്ള ഇഹ്‌സാന്‍. ട്വിറ്ററിലൂടെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്.

അടുത്ത തവണ തെറ്റ് പറ്റില്ലെന്ന് അയച്ച താലിബാന്‍ ഭീകരന്റെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

വിഷയത്തില്‍ പാക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി മലാല തന്നെ രംഗത്തെത്തയിരിക്കുകയാണ് ഇപ്പോള്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും സൈനിക തലവനോടും ഇതും സംബന്ധിച്ച് മലാല ചോദിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വെടിവെച്ച താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുള്ള ഇഹ്‌സാന്‍ എങ്ങനെ അതീവ സുരക്ഷ ജയിലില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ പറയണമെന്നായിരുന്നു മലാലയുടെ ചോദ്യം.

2017 ലാണ് മലാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രധാനപ്രതിയായ ഇഹ്‌സാന്‍ പിടിയിലാകുന്നത്. തുടര്‍ന്ന് 2020 ല്‍ ഇയാള്‍ ജയില്‍ചാടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇത് അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകളാവുകയും ചെയ്തു. എന്നാല്‍ ഇഹ്‌സാനെ പിടികൂടാന്‍ പാക് ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല.

ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഇഹ്‌സാന്‍ ട്വിറ്ററില്‍ സജീവമായിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇയാള്‍ പല മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് ഒന്നിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇഹ്‌സാന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് മലാലയ്ക്ക് നേരെ കഴിഞ്ഞ ദിവസം വധഭീഷണി സന്ദേശം എത്തിയത്. ഉറുദു ഭാഷയിലായിരുന്നു സന്ദേശം.

2012ല്‍ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനും 2014-ല്‍ പെഷര്‍വാറിലെ ആര്‍മി സ്‌കൂളില്‍ തീവ്രവാദാക്രമണം നടത്തിയ കേസിലുമാണ് ഇഹ്‌സാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Life Threat Aganist Malala Yousafsai

Latest Stories

We use cookies to give you the best possible experience. Learn more