| Friday, 28th April 2023, 7:41 pm

പാനി പൂരി വിറ്റുനടന്നവന്‍ ഇന്ന് രാജസ്ഥാന്റെ വിജയനായകന്‍; ഇത് ജെയ്‌സ്വാളിന്റെ കണ്ണീരിന്റെ കഥ

സ്പോര്‍ട്സ് ഡെസ്‌ക്

ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പതിനൊന്നു വയസ്സുകാരന്‍ മുംബൈയിലേക്ക് വണ്ടി കയറി, ലക്ഷ്യം ഒന്നുമാത്രം, ക്രിക്കറ്റ് കളിക്കുക. ഒരു ക്രിക്കറ്ററാകുക.

പക്ഷെ, ആറ് മക്കളുള്ള ദരിദ്രനായ ഒരച്ഛന്റെ മകന്, ഒരു നേരത്തെ ഭക്ഷണം പോലും നേരാംവണ്ണം കിട്ടാത്തപ്പോള്‍, എങ്ങനെയാണ് മുംബൈയിലെത്തി ക്രിക്കറ്റ് പരിശീലിക്കാനാവുക.

മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി, ആ അച്ഛന്‍ അവനോടൊപ്പം മുംബൈയിലെത്തിയെങ്കിലും, കിടന്നുറങ്ങാന്‍ ഒരു ബെഡ് സ്‌പേസിന് പോലും ബുദ്ധിമുട്ടിയപ്പോള്‍ ആ അച്ഛന്‍ തിരിച്ചു പോരാന്‍ മകനെ നിര്‍ബന്ധിച്ചു. എന്നാല്‍ മകന്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് മുമ്പില്‍ ആ പിതാവ് തോല്‍വി സമ്മതിച്ചു. തന്റെ ഗ്രാമത്തിലേക്ക് ഒറ്റക്ക് തിരിച്ചിറങ്ങി.

ബന്ധുവിന്റെ ദുരിതങ്ങളുടെ കൂടെ തത്കാലം താമസിച്ചിരുന്ന ആ പതിനൊന്നുകാരന്‍ അവിടെ നിന്ന് കുടിയിറക്കപ്പെട്ടു. തല ചായ്ക്കാന്‍ ഒരു ഇടമില്ലാതെ, ആസാദ് മൈതാനിയിലെ പുറമ്പോക്കുകളില്‍ അന്തിയുറങ്ങിയിരുന്ന ആ പയ്യന് ഗ്രൗണ്ട്‌സ്മാന്‍ ഒരു ഉറപ്പ് കൊടുത്തു, അടുത്ത കളിയില്‍ നീ നന്നായി കളിച്ചാല്‍ ഗ്രൗണ്ടിലെ ടെന്റില്‍ നിനക്ക് താമസിക്കാം.

തലചായ്ക്കാനൊരിടം, ജീവിതത്തിലെ അവന്റെ അക്കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്. തോറ്റു പിന്‍മാറാന്‍ അവന് കഴിയുകയില്ല. പിന്നീടുള്ള എല്ലാ മാച്ചുകളിലും അവന്‍ നന്നായി കളിച്ചു. വെള്ളവും, വെളിച്ചവുമില്ലാത്ത ആ ടെന്റില്‍ മഞ്ഞും മഴയും വേനല്‍ക്കാലവും മാറി മാറിയെത്തിയെങ്കിലും അവനിലെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ അതിനൊന്നുമായില്ല.

ഭക്ഷണത്തിന് നിവൃത്തിയില്ലാതെ വന്നപ്പോള്‍ പകല്‍ സമയത്തെ പരിശീലനത്തിന് ശേഷം രാത്രികളില്‍ തെരുവുകളില്‍ പാനി പൂരി കടകളില്‍ സഹായിയായി. പ്രഭാതകര്‍മങ്ങള്‍ക്ക് അവന്‍ ഷോപ്പിങ് മാളുകളിലെ ടോയ്‌ലറ്റുകളെ ആശ്രയിച്ചു. അവന്റെ രാത്രികള്‍ കണ്ണീരില്‍ കുതിര്‍ന്നു.

മൂന്ന് വര്‍ഷം അവന്‍ ദുരിതപൂര്‍ണ്ണമായ ടെന്റ് ജീവിതം തുടര്‍ന്നു. അതിനിടയില്‍ അവന്റെ ബാറ്റില്‍ നിന്നും റണ്ണുകള്‍ ഒഴുകിക്കൊണ്ടേയിരുന്നു. ദൈവത്തിന്റെ കണ്ണുകള്‍ അവനില്‍ പതിഞ്ഞു. ജ്വാല സിങ് എന്ന ക്രിക്കറ്റ് പരിശീലകന്‍ അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. നല്ല ഭക്ഷണവും മികച്ച താമസ സൗകര്യവും അയാള്‍ ഏര്‍പ്പെടുത്തി.

2015ല്‍ പ്രശസ്തമായ ഗാരി ഷീല്‍ഡ് സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആ പതിനാലുകാരന്‍ 319* റണ്‍സെടുത്ത് ലിംക ബുക് ഓഫ് റെക്കോഡ്‌സില്‍ കയറി. 2018-19ല്‍ മുംബൈ രഞ്ജി ടീമിലൂടെ അവന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ 154 ബോളില്‍ നിന്നും 203 റണ്‍സെടുത്ത്  ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിള്‍ സെഞ്ച്വറിക്കാരന്‍ എന്ന ലോകറെക്കോഡ് അവന്റെ പേരിലാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആ ബാറ്റില്‍ നിന്നും ഒഴുകിയിറങ്ങിയത് 50 സെഞ്ച്വറികളാണ്. അണ്ടര്‍ 19 വേള്‍ഡ് കപ്പ് സ്‌ക്വാഡിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ്.

ഇതിനിടയില്‍ 2020 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവന് വിലയിട്ടത് 2.4 കോടി രൂപയാണ്. നൂറ് രൂപ പോലും തികച്ചെടുക്കാനില്ലാത്ത ആ പതിനൊന്ന് വയസ്സുകാരന്‍ പയ്യന്‍ 19ാം വയസ്സിലേക്കെത്തിയപ്പോള്‍ കോടികളുടെ കിലുക്കവുമായി തിളങ്ങുന്നു.

അവന്റെ കണ്ണുനീര്‍ തുള്ളികള്‍ വീണുടഞ്ഞ ആസാദ് മൈതാനിയിലെ ടെന്റുകള്‍ക്ക് വരും കാലത്ത് ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഇനിയും ഒരു പാട് കഥകളുണ്ടായിരിക്കാം. ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിന്റെ, ആത്മവിശ്വാസത്തിന്റെ, നിശ്ചയദാര്‍ഡ്യത്തിന്റെ ഇത്തരം റിയല്‍ ലൈഫ് സ്റ്റോറികളാണ് വരും തലമുറകള്‍ക്ക് പ്രചോദനമാകേണ്ടത്.

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ കുഗ്രാമത്തില്‍ നിന്ന് വണ്ടി കയറിയ ആ പതിനൊന്നുകാരന്‍ പയ്യന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍, സിനിമാ കഥകളെപ്പോലും വെല്ലുന്ന റിയല്‍ ലൈഫുമായി അവന്റെ പ്രയാണം അവസാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആയിരിക്കുമെന്നതില്‍ സംശയമേതുമില്ല.

ഓ… സോറി… ആ പയ്യന്റെ പേര് പറയാന്‍ മറന്നു, അല്ലെങ്കില്‍ വേണ്ട, ഒരു പേരിലെന്തിരിക്കുന്നു. നാളെകള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ അവന്റെ പേര് വിളിച്ച് പറയട്ടെ. ആ പതിനൊന്നുകാരന്‍ പയ്യന്‍. അതാണെനിക്കിഷ്ടം. അവന്‍ അത്രയ്ക്ക് ഹൃദയത്തിലേറി

കടപ്പാട്: റഫീഖ് അബ്ദുള്‍കരീം

Content highlight: Life story of Yashasvi Jaiswal

We use cookies to give you the best possible experience. Learn more