ആദ്യ സിനിമയ്ക്ക് ചെരിപ്പേറ് കിട്ടിയ ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ മലയാളത്തിന്റെ പ്രേംനസീര്‍ ആയ കഥ
Details
ആദ്യ സിനിമയ്ക്ക് ചെരിപ്പേറ് കിട്ടിയ ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ മലയാളത്തിന്റെ പ്രേംനസീര്‍ ആയ കഥ
ശ്രീഷ്മ കെ
Friday, 1st January 2021, 7:22 pm

വര്‍ഷം 1952. മലയാള സിനിമ പിച്ചവെച്ചു തുടങ്ങുന്ന കാലത്തെ ഒരു വൈകുന്നേരം. അന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ചലച്ചിത്ര നിര്‍മാണ സംരഭമായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍.

കെ.ആന്‍ഡ്.കെ കമ്പയിന്‍സ് എന്ന ബാനറില്‍ അന്ന് സിനിമകള്‍ നിര്‍മിച്ചുകൊണ്ടിരുന്ന മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളും ഉദയായുടെ സ്ഥാപകരുമായ കെ.വി കോശിയും കുഞ്ചാക്കോയും തിക്കുറിശ്ശിയെ കാണാനെത്തി. കൂടെ വെളുത്ത് മെലിഞ്ഞ് സുമുഖനായ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അബ്ദുല്‍ ഖാദര്‍ എന്ന ആ ചെറുപ്പക്കാരനാണ് തങ്ങളുടെ അടുത്ത ചിത്രത്തിലെ നായകനെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ അയാളെ തിക്കുറിശ്ശിയ്ക്ക് പരിചയപ്പെടുത്തി.

തിക്കുറിശ്ശി സുകുമാരന്‍ നായര്‍

നാടക വേദികളില്‍ പ്രശംസയേറ്റുവാങ്ങിയിട്ടുള്ളയാളാണ്. അഭിനയമത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും, ആദ്യത്തേത് പുറത്തിറങ്ങിയില്ല. രണ്ടാമത്തേതാകട്ടെ പരാജയപ്പെടുകയും ചെയ്തു. ‘വിശപ്പിന്റെ വിളി’ എന്ന ഈ മൂന്നാം ചിത്രത്തില്‍ സകല പ്രതീക്ഷയുമര്‍പ്പിച്ച് നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ തിക്കുറിശ്ശി സസൂക്ഷ്മം നിരീക്ഷിച്ചു, പരിചയപ്പെട്ടു.

ആദ്യ രണ്ടു സിനിമകളിലും സ്വന്തം പേരില്‍ അഭിനയിച്ച അയാളോട്, സിനിമയ്ക്കായി പുതിയൊരു പേര് സ്വീകരിക്കാന്‍ തിക്കുറിശ്ശി ആവശ്യപ്പെട്ടു. നല്ലൊരു പേരും നിര്‍ദ്ദേശിച്ചു. പ്രേം നസീര്‍. ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ആ ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍, തിക്കുറിശ്ശി അറിഞ്ഞില്ല താന്‍ തിരുത്തുന്നത് മലയാള ചരിത്രത്തെയാണെന്ന്.

പ്രേം നസീര്‍. ജന്മാന്തരങ്ങള്‍ക്കിപ്പുറവും മലയാളിയുടെ കാല്‍പനിക സങ്കല്‍പങ്ങളിലെ നിത്യഹരിത നായകനായി പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്ന വിഖ്യാത നടന്‍. ആകാരഭംഗിയും കലയോടുള്ള അഭിനിവേശവും സഹാനുഭൂതി നിറഞ്ഞ മനസ്സും മലയാളിക്ക് നസീറിന് പകരക്കാരനില്ലാതാക്കി. മലയാള കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപമായിരുന്നു പ്രേംനസീര്‍. ഒരു കാലഘട്ടത്തിന്റെ, ഒരു ജനതയുടെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

പ്രേം നസീര്‍

ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനാണ് അബ്ദുള്‍ ഖാദര്‍ ജനിക്കുന്നത്. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ നസീറിന് ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് നസീറിന്റെ സിനിമാ പ്രവേശനം. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പങ്കെടുത്ത അഭിനയമത്സരത്തിന്റെ വിധികര്‍ത്താവാണ് നസീറിന് ആദ്യമായി സിനിമയില്‍ അവസരമൊരുക്കുന്നത്. മത്സരവേദിയില്‍ കോപം, ദുഃഖം, ഹാസ്യം എന്നീ രസങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ അഭിനയിച്ചു ഫലിപ്പിച്ച നസീറിനെ അദ്ദേഹം നേരെ പറഞ്ഞുവിട്ടത് ത്യാഗസീമ എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവിന്റെ അടുത്തേക്കായിരുന്നു.

1951ല്‍ ചിത്രീകരണമാരംഭിച്ച ത്യാഗസീമ, അനശ്വരനായ നടന്‍ സത്യന്റേയും ആദ്യ ചിത്രമായിരുന്നു. എന്നാല്‍, ഈ ചിത്രം പാതിയില്‍ മുടങ്ങിപ്പോയി. നസീര്‍ രണ്ടാമതായി അഭിനയിച്ച മരുമകള്‍ എന്ന സിനിമയും വിജയം കണ്ടില്ല. 1952ല്‍ പുറത്തിറങ്ങിയ ഉദയായുടെ വിശപ്പിന്റെ വിളിയാണ് പ്രേംനസീറിനെ പൊടുന്നനെ താരപ്പകിട്ടിലേയ്ക്കുയര്‍ത്തിയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നായിരുന്നു വിശപ്പിന്റെ വിളി. അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവും പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റി.

പില്‍ക്കാലത്ത് സ്റ്റീരിയോ ടൈപ്പായി മുദ്ര കുത്തപ്പെട്ടെങ്കിലും മരംചുറ്റി പാടുകയും പ്രണയിക്കുകയും ചെയ്യുന്ന നസീര്‍ അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വിവരണങ്ങള്‍ക്കതീതമാണ്.

അതുവരെ വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങിയിരുന്ന മലയാള സിനിമാ ലോകത്തെ ഒരേസമയം ലാഭകരമായ വ്യവസായവും ജനകീയമായ കലയുമാക്കി മാറ്റിയതില്‍ പ്രേംനസീര്‍ എന്ന നടന്റെ പങ്ക് ഏറെ വലുതാണ്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിഭാഗം പ്രേക്ഷകരെ സിനിമാക്കൊട്ടകകളില്‍ കൂട്ടമായെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2 രൂപ മുടക്കി മാറ്റിനിക്ക് കയറിയിരുന്ന പാവപ്പെട്ടവനെയും 10 രൂപ ചിലവാക്കി ബാല്‍ക്കണികളില്‍ ഇരിക്കുന്ന ശരാശരി കുടുംബത്തെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ പ്രേം നസീര്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ബാലാരിഷ്ടതകള്‍ കൊണ്ട് ചുവടിടറി നിന്നിരുന്ന മലയാള സിനിമയ്ക്ക് വിജയകരമായ ഒരു ബിസിനസ് മോഡലിന്റെ വഴി വെട്ടിത്തെളിച്ചുകൊടുത്തത് നസീറാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. സിനിമാനിര്‍മാണം ലാഭകരമായൊരു വ്യവസായമാണെന്ന വിശ്വാസം നിര്‍മാതാക്കളില്‍ ഊട്ടിയുറപ്പിച്ചത് പ്രേംനസീറിനെ കാണാന്‍ മുടങ്ങാതെ ടിക്കറ്റെടുത്ത കുടുംബപ്രേക്ഷകരാണ്. ഇന്ന് നമ്മള്‍ കാണുന്ന വിപണിമൂല്യവും കലാമൂല്യവുമുള്ള മലയാള സിനിമാ വ്യവസായത്തിന്റെ അടിത്തറയ്ക്ക് ബലമേകിയത് ഒരര്‍ത്ഥത്തില്‍ പ്രേംനസീര്‍ എന്ന നടനാണ്.

ജയില്‍പ്പുള്ളി, പാടാത്ത പൈങ്കിളി, ഉണ്ണിയാര്‍ച്ച, കാല്‍പാടുകള്‍, ലൈല മജ്നു, കാട്ടുമൈന, സ്‌കൂള്‍ മാസ്റ്റര്‍, കുടുംബിനി, ഭാര്‍ഗവീനിലയം, ആയിഷ, മുറപ്പെണ്ണ്, ചിത്രമേള…. അങ്ങനെ നസീര്‍ മാത്രമായി അക്കാലത്ത് മലയാള സിനിമയില്‍. കാമുകനായും ഭര്‍ത്താവായും നന്മയുടെ പ്രതീകമായുമെല്ലാം നസീര്‍ മലയാള മനസ്സില്‍ ഇരിപ്പിടമുറപ്പിച്ചു. ഉദയായുടെയും മെരിലാന്‍ഡിലെയും മഞ്ഞിലാസിലെയും ചിത്രങ്ങളില്‍ മറ്റൊരു നായകനില്ലായിരുന്നു അക്കാലത്ത്. ഉദയാ സ്റ്റുഡിയോയില്‍ നസീറിന് മാത്രമായി ഒരു കോട്ടേജ് തന്നെ ഉണ്ടായിരുന്നു.

നസീര്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. മഹാവിഷ്ണുവായി, ശ്രീരാമനായി, പോലീസായി, സി.ഐ.ഡിയായി, കച്ചകെട്ടി കണ്ണപ്പനുണ്ണിയായി, പാലാട്ട് കോമനായി, കുഞ്ഞിരാമനായി, ദുഷ്യന്തനായി, ഇത്തിക്കരപ്പക്കിയായി… 1955ല്‍ പുറത്തിറങ്ങിയ സി.ഐ.ഡിയിലെ സി.ഐ.ഡി. സുധാകരനാണ് ആദ്യ കുറ്റാന്വേഷണ വേഷം. 1960ല്‍ പുറത്തിറങ്ങിയ സീതയിലെ ശ്രീരാമനായി ആദ്യമായി പുരാണവേഷവും അണിഞ്ഞു. അടുത്ത വര്‍ഷം കുഞ്ചാക്കോയുടെ കൃഷ്ണ കുചേലയില്‍ ശ്രീകൃഷ്ണനായി. പ്രേക്ഷകര്‍ ചരിത്രവും പുരാണവും ഐതിഹ്യവുമെല്ലാം നസീറിന്റെ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ നിന്ന് വായിച്ചും പഠിച്ചുമെടുത്തു.

വെറും സുന്ദരരൂപങ്ങളുടെ മേനിനടിക്കല്‍ മാത്രമായിരുന്നില്ല നസീറിന്റെ വേഷങ്ങള്‍. വടക്കന്‍പാട്ടും പുരാണങ്ങളും നല്ലവനായ കുടുംബനാഥനുമെല്ലാം കണ്ടുമടുത്ത കാലത്ത് വേറിട്ടതും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങളും നസീര്‍ ഏറ്റെടുത്തു. എം.ടി വാസുദേവന്‍ നായരുടെ ഇരുട്ടിന്റെ ആത്മാവ് സിനിമയായി മാറിയപ്പോള്‍ ഭ്രാന്തന്‍ വേലായുധനെ അഭ്രപാളിയിലെത്തിച്ച് നടനമികവിന്റെ മാസ്മരികത മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ചു. നസീര്‍ അഭിനയിച്ചതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായും ഏറ്റവും മികവുറ്റ പ്രകടനം കാഴ്ചവച്ചതായും വിലയിരുത്തപ്പെട്ട വേഷവും വേലായുധനായിരുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം, വിട പറയും മുന്‍പെ, നദി, മുറപ്പെണ്ണ്, പണി തീരാത്ത വീട്, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, അടിമകള്‍, അച്ചാണി, അസുരവിത്ത്, കടല്‍പാലം, ലങ്കാദഹനം, അഗ്നിപുത്രി തുടങ്ങിയ സിനിമകളിലും അഭിനയമികവ് കൊണ്ട് നസീര്‍ വേറിട്ടുനിന്നു. താരപദവിയില്‍ അഭിരമിക്കാതെ മറ്റു താരങ്ങളുടെ ചിത്രങ്ങളില്‍ വില്ലനായും സഹനടായുമെല്ലാം നസീര്‍ അഭിനയിച്ചു.

അഭിനയപ്രാധാന്യമുള്ള വേഷങ്ങളില്‍ അഭ്രപാളിയിലെത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും, പലപ്പോഴളും താന്‍ അടിമുടി ഒരു കച്ചവട സിനിമാ നായകനായി തുടരുന്നതിന് അദ്ദേഹത്തിന് കൃത്യമായ വിശദീകരണമുണ്ടായിരുന്നു. തന്റെ മരംചുറ്റിപ്രേമവും പ്രണയഗാനങ്ങളും നായികയുമൊത്തുള്ള സല്ലാപവും പ്രതിനായകനുമായുള്ള സംഘട്ടനവുമെല്ലാം പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്ന ശരാശരി മലയാളിയെ തൃപ്തിപ്പെടുത്തുക എന്നതാണ് തന്റെ നിയോഗം എന്ന് അദ്ദേഹം വിശ്വസിച്ചു.

സിനിമ എന്ന തൊഴിലിടം നിലനില്‍ക്കാന്‍ അത്തരം ചലച്ചിത്രങ്ങള്‍ നല്‍കുന്ന വരുമാനം അത്യാവശ്യമാണെന്ന് നിരീക്ഷിച്ചു. പ്രായം ചെല്ലുമ്പോള്‍ കാമുക കഥാപാത്രങ്ങള്‍ വിട്ട് കൂടുതല്‍ കലാമൂല്യമുള്ള വേഷങ്ങളിലേക്ക് കടക്കാന്‍ പ്രതീക്ഷിച്ചു നിന്നു. എന്നാല്‍, പ്രേംനസീറിന് പ്രായം ചെല്ലുമെന്ന് വിശ്വസിക്കാന്‍ മലയാളസിനിമാ പ്രേക്ഷകര്‍ തയ്യാറായതേയില്ല.

സൂപ്പര്‍താര പദവിയിലേക്കുള്ള പ്രേംനസീറിന്റെ വളര്‍ച്ചയ്ക്ക് ഇന്നും താരതമ്യങ്ങളില്ല. ഇടക്കാലത്ത് മലയാളിത്തില്‍ തരംഗമായിരുന്ന വടക്കന്‍പാട്ട് സിനിമകള്‍ നസീറിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ചിന്തിക്കാനാകുമായിരുന്നില്ല. സി.ഐ.ഡി. റോളുകളും ഡബിള്‍ റോളുകളുമെല്ലാമായി അക്ഷരാര്‍ത്ഥത്തില്‍ മലയാളസിനിമയെ അടക്കിഭരിക്കുകയായിരുന്നു നസീര്‍.

നാല് പതിറ്റാണ്ട് നീളുന്ന കലാജീവിതത്തിനിടയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുന്നൂറില്‍പ്പരം സിനിമകളാണ് നസീറിന്റേതായി പുറത്തുവന്നത്. കരിയറിന്റെ സുവര്‍ണകാലങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 15 മുതല്‍ 20 വരെ സിനിമകളില്‍ അഭിനയിച്ചിരുന്ന അദ്ദേഹം, 1979ല്‍ മാത്രം ചെയ്തത് 39 സിനിമകളാണ്. നസീര്‍-ഷീല ജോഡിയുടേതായി നൂറിലധികം സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. തൊണ്ണൂറോളം നായികനടിമാര്‍ക്കൊപ്പമാണ് പ്രധാന കഥാപാത്രമായി അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതെല്ലാം സര്‍വകാല റെക്കോര്‍ഡുകളാണ്. പ്രേം നസീര്‍ നടന്നുകയറിയ നേട്ടങ്ങളുടെ പടവുകളിലൂടെ മലയാളം ഇടം നേടിയത് ലോക റക്കോര്‍ഡുകളിലാണ്. ഏറ്റവുമധികം ചലച്ചിത്രങ്ങളില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ഗിന്നസ് റെക്കോഡ് ഇന്നും പ്രേംനസീറിന്റെ പേരിലാണുള്ളത്.

നിത്യഹരിതനായകനായും മലയാള പ്രണയസങ്കല്‍പങ്ങളുടെ രൂപമായുമെല്ലാം ആരാധകര്‍ പ്രേംനസീറിനെ ഓര്‍ക്കുന്നുവെങ്കിലും, മറ്റു ചിലര്‍ക്ക് നസീര്‍ ഒരു അഭയസ്ഥാനം തന്നെയായിരുന്നു. ഫാന്‍സ് അസോസിയേഷനുകള്‍ വഴിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സിനിമാമേഖലയില്‍ പതിവുരീതിയായി മാറുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുന്‍പേ, പ്രേംനസീര്‍ നേരിട്ട് തന്നെ അത്തരമൊരു രീതി തുടങ്ങിവച്ചിരുന്നു.

സഹായമന്വേഷിച്ചെത്തുന്നവരെ, അവര്‍ ആരാധകരോ പരിചയക്കാരോ ആവട്ടെ, മനസ്സറിഞ്ഞ് സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. പല തരത്തിലുള്ള അഭ്യര്‍ത്ഥനകളുമായി തന്നെത്തേടിയെത്തുന്ന കത്തുകളുടെ നിജസ്ഥിതി അന്വേഷിച്ചറിയാനും സഹായം കൈമാറാനും അദ്ദേഹത്തിന് വിശ്വസ്തരുടെ ഒരു ചെറുസംഘം തന്നെയുണ്ടായിരുന്നു. നിര്‍ധന കുടുംബത്തില്‍ നിന്നുമുള്ള അനവധി വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവും അദ്ദേഹം വഹിച്ചിരുന്നു. പ്രായമേറുമ്പോള്‍ സിനിമാമേഖലയില്‍ നിന്നും പുറന്തള്ളപ്പെട്ടുപോകുന്ന കലാകാരന്മാര്‍ക്കും നസീര്‍ തണലായിരുന്നു. ആരേയും കണക്കറ്റു സഹായിക്കുന്ന ശീലത്തിനു നിയന്ത്രണം വേണമെന്ന് സ്നേഹത്തോടെ ഓര്‍മപ്പെടുത്തുന്ന അടുത്ത സുഹൃത്തുക്കളോട്, ‘അസ്സേ, അയാള്‍ പാവം’ എന്നായിരുന്നു പ്രേംനസീറിന്റെ മറുപടി.

അഭിനയകലയോടൊപ്പം സാഹിത്യത്തിലും സംഗീതത്തിലും അതീവതല്‍പരനായിരുന്ന നസീറിനെ ഒരുപക്ഷേ, അധികമാര്‍ക്കും അറിയാനിടയില്ല. ആദ്യകാലങ്ങളില്‍ ചെറുകഥകള്‍ എഴുതിയിരുന്ന പ്രേംനസീര്‍, ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ബഷീറിന്റെ ഭാര്‍ഗവീനിലയത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഒരു രൂപ പ്രതിഫലം ലഭിച്ചാലും മതിയാകും എന്നു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതേ താല്‍പര്യം തന്നെയായിരിക്കണം.

എക്കാലത്തെയും മികച്ച കലാകാരന്മാരിലൊരാളായിരുന്നിട്ടും, പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നസീറിന് എന്നും അകലെയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിക്കലും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. ദേശീയ പുരസ്‌കാരമാകട്ടെ, കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടുപോകുകയും ചെയ്തു. രാജ്യം അദ്ദേഹത്തെ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിരുന്നുവെങ്കിലും, അവയെല്ലാം വൈകിയെത്തിയ അംഗീകാരങ്ങള്‍ മാത്രമായിരുന്നു.

പ്രേംനസീറിന്റെ സിനിമാജീവിതത്തോളം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനും, അര്‍ഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് നസീര്‍ വിശ്വസിച്ചിരുന്നു. ഇടക്കാലത്ത് സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടത്തിയ അദ്ദേഹം, പിന്നീട് ആ ഉദ്യമം ഉപേക്ഷിച്ച് കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍, സിനിമയിലും സാമൂഹികജീവിതത്തിലും സഞ്ചരിച്ച ദൂരത്തോടൊപ്പമെത്താന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് സാധിച്ചില്ല. രാഷ്ട്രീയപ്രവേശനം പരാജയപ്പെട്ടുവെങ്കിലും, തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നസീറിന് അതൊരു തടസ്സമായിരുന്നില്ല.

അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവേ, 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചാണ് പ്രേംനസീര്‍ അന്തരിച്ചത്. അഭിനേതാവ് എന്ന റോളില്‍ നിന്നും അവധിയെടുത്ത് സംവിധായകന്റെ കുപ്പായമണിയാന്‍ തയ്യാറെടുക്കുകയായിരുന്നു അപ്പോഴദ്ദേഹം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള രണ്ടു ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യാനുള്ള പദ്ധതിയാണ് അദ്ദേഹം പാതിവഴിയില്‍ അവസാനിപ്പിച്ചത്. ഒരുപക്ഷേ, പ്രേംനസീറിന്റെ കലാജീവിതത്തിലെ മറ്റൊരു മികച്ച ഏടിന്റെ ആരംഭമായേനെ ആ ചിത്രങ്ങള്‍.

നസീറിന്റെ മരണവാര്‍ത്തയറിഞ്ഞ മലയാളലോകം തലമുറ വ്യത്യാസമില്ലാതെ ചെന്നൈയിലേ ലേഡി മാധവന്‍ നായര്‍ കോളനിയിലെ ലിങ്ക്വുഡ് അവന്യൂവിലെ പതിനാറാം നമ്പര്‍ വീട്ടിലേയ്ക്ക് ഒഴുകിയെത്തി. നസീറിന്റെ നിശ്ചലമായ ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ സിനിമാ സാസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗം ആ അതുല്യപ്രതിഭയെ അവസാനമായി ഒന്ന കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി തലസഥാന നഗരിയിലേക്ക് കൂട്ടമായെത്തി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് നസീറിന്റെ മൃതദേഹം തോളിലേറ്റിയത്. തിരുവന്തപുരത്തെ വി.ജെ.ടി ഹാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുദര്‍ശനത്തിന് ശേഷം നസീറിനെ തന്റെ ജന്മനാടായ ചിറയിന്‍കീഴിലെ കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

തന്റെ രണ്ടാമത്തെ സിനിമ കാണാന്‍ കൊട്ടകയിലെത്തിയപ്പോള്‍ നിലയ്ക്കാത്ത കൂവലുകള്‍ക്കും ചെരിപ്പേറുകള്‍ക്കുമിടയിലൂടെ ഒളിച്ചു പുറത്തുകടക്കേണ്ടിവന്ന അനുഭവം ഒരിക്കല്‍ പ്രേംനസീര്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധികളോട് പോരാടി ലോക റെക്കോര്‍ഡ് നേടിയ പ്രേംനസീര്‍ എന്ന പ്രതിഭ സിനിമയിലും ജീവിതത്തിലും പകരക്കാരനില്ലാത്ത വിധം തന്റെ കര്‍മമണ്ഡലങ്ങളിലെ അതികായനാവുകയായിരുന്നു. നിത്യഹരിത വസന്തത്തിന് മലയാളിക്ക് ഒരേയൊരു പര്യായ പദമേ ഉള്ളൂ… പ്രേം നസീര്‍.


Content Highlight: Life Story of PremNazir