| Tuesday, 31st August 2021, 4:10 pm

പുന്നപ്രയില്‍ അച്യുതാനന്ദനെ തല്ലിയ പൊലീസുകാരന്‍ മലയാളത്തിന്റെ മഹാനടനായ കഥ

ശ്രീഷ്മ കെ

1946 -47 കാലഘട്ടത്തിലെ ആലപ്പുഴ. പുന്നപ്ര-വയലാര്‍ സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. കര്‍ഷകത്തൊഴിലാളികള്‍ സംഘടിതരായി യൂണിയനുകള്‍ രൂപീകരിച്ച് അവകാശസമരങ്ങള്‍ നയിച്ചുകൊണ്ടിരുന്ന കാലം. സര്‍ സിപിയുടെ കീഴിലുള്ള തിരുവിതാംകൂര്‍ പൊലീസ് കമ്യൂണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചവശരാക്കി കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ തന്ത്രത്തില്‍ കുരുക്കാനും നിര്‍ദ്ദയം തല്ലിച്ചതയ്ക്കാനും മുന്നില്‍ നിന്നിരുന്നത് ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ എസ്.ഐ. ആയിരുന്ന നാടാര്‍ ഇന്‍സ്‌പെക്ടറായിരുന്നു.

പൊലീസ് സ്റ്റേഷന്‍ തീവയ്പ്പ് അടക്കമുള്ള പല കേസുകളിലും പ്രതികളായ യൂണിയന്‍ നേതാക്കളെ പിടികൂടുക എന്ന ചുമതല നാടാര്‍ ഇന്‍സ്‌പെക്ടറെയായിരുന്നു സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. നാടാര്‍ ഇന്‍സ്‌പെക്ടറും, സി.ഐ. പൊന്നയ്യ നാടാരും ചേര്‍ന്ന് ധാരാളം തൊഴിലാളി നേതാക്കളെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് മൃതപ്രായരാക്കി.

പുന്നപ്ര-വയലാര്‍ സമരമുഖത്ത് മുന്‍നിരയിലുണ്ടായിരുന്ന മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം നേതാവ് എം.എം. ലോറന്‍സ്, സിനിമാമേഖലയില്‍ പിന്നീട് പ്രശസ്തരായ ശാരംഗപാണി, എസ്.എല്‍ പുരം സദാനന്ദന്‍ എന്നിവരെയെല്ലാം അക്കാലത്ത് നാടാര്‍ ഇന്‍സ്‌പെക്ടറും സംഘവും വേട്ടയാടുകയും പിടികൂടി മര്‍ദിക്കുകയും ചെയ്യുകയും ചെയ്തു.

പുന്നപ്ര വയലാര്‍ സമരകാലത്തെ വി.എസ്. അച്യുതാനന്ദന്‍. ഫോട്ടോ: ജേക്കബ് ഫിലിപ്

കൈയില്‍ അകപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളോട് യാതൊരു ദയയും ആ പൊലീസുകാരന്‍ കാണിച്ചിരുന്നില്ല. യൂണിയന്‍ നേതാവ് കൊച്ചുനാരായണന്‍ അടക്കമുള്ളവരെ വിലങ്ങണിയിച്ച് പരസ്യമായി മര്‍ദ്ദിച്ചവശരാക്കുക കൂടി ചെയ്തതോടെ നാടാര്‍ക്കെതിരെയുള്ള സമരക്കാരുടെ രോഷം ആളിക്കത്തി. നാടാര്‍ ഇന്‍സ്‌പെക്ടറുടെ തലയ്ക്ക് വിലപറഞ്ഞുള്ള ചുമരെഴുത്തുകള്‍ കൊണ്ട് ആലപ്പുഴയിലെ വഴിയോരങ്ങള്‍ നിറഞ്ഞു. കാര്യങ്ങള്‍ വഷളാകുന്നതിനു മുന്‍പ് ഇന്‍സ്‌പെക്ടര്‍ക്ക് തിരുവനന്തപുരത്തേക്ക് സര്‍ക്കാര്‍ സ്ഥലം മാറ്റം നല്‍കി.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പുന്നപ്ര-വയലാര്‍ സമരം കേരള രാഷ്ട്രീയ ചരിത്രത്തിലെ ആവേശകരമായ ഒരു വിജയകഥയായി മാറി. സമരകാലത്ത് പൊലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലര്‍ക്കും ശരീരത്തിലും മനസ്സിലും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കേണ്ടി വന്നു. സമരകാലഘട്ടത്തിന് രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം 1968ല്‍, പുന്നപ്ര-വയലാര്‍ എന്ന പേരില്‍ അന്നത്തെ കമ്യൂണിസ്റ്റ് വിപ്ലവം ഉദയാ പ്രൊഡക്ഷന്‍സ് സിനിമയാക്കാന്‍ തീരുമാനിച്ചു. പഴയ നാടാര്‍ ഇന്‍സ്‌പെക്ടര്‍ അതിനോടകം ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരുന്നു. മലയാളസിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ, താരമൂല്യമുള്ള നായകനടന്മാരിലൊരാളായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴയാള്‍.

സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ നാടാര്‍ ഇന്‍സ്‌പെക്ടറെ സമീപിച്ചു. എന്നാല്‍, താരനിബിഢമായ ആ സിനിമയില്‍ നിന്നും അദ്ദേഹം പിന്മാറുകയാണുണ്ടായത്. സമരകാലത്ത് ഒരു പൊലീസുകാരന്‍ എന്ന നിലയില്‍ താന്‍ നേതൃത്വം നല്‍കിയ അതിക്രമങ്ങളില്‍ നാടാര്‍ക്ക് വലിയ പശ്ചാത്താപമുണ്ടായിരുന്നു. പണ്ട് താന്‍ അതിക്രൂരമായി കൈയേറ്റം ചെയ്ത കൊച്ചുനാരായണനെ തേടിയെത്തി നിരുപാധികം മാപ്പപേക്ഷിച്ചിട്ടും ആ മനോവേദനയില്‍ നിന്നും നാടാര്‍ മോചിതനായിരുന്നില്ല. സമരം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന്റെ മെഷിനറിയായി പ്രവര്‍ത്തിച്ച തനിയ്ക്ക്, പുന്നപ്ര-വയലാര്‍ സമരവിജയത്തിന്റെ കഥ പറയുന്ന സിനിമയുടെ ഭാഗമാകാന്‍ യോഗ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

പുന്നപ്ര-വയലാര്‍ എന്ന സിനിമ നാടാര്‍ ഇല്ലാതെ പുറത്തിറങ്ങി. എന്നാല്‍, തൊഴിലാളി നേതാവായി അദ്ദേഹം പിന്നീട് മറ്റു പല ചലച്ചിത്രങ്ങളിലും നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു – മൂലധനത്തിലെ രവിയായി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ചിത്രത്തിലെ പരമുപിള്ളയായി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനായി.

മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍

സമരം ചെയ്തതിന് പണ്ട് താന്‍ തല്ലിച്ചതച്ച ശാരംഗപാണിയുടെയും എസ്.എല്‍.പുരം സദാനന്ദന്റെയും തിരക്കഥകള്‍ അഭ്രപാളിയില്‍ അവതരിപ്പിക്കുക എന്നതുകൂടിയായിരുന്നു കാലം അദ്ദേഹത്തിനു കാത്തുവച്ച നിയോഗം. മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന ആ പഴയ പൊലീസുകാരനെ മലയാളിക്ക് പരിചയം മറ്റൊരു പേരിലാണ്. മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ പതാകാവാഹകരിലൊരാളായിരുന്ന സത്യന്‍. മലയാള സിനിമയെ അതിനാടകീയതയില്‍ നിന്നും സ്വാഭാവിക അഭിനയത്തിന്റെ കളരിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സത്യന്‍ മാസ്റ്റര്‍. രണ്ടു പതിറ്റാണ്ടോളം തുടര്‍ന്ന അഭിനയ ജീവിതത്തിനിടയില്‍, അതും വെറും പത്തു വര്‍ഷം മാത്രം നീണ്ടുനിന്ന സജീവ കാലഘട്ടത്തിനിടയില്‍ നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ച് സൂപ്പര്‍താരപദവിയിലെത്തിയ കലാകാരന്‍.

സത്യന്‍ എന്ന സത്യനേശന്‍ നാടാര്‍ മലയാള സിനിമയിലേക്കെത്തുന്നത് ഏറെ വൈകിയാണ്. തന്റെ നാല്‍പ്പതാം വയസ്സില്‍. രോഗബാധിതനായി മരണത്തിനു കീഴടങ്ങുമ്പോഴാകട്ടെ, വെറും അന്‍പത്തിയൊമ്പതു വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനു പ്രായം. ക്ഷണനേരത്തില്‍ മിന്നിമറഞ്ഞുപോയ അഭിനയജീവിതത്തിനിടയില്‍ അദ്ദേഹം നേടിയെടുത്തത് വലിയ ജനസമ്മതിയും നിരൂപകപ്രശംസയുമാണ്. വെറുമൊരു നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ, ശരീര ഭാഷ കൊണ്ടോ ബഹളങ്ങളില്ലാതെ മിതമായി തിരശ്ശീലയില്‍ ആശയസംവേദനം നടത്തുന്നതായിരുന്നു സത്യന്റെ രീതി. മലയാള സിനിമയ്ക്ക് അന്ന് തീര്‍ത്തും പുതിയതായിരുന്നു സൂക്ഷ്മാഭിനയത്തിന്റെ ആ ശൈലി. നാഗര്‍കോവിലിലെ ചെറുഗ്രാമത്തില്‍ നിന്നും സിനിമയുടെ താരസിംഹാസനത്തിലേക്കുള്ള സത്യന്റെ യാത്രയ്ക്ക് പല അധ്യായങ്ങളുണ്ട്.

സത്യന്‍

1912 നവംബര്‍ 9ന് പഴയ തെക്കന്‍ തിരുവിതാംകൂറിലെ ആറാമലയില്‍ മാനുവേലിന്റെയും ലില്ലിയുടെയും മകനായാണ് സത്യനേശന്റെ ജനനം. അന്നത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ യോഗ്യതകളിലൊന്നായ വിദ്വാന്‍ പരീക്ഷ പാസ്സായ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു സത്യന്‍. തുടര്‍ന്ന് കുറച്ചുകാലം ആറാമലയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അധ്യാപകനായി സത്യന്‍ ജോലി ചെയ്തിരുന്നു. അതിനുശേഷം തിരുവിതാംകൂര്‍ സെക്രട്ടറിയേറ്റില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. ഒരു വര്‍ഷക്കാലത്തോളം ആ ജോലിയില്‍ തുടര്‍ന്നതിനു ശേഷം 1941ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനായി ബാംഗ്ലൂരിലേയ്ക്ക് യാത്ര തിരിച്ചു.

ചുരുങ്ങിയ കാലത്തിനിടെ സത്യന്‍ സൈന്യത്തില്‍ പല ഉന്നതപദവികളും എത്തിപ്പിടിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയില്‍ അംഗമായിരുന്നു സത്യന്‍. ബര്‍മയിലും മ്യാന്‍മറിലുമെല്ലാം യുദ്ധമുഖത്ത് ബ്രിട്ടീഷ് പടയില്‍ അംഗമായി സത്യനുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തെ സൈനികസേവനത്തിനു ശേഷം തിരികെയെത്തിയ സത്യന്‍ 1946ല്‍ തിരുവിതാംകൂര്‍ പൊലീസില്‍ ചേര്‍ന്നു. ഇക്കാലയളവിലാണ് ആലപ്പുഴയില്‍ ജോലി ചെയ്തിരുന്നത്.

പൊലീസുദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന കാലത്തു തന്നെ, നാടകത്തിലും സിനിമയിലും അഭിനയിക്കാനുള്ള അതിയായ ആഗ്രഹം സത്യനുണ്ടായിരുന്നു. അമച്വര്‍ നാടകങ്ങളില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങുകയും ചെയ്തിരുന്നു. കലയോടുള്ള അഭിനിവേശത്തെ പ്രോത്സാഹിപ്പിക്കണോ, അതോ സ്ഥിരവരുമാനമുള്ള സര്‍ക്കാര്‍ ജോലിയില്‍ തുടരണോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ്, സത്യന്‍ സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരെ പരിചയപ്പെടുന്നത്.

സത്യന്‍ കുടുംബത്തോടൊപ്പം

സിനിമാ സംഗീത സംവിധായകനായിരുന്ന അദ്ദേഹം, സത്യനെ പൊലീസുദ്യോഗം രാജി വച്ച് അഭിനയത്തിലേക്ക് കടക്കാന്‍ ഉപദേശിച്ചു. സത്യന്റെ ആഗ്രഹവും അതുതന്നെയായിരുന്നു. ഭാഗവതര്‍ വഴി ധാരാളം ചലച്ചിത്രപ്രവര്‍ത്തകരെ സത്യന്‍ പരിചയപ്പെട്ടു, അവസരങ്ങള്‍ക്കായി അഭ്യര്‍ത്ഥിച്ചു. പക്ഷേ, ഏറെക്കാലം ഫലമുണ്ടായില്ല. കഴിവു തെളിയിക്കാനൊരു മാര്‍ഗ്ഗം തേടി അദ്ദേഹം സാധ്യമായ വാതിലുകളെല്ലാം മുട്ടി നോക്കി. ഏറെ പരിശ്രമത്തിനു ശേഷം വനമാല എന്ന സിനിമയില്‍ സത്യന് ഒരു അവസരം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും, ലൊക്കേഷനിലെത്തിയപ്പോള്‍ റോളില്ലെന്നു തിരിച്ചറിഞ്ഞ് മടങ്ങേണ്ടിവന്നു.

വീണ്ടും വലിയ കാത്തിരിപ്പിനു ശേഷമാണ് കൗമുദി ബാലകൃഷ്ണന്റെ ത്യാഗസീമയില്‍ നല്ലൊരു വേഷം സത്യന് ലഭിക്കുന്നത്. 1951ലായിരുന്നു അത്. മറ്റൊരു പുതുമുഖ നടന്‍ കൂടി അന്ന് സത്യനൊപ്പം ത്യാഗസീമയില്‍ അഭിനയിക്കാനെത്തിയിരുന്നു – അബ്ദുല്‍ ഖാദര്‍ എന്ന പ്രേംനസീര്‍. മലയാളം കണ്ട ഏറ്റവും മികച്ച രണ്ട് അഭിനേതാക്കളുടെ അരങ്ങേറ്റ ചിത്രമായി ചരിത്രത്തില്‍ ഇടംപിടിക്കേണ്ടിയിരുന്ന ത്യാഗസീമ പക്ഷേ, പാതിയില്‍ നിന്നുപോവുകയാണ് ചെയ്തത്.

സിനിമ വെളിച്ചം കണ്ടില്ലെങ്കിലും, സത്യന്റെ പ്രതിഭ സംവിധായകര്‍ തിരിച്ചറിഞ്ഞു. തൊട്ടടുത്ത വര്‍ഷം, ആത്മസഖി എന്ന സിനിമയിലൂടെ സത്യന്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചു. ചിത്രം ശ്രദ്ധിക്കപ്പെട്ടു. സത്യനേശന്‍ നാടാര്‍ എന്ന മുഴുവന്‍ പേര് അദ്ദേഹം ചുരുക്കി സത്യന്‍ എന്നാക്കി. പൊലീസിലെ ജോലി രാജിവച്ച് മുഴുവന്‍ സമയം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പിന്നീടങ്ങോട്ട് സത്യന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തിരമാല, ആശാദീപം, ലോകനീതി, സ്‌നേഹസീമ, നീലക്കുയില്‍, നായര് പിടിച്ച പുലിവാല് എന്നിങ്ങനെ തുടര്‍ന്നു വന്ന ചിത്രങ്ങളെല്ലാം സത്യനിലെ അഭിനേതാവിന്റെ മാറ്റ് തെളിയിക്കുന്നതായിരുന്നു.

1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലെ ശ്രീധരന്‍ മാസ്റ്റര്‍ എന്ന കഥാപാത്രമാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട, രജതകമലം അവാര്‍ഡ് സ്വന്തമാക്കിയ ആദ്യ മലയാള ചിത്രമായിരുന്നു നീലക്കുയില്‍. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ നീലക്കുയിലിലെ വേഷം സത്യനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. നല്ല സിനിമയുടെ, മികച്ച സിനിമയുടെ വക്താവായി സത്യനെ ചലച്ചിത്രലോകം കണ്ടുതുടങ്ങി.

കെ.എസ്. സേതുമാധവന്‍, എ.വിന്‍സന്റ്, രാമു കാര്യാട്ട് എന്നിങ്ങനെ പ്രമുഖ സംവിധായകരുടെയെല്ലാം സിനിമകളില്‍ സത്യന് ഇടമുണ്ടായി. 1961 മുതല്‍ സത്യന്റെയും മലയാള സിനിമയുടെയും സുവര്‍ണകാലം ആരംഭിക്കുകയായിരുന്നു. വടക്കന്‍പാട്ട് ചിത്രമായ ഉണ്ണിയാര്‍ച്ചയിലെ ആരോമല്‍ ചേകവരില്‍ തുടങ്ങി മുടിയനായ പുത്രനിലെ രാജന്‍, ഭാര്യയിലെ ബെന്നി, മൂടുപടത്തിലെ അപ്പുക്കുട്ടന്‍, ആദ്യകിരണങ്ങളിലെ കുഞ്ഞുട്ടി എന്നിങ്ങനെ പല വേഷങ്ങളില്‍ സത്യന്‍ ആസ്വാദകര്‍ക്കു മുന്‍പിലെത്തി. ഓടയില്‍ നിന്നിലെ പപ്പു, യക്ഷിയിലെ പ്രൊഫസര്‍ ശ്രീനി, ചെമ്മീനിലെ പളനി എന്നിവ സത്യന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചില കഥാപാത്രങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

റിക്ഷാക്കാരനായ പപ്പുവിന്റെ ആത്മസംഘര്‍ഷങ്ങളും, അന്നേവരെയുണ്ടായിരുന്ന നായകസങ്കല്പങ്ങള്‍ തച്ചുടച്ച ശ്രീനിയുടെ മനോവ്യാപാരങ്ങളും മുക്കുവനായ പളനിയുടെ പരുക്കന്‍ മാനറിസങ്ങളും സത്യനില്‍ ഭദ്രമായിരുന്നു. അന്വേഷിച്ചു കണ്ടെത്തിയില്ല, വാഴ്വേമായം, ത്രിവേണി, കടല്‍പ്പാലം, ഒരു പെണ്ണിന്റെ കഥ, മിടുമിടുക്കി, അടിമകള്‍, കാട്ടുകുരങ്ങ് എന്നിങ്ങനെ സത്യന്‍ അരങ്ങില്‍ നിറഞ്ഞാടിയ ചലച്ചിത്രങ്ങള്‍ അനവധിയാണ്.

ചെമ്മീന്‍ സിനിമയില്‍ സത്യന്‍ അവതരിപ്പിച്ച പളനി എന്ന കഥാപാത്രം

അന്നത്തെ സാങ്കേതികവിദ്യകളുടെ പരിമിതികളെ കവച്ചുവയ്ക്കുന്ന, എന്നാല്‍ ചലച്ചിത്രം എന്ന സങ്കേതത്തിന് ഏറ്റവുമിണങ്ങുന്ന തരത്തിലുള്ള അഭിനയശൈലി തന്നെയാണ് സത്യനെ ഒരു കാലഘട്ടത്തിന്റെ ഐക്കണാക്കി മാറ്റിയത്. നാടകത്തിന്റെ സ്വാധീനം പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്ത മലയാള സിനിമയിലേക്കാണ് സത്യന്‍ കടന്നുവരുന്നത്. നാടകവേദികളിലെന്ന പോലെ അതിഭാവുകത്വം നിറഞ്ഞ അഭിനയവും സംഭാഷണങ്ങളും സിനിമയിലും പതിവായിരുന്നു. എന്നാല്‍, സിനിമ ആവശ്യപ്പെടുന്ന മിതത്വമായിരുന്നു സത്യന്റെ കൈമുതല്‍.

നായകന്റെ ദുഃഖം പ്രേക്ഷകനിലേക്കെത്തിക്കാന്‍ പൊട്ടിക്കരച്ചില്‍ വേണ്ട, തീക്ഷ്ണമായൊരു നോട്ടം മതി എന്ന് മലയാള സിനിമ സത്യനിലൂടെ തിരിച്ചറിഞ്ഞു. നായകകഥാപാത്രങ്ങള്‍ മാത്രമല്ല, പ്രതിനായക പരിവേഷമുള്ള പ്രധാനറോളുകളും ക്രൂരനായ വില്ലന്റെ വേഷവുമെല്ലാം സത്യന്‍ ഒരുപോലെ കൈകാര്യം ചെയ്തു. സിനിമയില്‍ സത്യനെ തേടിയെത്തിയവയില്‍ കൂടുതലും പരുക്കന്‍ സ്വഭാവക്കാരായ കഥാപാത്രങ്ങളായിരുന്നു. സെറ്റുകളില്‍ അധികം ചിരിക്കാത്ത, തമാശകള്‍ പറയാത്ത പ്രകൃതം കൂടിയായതോടെ, ആ കഥാപാത്രങ്ങളുടെ പരുക്കന്‍ പരിവേഷം പതിയെ സത്യനും ചാര്‍ത്തിക്കിട്ടി. സഹപ്രവര്‍ത്തകര്‍ക്ക് പക്ഷേ, സത്യന്‍ എക്കാലത്തും സത്യന്‍ മാസ്റ്ററായിരുന്നു. അധ്യാപകനായി ജീവിതമാരംഭിച്ച സത്യന്‍ അങ്ങനെ മലയാളികളുടെ സത്യന്‍ മാഷായിത്തന്നെ തുടര്‍ന്നു.

കരിയറിന്റെ അവസാനകാലത്താണ് സത്യന്‍ തന്റെ ഏറ്റവും മികച്ച സിനിമകള്‍ ചെയ്തത്. സംശയരോഗിയായ ഭര്‍ത്താവായി സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാഴ്വേ മായം, അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തിയ കടല്‍പ്പാലം, തൊഴിലാളി നേതാവായ ചെല്ലപ്പന്റെ വേഷം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നീ ചിത്രങ്ങളെല്ലാം ഏറെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. 1969ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍, മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതും സത്യന്‍ തന്നെ. കടല്‍പ്പാലം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ അംഗീകാരം. കരകാണാക്കടലിലെ ഇരട്ടവേഷത്തിന് 1971ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സത്യനെത്തേടിയെത്തി. രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം പക്ഷേ, അദ്ദേഹത്തിനുള്ള മരണാനന്തര ബഹുമതിയായിരുന്നു.

അഭിനയജീവിതത്തിന്റെ ഏറ്റവും മികച്ച ഒരു ഘട്ടത്തില്‍, ജനസമ്മിതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് 1970ല്‍ സത്യന് രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. രോഗം അവസാന ഘട്ടത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും, വിശ്രമം നിര്‍ദ്ദേശിച്ചിട്ടും, ഏറ്റെടുത്ത സിനിമകളില്‍ സത്യന്‍ തുടര്‍ന്നും അഭിനയിച്ചു. തന്റെ രോഗവിവരം അധികമാരെയും അറിയിക്കാതെ, സാധിക്കുന്നത്ര സിനിമകള്‍ ആര്‍ത്തിയോടെ ചെയ്തു തീര്‍ക്കുകയായിരുന്നു സത്യന്‍. സത്യന്റേതായി ഇന്നു നമ്മള്‍ കാണുന്ന മാസ്റ്റര്‍പീസുകളില്‍ മിക്കതും രോഗവുമായി മല്ലിട്ടും അവശതകള്‍ ഒളിപ്പിച്ചുമാണ് അദ്ദേഹം അഭിനയിച്ചു പൂര്‍ത്തിയാക്കിയത്. പലപ്പോഴും ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി തൊട്ടടുത്ത ദിവസം അദ്ദേഹം ഷോട്ടിനു തയ്യാറാകുമായിരുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മദ്രാസിലെ സെറ്റില്‍ വച്ച് അദ്ദേഹം ഒരിക്കല്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു. ഏറ്റവും അടുത്ത പല സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പോലും സത്യന്റെ രോഗത്തെക്കുറിച്ച് അതുവരെ അറിയില്ലായിരുന്നു. എന്നത്തേയും പോലെ അന്നും സത്യന്‍ പതിവുപോലെ സ്വയം കാറോടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. തൊട്ടടുത്ത ദിവസം തന്നെ 1971 ജൂണ്‍ 15ന് ആ മഹാനടന്‍ രോഗത്തിനു കീഴടങ്ങി. സത്യന്റെ പൊടുന്നനെയുള്ള മരണവാര്‍ത്ത വിശ്വസിക്കാനാകാതെ ആരാധകരും സിനിമാപ്രേമികളും വിങ്ങിപ്പൊട്ടി.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ പ്രേം നസീറിനൊപ്പം സത്യന്‍

മദ്രാസില്‍ നിന്നും പ്രത്യേക വിമാനത്തില്‍ സത്യന്റെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ച് വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയനടനെ അവസാനമായി കാണാന്‍ അന്ന് തിരുവനന്തപുരത്തെത്തിയത്. ക്യാമറയ്ക്കു മുന്നില്‍ നിന്ന അവസാന ഷോട്ടില്‍ സത്യന്‍ ധരിച്ച വേഷവും അന്ത്യയാത്രയില്‍ അദ്ദേഹത്തോടൊപ്പം സുഹൃത്തുക്കള്‍ ചേര്‍ത്തുവച്ചിരുന്നു. പാളയം എല്‍.എം.എസ് കോമ്പൗണ്ടില്‍ സകല ബഹുമതികളോടെ സത്യന് അന്ത്യവിശ്രമമൊരുങ്ങി.

അനുഭവങ്ങള്‍ പാളിച്ചകള്‍ അഭിനയിച്ച് പൂര്‍ത്തിയാക്കാതെയാണ് സത്യന്‍ മടങ്ങിയത്. ഈ സിനിമയ്‌ക്കൊപ്പം കരകാണാക്കടല്‍, ശരശയ്യ എന്നിവയും സത്യന്റെ മരണശേഷം പുറത്തിറങ്ങിയവയാണ്. 1971ല്‍ മാത്രം 14 ചലച്ചിത്രങ്ങളാണ് സത്യന്റേതായി പുറത്തിറങ്ങിയത്. സത്യന്റെ അഭിനയപ്രതിഭയുടെ ഒരംശം മാത്രമേ ആസ്വാദകര്‍ക്ക് അനുഭവിക്കാനായുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് അധികവും. മറ്റു നായകനടന്മാരേക്കാള്‍ വൈകി മാത്രം തിരശ്ശീലയിലെത്തി, വളരെപ്പെട്ടന്നു തന്നെ തിരികെ മടങ്ങിയ സത്യന്‍ മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Life Story of Film Actor Sathyan

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more