| Tuesday, 22nd June 2021, 9:52 pm

റീല്‍ ലൈഫിലും റിയല്‍ ലൈഫിലും ദളപതിയായ വിജയ് | Dool Stories

അശ്വിന്‍ രാജ്

2018 മെയ് 22. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ജനജീവിതം ദുസ്സഹമാക്കിയ സ്റ്റര്‍ലൈറ്റ് പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവന്ന സമരത്തിന്റെ നൂറാംദിവസമായിരുന്നു അന്ന്. കമ്പനിയുടെ മലിനീകരണം കാരണം രോഗികളായി മാറിയ ഒരു നാട് ഒന്നടങ്കം സമരസ്ഥലത്തേക്ക് ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു പൊലീസും അധികാരികളും കണ്ടത്.

പൊലീസ് സമരസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി പിരിഞ്ഞുപോയാല്‍ പിറന്ന മണ്ണില്‍ ജീവിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തില്‍ പ്രായ ലിംഗ ഭേദമന്യേ തൂത്തുക്കുടിയിലെ സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങള്‍ പ്രതിഷേധ മാര്‍ച്ചുമായി മുന്നോട്ടു നീങ്ങി.

കോപാകുലരായ പൊലീസുകാര്‍ സമരക്കാര്‍ക്കുനേരെ നിര്‍ദയം വെടിയുതിര്‍ത്തു. ഷോവ്ലിന്‍ എന്ന ഒരു പെണ്‍കുട്ടിയടക്കം 13 പേരാണ് ആ സമരഭൂമിയില്‍ വെച്ച് വെടിയേറ്റ് രക്തസാക്ഷികളായത്. അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട വേട്ടകളിലൊന്നായിരുന്നു അവിടെ അരങ്ങേറിയത്.

തമിഴ് രാഷ്ട്രീയാന്തരീക്ഷത്തെ അടിമുടി പ്രക്ഷുബ്ദമാക്കുകയായിരുന്നു തൂത്തുക്കുടിയിലെ ആ വെടിവെയ്പ്പ്. തമിഴകത്തെ സൂപ്പര്‍സ്റ്റാറായ രജനികാന്ത് അടക്കമുള്ള പല പ്രമുഖരും തൂത്തുക്കുടിയിലെ ജനങ്ങളുടെ സമരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

പ്രാണവായുവിനും കുടിവെള്ളത്തിനും വേണ്ടി തങ്ങള്‍ നടത്തിയ അതിജീവന സമരത്തെ സര്‍ക്കാര്‍ വെടിയുണ്ടകൊണ്ട് നേരിട്ടതിന്റെ മുറിവുകളുണങ്ങാതെ കഴിയുന്ന തൂത്തുക്കുടിയിലെ സഹായപുരം ഗ്രാമത്തിലേക്ക് അര്‍ധരാത്രിയില്‍ കടന്നുവന്ന ഒരു ബൈക്കിന്റെ പിറകില്‍ ഇരിക്കുന്ന ആളെ കണ്ട് പ്രദേശത്തെ വീട്ടുകാര്‍ അമ്പരന്നു.

അസമയത്ത് വന്നതില്‍ ഓരോ വീട്ടുകാരോടും ക്ഷമ ചോദിച്ചതിന് ശേഷം അയാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി. ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു. അവരെ ആശ്വസിപ്പിച്ചു. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കി.

ആള്‍ക്കൂട്ടങ്ങളോ ആരവങ്ങളോ ഇല്ലാതെ അര്‍ധരാത്രിയില്‍ സഹായപുരത്തെ ആ കൊച്ചുകൂരകളിലെത്തി നിരാലംബരായ മനുഷ്യരുടെ നിസ്സഹായതകള്‍ക്കൊപ്പം നിന്ന് ഒരു സാധാരണക്കാരനെ പോലെ തന്റെയുള്ളിലെ മനുഷ്യപക്ഷ രാഷ്ടീയം വിളിച്ചുപറഞ്ഞത് തെന്നിന്ത്യയുടെ ഇളയ ദളപതി സാക്ഷാല്‍ വിജയ് ആയിരുന്നു.  സിനിമയുടെ വര്‍ണലോകങ്ങള്‍ക്ക് പുറത്തുള്ള ലോകത്ത് വിജയ് തന്റെ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നതും അത് ദേശീയ തലങ്ങളില്‍ ചര്‍ച്ചയായി മാറുന്നതും അന്നാദ്യമായായിരുന്നില്ല. തൂത്തുക്കുടിയിലെ ആ അര്‍ധ രാത്രി സന്ദര്‍ശനം ഒരു തുടര്‍ച്ച മാത്രമായിരുന്നു.

മാസങ്ങള്‍ പിന്നിട്ടു. 2020 ഫെബ്രുവരി 10. തമിഴ്നാട്ടിലെ വ്യവസായ നഗരമായ നെയ്വേലിയില്‍ ചില പ്രത്യേക കാരണങ്ങളാല്‍ 5 ദിവസങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണ്. പതിവില്‍ കവിഞ്ഞ ആരവങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷന് ചുറ്റും. ചുട്ടുപൊള്ളുന്ന വെയിലില്‍ കല്‍ക്കരിപ്പാടത്തിന്റെ ചൂടിനെ അവഗണിച്ച് ആയിരങ്ങള്‍ നാലുപാടും തടിച്ചുകൂടിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പ്രയാസപ്പെട്ടു. വൈകാതെ തന്നെ വിജയി ലൊക്കേഷനിലെത്തി. കാറില്‍ നിന്നിറങ്ങിയ വിജയ് പൊലീസ് കെട്ടിയുയര്‍ത്തിയ ബാരിക്കേഡിനു പുറത്ത് സിനിമാ സെറ്റിലെ പ്രൊഡക്ഷന്‍ ടീമിന്റെ വാനിന്റെ മുകളില്‍ കയറി നിന്നു.

ദളപതിയെന്നും തലൈവായെന്നുമൊക്കെ ഉച്ഛത്തില്‍ ആരവങ്ങള്‍ മുഴക്കിയ ആരാധകരോട് ശാന്തരാകാന്‍ കൈവീശിക്കാണിച്ച ശേഷം പൊടുന്നനെ തന്റെ ഫോണ്‍ പോക്കറ്റില്‍ നിന്നും പുറത്തെടുത്ത് ജനക്കൂട്ടത്തിന് നേരെ പുറം തിരിഞ്ഞ് നിന്നു. കഴിയുന്നത്ര ആളുകളോട് ഫ്രെയിമിനുള്ളിലേക്ക് കടന്നുനില്‍ക്കാന്‍ ആംഗ്യം കാണിച്ചതിന് ശേഷം ഒരൊറ്റ ക്ലിക്ക്…. ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് എഴുതി. താങ്ക് യൂ നെയ്വേലി… കൊടുങ്കാറ്റായി മാറിയ ആ ചിത്രമായിരുന്നു ട്വിറ്ററില്‍ ആ വര്‍ഷം ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്…

ഒരു താരം തന്റെ ആരാധകരെ ചേര്‍ത്തുവെച്ചെടുത്ത കേവലമൊരു സെല്‍ഫി രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിനും ലക്ഷക്കണക്കിന് പേര്‍ അത് പങ്കുവെച്ചതിനും പിറകില്‍ വലിയ രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്നു. കേവലം അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാസ്റ്റര്‍ സിനിമയുടെ സെറ്റിലും വിജയിയുടെ ചെന്നെയിലുള്ള രണ്ട് വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി റെയിഡ് നടത്തിയതും ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടതും.

വിജയിക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന ആരോപണങ്ങള്‍ പരക്കെ ഉയര്‍ന്നു. സിനിമയിലും ജീവിതത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെയും നയങ്ങളെയും തുറന്നെതിര്‍ത്തതിന്റെ പേരില്‍ ഭരണകൂടം വിജയിയെ വേട്ടയാടുകയാണെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നു. അതിന്റെ പ്രതിഫലനമായിരുന്നു നെയ്വേലിയില്‍ കണ്ട ആ ആള്‍ക്കൂട്ടം.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിനിമയും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്താനാവാത്ത വിധം ബന്ധങ്ങളുള്ള നാടാണ് തമിഴ്നാട്. സിനിമയ്ക്കകത്തെ ഡയലോഗുകളില്‍ രാഷ്ട്രീയം കടന്നുവന്നതോടു കൂടിയാണ് പലരും വിജയിയെ ഭീതിയോടെ നോക്കിക്കാണാനൊരുങ്ങിയത്. ക്ഷേത്രങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്നും ജി.എസ്.ടിയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വിജയ് കഥാപാത്രങ്ങള്‍ സിനിമയിലൂടെ പറഞ്ഞതോടെ കേന്ദ്രം ഭരിക്കുന്ന ശക്തികളുടെ കണ്ണിലെ കരടായി വിജയ് മാറി. വൈകാതെ രാഷ്ട്രീയം സിനിമയ്ക്ക് പുറത്തുമെത്തി.

നോട്ടുനിരോധന കാലത്ത് പത്രസമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പരസ്യ പ്രസ്താവനയുമായി, ജല്ലിക്കട്ട് സമരത്തില്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി മുഖം മറച്ച് നിന്നുകൊണ്ട്, തൂത്തുക്കുടിയിലെ അര്‍ധ രാത്രി സന്ദര്‍ശനത്തിലൂടെ അങ്ങനെ തുടങ്ങി ഏറ്റവുമൊടുവില്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം സൈക്കിള്‍ ചവിട്ടി പോളിംഗ് ബൂത്തിലേക്ക് പോയതിലൂടെ… പ്രത്യക്ഷമായും പരോക്ഷമായും വിജയ് രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരുന്നു. ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ സിനിമയിലേത് പോലെ ഞാന്‍ അഭിനയിക്കില്ല എന്നായിരുന്നു ഒരിക്കല്‍ ഒരു സ്റ്റേജ് ഷോയില്‍ വെച്ച് വിജയ് പറഞ്ഞത്.

എം.ജി.ആറും കരുണാനിധിയും ജയലളിതയുമെല്ലാം സിനമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴകം കീഴടക്കിയതിന്റെ അനുഭവങ്ങളുള്ളതിനാല്‍ വിജയിയുടെ ഓരോ ചലനങ്ങളെയും നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയത്തോടെയാണ് നോക്കിക്കണ്ടത്.

റൊമാന്റിക് ഹീറോ ആയി സിനിമകളിലേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പര്‍ താരമായി മാറിയ വിജയ് എന്ന നടന്റെ ഓരോ ചലനങ്ങളെയും തമിഴ് രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നതിന്റെ കാരണങ്ങള്‍ നിരവധിയായിരുന്നു. സിനിമാക്കാരനായ അച്ഛന്റെ മകനായാണ് വിജയിയും സിനിമയിലെത്തിയതെങ്കിലും ഏതൊരു പുതുമുഖവും നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും വിജയിയും നേരിടേണ്ടി വന്നിരുന്നു. ഘട്ടം ഘട്ടമായുള്ള വിജയിയുടെ ജീവിത വളര്‍ച്ചയുടെ കഥ തമിഴ് സിനിമാ ലോകത്തെ ഒരു യുഗത്തിന്റെ അടയാളം കൂടിയാണ്.

1974 ജൂണ്‍ 22 നാണ് സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനായ എസ്.എ. ചന്ദ്രശേഖറിനും ഗായികയായ ശോഭയ്ക്കും ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ആണ്‍കുഞ്ഞ് ജനിക്കുന്നത്.

1977 ല്‍ എസ്.എ ചന്ദ്രശേഖര്‍ സ്വതന്ത്ര സിനിമാ സംവിധായകനായി മാറി. നിരവധി അവസരങ്ങള്‍ ചന്ദ്രശേഖറിനെ തേടിയെത്തി. 1982 ല്‍ വിജയ്ക്ക് ഒരു അനിയത്തി കൂടി പിറന്നു. വിദ്യ എന്ന് പേരിട്ട അനിയത്തിക്കുട്ടിക്കൊപ്പമായി വിജയ് ഏത് സമയവും. സ്‌ക്കൂള്‍ വിട്ടുവന്നാല്‍ അനിയത്തിയെ കളിപ്പിച്ച് വിജയ് ഇരിക്കും

1984 ല്‍ വിജയകാന്തിനെ നായകനാക്കി ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രി എന്ന സിനിമയില്‍ വിജയ് ആദ്യമായി അഭിനയിച്ചു. സന്തോഷത്തോടെ ആ കുടുംബം ജീവിതം കെട്ടിപടുക്കുന്നതിനിടെയാണ് പെട്ടന്നാണ് ആ ദുരന്തം അവരുടെ  ജീവിതത്തില്‍ ഉണ്ടാവുന്നത്.

വിജയ്ക്ക് 10 വയസ്സുള്ളപ്പോള്‍ രണ്ടാം വയസ്സില്‍, അനിയത്തിക്കുട്ടി വിദ്യ രോഗം ബാധിച്ച് മരിച്ചു. ആര്‍പ്പുവിളിച്ച് തുള്ളിച്ചാടി വീടുമുഴുവന്‍ ഓടി, അനിയത്തിക്കുട്ടിയെ കളിപ്പിച്ച് സന്തോഷവാനായി ജീവിച്ചിരുന്ന വിജയ്ക്ക് അത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. സംസാര പ്രിയനായിരുന്ന വിജയ് മിതഭാഷിയായി. സദാസമയവും റൂം അടച്ചിരിക്കാന്‍ വിജയ് ആഗ്രഹിച്ചു. ആള്‍കുട്ടങ്ങളില്‍ നിന്ന് അകന്നുകഴിയാന്‍ വിജയ് ആഗ്രഹിച്ചു.

വര്‍ഷം 1991 വിജയ് ചെന്നൈ ലയോള കോളെജില്‍ പഠിക്കുന്ന സമയം. ഇളയരാജയുടെ മകനായ യുവന്‍ ശങ്കര്‍ രാജ, തമിഴ്നടനായ ശിവകുമാറിന്റെ മകന്‍ ശരവണന്‍, മഹേഷ് ബാബു, സഞ്ജയ് തുടങ്ങിയവരായിരുന്നു വിജയ്യുടെ സമകാലികരായി കോളെജില്‍ ഉണ്ടായിരുന്നത്.

സ്വാഭാവികമായി വിജയ്ക്ക് ചുറ്റം എല്ലായ്പ്പോഴും സിനിമയാണ്. അങ്ങിനെയാണ് വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ടായത്.  പുതിയ ചിത്രത്തിന്റെ പണിപുരയിലായിരുന്ന അച്ഛനോട് വിജയ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ ചന്ദ്രശേഖറിന് ആദ്യം അതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഏറെ കാലമായി വളരെ മൗനിയായി മാത്രം ഇടപെടുന്ന വിജയുടെ പെരുമാറ്റം കാരണം സിനിമയില്‍ ശോഭിക്കാന്‍ കഴിയുമോ എന്നതായിരുന്നു ചന്ദ്രശേഖറിന്റെ സംശയം. പക്ഷേ വിജയിയുടെയും അമ്മ ശോഭയുടെയും നിര്‍ബന്ധത്തിന് പിന്നാലെ വിജയിയെ നായകനാക്കി സിനിമയൊരുക്കാന്‍ എസ്.എ. ചന്ദ്രശേഖര്‍ തീരുമാനിച്ചു.

1992 ല്‍ നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ വിജയ് നായകനായി അരങ്ങേറി. എന്നാല്‍ ആദ്യ ചിത്രത്തില്‍ തന്നെ നിരൂപകരുടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വിജയ് നേരിട്ടത്. എലി മൂഞ്ചി പോലെയാണ് വിജയുടെ മുഖമെന്നും ആരാണ് ഈ മുഖം കാശ് കൊടുത്ത് കാണുകയെന്നുമുള്ള തരത്തില്‍ രൂക്ഷ വിമര്‍ശനം വന്നു.

എന്നാല്‍ തോറ്റ് പിന്മാറാന്‍ വിജയ് തയ്യാറായിരുന്നില്ല. നിര്‍മ്മാതാവും സംവിധായകനുമായ അച്ഛന്റെ കൈതാങ്ങ് കൂടെയുണ്ടായിരുന്നുവെങ്കിലും ഒരുപാട് താരങ്ങള്‍ വാഴുകയും വീഴുകയും ചെയ്ത ഒരുസ്ഥലത്ത് തന്റേതായ ചുവട് വെയ്ക്കാന്‍ വിജയിക്ക് ഒരു പാട് പരിശ്രമിക്കേണ്ടി വന്നു.

റൊമാന്റിക് സിനിമകളിലൂടെ പതിയെ പതിയെ ആളുകള്‍ വിജയിയെ ഇഷ്ടപ്പെട്ടു തുടങ്ങി. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന ചിത്രത്തിന് ശേഷമാണ് വിജയിയെ ഒരു നടനായി ആളുകള്‍ അംഗീകരിച്ചു തുടങ്ങിയത്. പിന്നീട് വണ്‍സ്മോര്‍, നേര്‍ക്കു നേര്‍, കാതുലുക്ക് മര്യാദെ, തുടങ്ങി ഒരുപിടി സിനിമകള്‍. ഇതില്‍ കാതലുക്ക് മര്യാദെ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം വിജയ് സ്വന്തമാക്കി. 1999 ല്‍ പുറത്തിറങ്ങിയ തുള്ളാത്ത മനവും തുള്ളും എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ വിജയ് ആരാധകരെ സൃഷ്ടിച്ചു. കേരളത്തില്‍ നൂറ് ദിവസത്തിനടുത്ത് സിനിമ പ്രദര്‍ശിപ്പിച്ചു. ഇതിനിടെ തന്റെ കടുത്ത ആരാധികയായിരുന്ന സംഗിതയെ വിജയ് വിവാഹം ചെയ്തു.

തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഖുഷി വിജയിയുടെ താര പദവി ഉറപ്പിക്കുകയായിരുന്നു. കോമഡി, പ്രണയം, ആക്ഷന്‍, ഡാന്‍സ് ഇവയെല്ലാം വിജയ് ചിത്രത്തിന്റെ വിജയ ഫോര്‍മുലയായി മാറി. ഷാജഹാന്‍ എന്ന സിനിമയിലെ ‘സരക്ക് വെച്ചിരുക്കു’ എന്ന ഗാനം തെന്നിന്ത്യ മുഴുവന്‍ ചലനം സൃഷ്ടിച്ചു.

പതിയെ ആക്ഷന്‍ ചിത്രങ്ങളിലേക്ക് വിജയ് ട്രാക്ക് മാറ്റി തുടങ്ങി. 2003 ല്‍ തിരുമലൈ എന്ന ചിത്രത്തിലൂടെ വിജയ് തന്റെ സ്ഥിരം ചിത്രങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗില്ലി എന്ന ചിത്രം വിജയ് എന്ന എന്ന മാസ് ഹിറോയുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു. തമിഴ് സിനിമാചരിത്രം തന്നെ തിരുത്തിയെഴുതിക്കൊണ്ട് തമിഴില്‍ 50 കോടി നേടിയ ആദ്യ ചിത്രമായി ഗില്ലി മാറി.

തുടര്‍ന്ന് വന്ന ചിത്രങ്ങള്‍ വിജയിച്ചെങ്കിലും ഗില്ലി പോലെ ഒരു ചലനം ബോക്‌സോഫീസില്‍ സൃഷ്ടിച്ചില്ല. 2007 ല്‍ പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയിലൂടെ വിജയ് വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവിടന്നങ്ങോട്ടും വിജയിക്ക് പരാജയത്തിന്റെ വര്‍ഷങ്ങളായിരുന്നു.

തന്റെ കരിയറിലെ അമ്പതാം ചിത്രം ‘സുറ’ ബോക്‌സോഫിസില്‍ തകര്‍ന്നടിയുന്നത് വിജയിക്ക് കണ്ടിരിക്കേണ്ടി വന്നു. ഇനി ഒരു തിരിച്ചുവരവ് വിജയിക്ക് ഇല്ലെന്ന് നിരൂപകര്‍ വിധിയെഴുതി. വിജയിയുടെ സ്ഥിരം പാറ്റേണ്‍ സിനിമകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിജയിയുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്നടക്കം ചില തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.

പിന്നീടുള്ള ചുവടുകള്‍ വളരെയധികം ശ്രദ്ധിച്ചായിരുന്നു. തന്റെ പഴയകാലം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ 2011ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കാവലനില്‍ വിജയ് അഭിനയിച്ചു. തുടര്‍ന്ന് തമിഴില്‍ എക്കാലവും കൊണ്ടാടിയ ചേട്ടന്‍-അനിയത്തി സ്‌നേഹവും കോമഡിയും ആക്ഷനും എല്ലാം നിറച്ച് ഒരു സൂപ്പര്‍ ഹീറോയായി വേലായുധത്തില്‍ അഭിനയിച്ചു.

തൊട്ടടുത്ത വര്‍ഷം ത്രി ഇഡിയറ്റ്‌സിന്റെ റീമേക്കായ നന്‍പനില്‍ അതുവരെയുള്ള വിജയ് ചിത്രങ്ങളുടെ ഒരു സ്വാധീനവുമില്ലാതെ ആക്ഷന്‍ പരിവേഷം ഒരു തരി പോലും ഇല്ലാതെ വിജയ് അഭിനയിച്ചു. വിജയ് എന്ന നടനെ മികച്ച സംവിധായകര്‍ക്ക് ലഭിച്ചാല്‍ ഇനിയും അയാളില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കാം എന്ന് തെളിയിച്ചതായിരുന്നു ആ ചിത്രം.

അതേവര്‍ഷം ദീപാവലിക്ക് തുപ്പാക്കി എന്ന ചിത്രത്തിലൂടെ വിജയ് തിരിച്ചെത്തി. അതുവരെയുള്ള എല്ലാ പരാജയത്തിന്റെയും ക്ഷീണം തീര്‍ക്കുന്നതായിരുന്നു ആ വിജയം. തുപ്പാക്കിയുടെ വിജയം സിനിമയ്ക്ക് പുറത്തുള്ള ചിലരെയും അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. എക്കാലത്തെയും പോലെ വിജയിയുടെ ലക്ഷ്യവും രാഷ്ട്രീയമായിരിക്കുമോ എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭയന്നു.

തൊട്ടടുത്തതായി വന്ന ചിത്രത്തിന്റെ ടാഗ് ലൈനും പേരും ഈ ഭയം കൂട്ടുന്നതായിരുന്നു. ‘തലൈവ’ time to lead… വിജയുടെ ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു തുടങ്ങുകയായിരുന്നു. ചിത്രത്തിന് തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത വിലക്കുകള്‍ വന്നു. കേരളത്തില്‍ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്തത്.

തൊട്ടടുത്തുവന്ന കത്തിയിലെ സംഭാഷണങ്ങള്‍ ഡി.എം.കെയെ ചൊടിപ്പിച്ചു. 2 G സ്പെക്ട്രം അഴിമതിയടക്കമുള്ള കാര്യങ്ങള്‍ വിജയ് സിനിമയിലൂടെ ഉന്നയിച്ചതായിരുന്നു പ്രശ്നം. ഇതിനിടെ മോഹന്‍ലാലിനൊപ്പം ജില്ലയിലും വിജയ് അഭിനയിച്ചു.

2015 ല്‍ പുറത്തിറങ്ങിയ പുലി ബോക്‌സോഫിസില്‍ തകര്‍ന്നടിഞ്ഞു. പക്ഷേ അന്നായിരുന്നു ആദ്യമായി ആദായ നികുതി വകുപ്പിന്റെ പരിശോധന വിജയിയുടെ വീട്ടില്‍ നടന്നത്. പരിശോധനയില്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. ഈ കാലഘട്ടത്തിലാണ് അച്ഛനുമായി ചില സ്വരചേര്‍ച്ചകളും വിജയ്ക്ക് ഉണ്ടാവുന്നത്.

പുലിക്ക് ശേഷം വന്ന  തെറിയും മെര്‍സലും സര്‍ക്കാരും ബോക്‌സോഫിസില്‍ എതിരാളികളില്ലാതെ വിജയുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇടയ്ക്ക് വന്ന ഭൈരവ നിരാശപ്പെടുത്തിയെങ്കിലും. ബിഗിലും വിജയിയുടെ അപ്രമാതിത്വം ഉറപ്പിക്കുകയായിരുന്നു.

അതോടെ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറി. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മാസ്റ്ററിന്റെ ഷൂട്ടിംഗിനിടെയാണ് ആദായ നികുതി വകുപ്പ് റെയിഡിലൂടെ വിജയ് വേട്ടയാടപ്പെട്ടത്.

മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണമെന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാറിന്റെ ആരോപണം. വിജയിയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്നുകൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന തന്റെ മുഴുവന്‍ പേര് വിജയ് എഴുതി അതിലെന്താണ് തെറ്റെന്ന് വിജയ് ചോദിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും വിജയിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായി. തമിഴ്നാട്ടിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യവും രജനികാന്തും കമല്‍ ഹാസനുമെല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതുമൊക്കെയായിരുന്നു ഇതിന് വഴി തെളിച്ചത്.

വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും എസ്.എ. ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിരുന്ന വിജയിയുടെ രാഷ്ട്രീയ പ്രവേശനം അങ്ങനെ ഒരിക്കല്‍ കൂടി സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചു.

ഇതിനിടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിജയിയുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. വിജയിയുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയത്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു.

ഇതോടെ തീരുമാനത്തില്‍ നിന്ന് ചന്ദ്രശേഖര്‍ പിന്മാറി. ഇതിനിടെ വോട്ടെടുപ്പ് ദിനത്തിലെ വിജയ്യുടെ പോളിംഗ് ബൂത്തിലേക്കുള്ള സൈക്കിള്‍ യാത്ര ദേശീയ തലത്തിലടക്കം ചര്‍ച്ചയാവുകയും ചെയ്തു. വിജയ് സൈക്കിളില്‍ എത്തിയത് അണ്ണാ ഡി.എം.കെ  ബി.ജെ.പി മുന്നണിക്കും പെട്രോള്‍ വില വര്‍ധനവിനുമെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ട്വിറ്ററില്‍ പെട്രോള്‍-ഡീസല്‍ പ്രൈസ് ഹൈക്ക് എന്ന ടാഗ് ഹിറ്റാവുകയും ചെയ്തിരുന്നു.

അദ്ദേഹം സഞ്ചരിച്ച സൈക്കിളിന്റെ നിറത്തിന് ഡി.എം.കെയുടെ കൊടിയുമായുള്ള സാമ്യമടക്കം ചര്‍ച്ചയായി. എന്നെങ്കിലും ഒരുനാള്‍ വിജയ് രാഷ്ട്രീയത്തില്‍ വരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. 90 കളില്‍ രജനികാന്തിന് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന് സമാനമാണ് വിജയിക്ക് ഇന്ന് തമിഴ്നാട്ടില്‍ ഉള്ള സ്വീകാര്യത.

വിജയിയുടെ സിനിമകളെ പോലെ തന്നെ ഒരോ സിനിമയുടെയും ഓഡിയോ ലോഞ്ചിനും ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങി. എന്‍ നെഞ്ചില്‍ കുടിയിരിക്കും അന്‍പാര്‍ന്ന രസികകളെ എന്ന് തുടങ്ങുന്ന വിജയുടെ പ്രസംഗത്തിനായി മാധ്യമങ്ങടക്കം കാത്തിരിക്കുന്നു. തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു. ആദായ നികുതി റെയ്ഡിന് പിന്നില്‍ ഈ പ്രസംഗങ്ങളും കാരണമായെന്നാണ് വിലയിരുത്തലുകള്‍.

വിജയിയുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് പറഞ്ഞ തിയേറ്റര്‍ ഉടമകള്‍ക്ക് കൊവിഡ് കാലത്ത് താങ്ങായത് മറ്റൊരു വിജയ് ചിത്രമായിരുന്നു എന്നത് കാലത്തിന്റെ കാവ്യ നീതിയായിരുന്നു. വിജയ് തന്റെ വിജയയാത്ര തുടരുകയാണ്…

Untold Life Story Of Thalapathy Vijay | റീല്‍ ലൈഫിലും റിയല്‍ ലൈഫിലും ദളപതിയായ വിജയ് | Dool Stories

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.