1960കളുടെ തുടക്കം. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ തൊണ്ടിയില്‍ സെന്റ് ജോസഫ്സ് പള്ളിയുടെ മുറ്റത്ത് പ്രദേശവാസികളായ കായിക പ്രേമികള്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി ഒത്തുകൂടുമായിരുന്നു.
പന്തുകളി എന്ന ഓമനപ്പേരുള്ള വോളിബോളാണ് പ്രധാന വിനോദം. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കോര്‍ട്ടില്‍, പ്രായഭേദമന്യേ നാട്ടുകാര്‍ ആവേശത്തോടെ പന്തുകളിച്ചു. പള്ളിമുറ്റത്തെ കളിക്കളത്തില്‍ കുട്ടികള്‍ കളിച്ചുവളര്‍ന്നു.
ഒരു ദിവസം, പള്ളിയില്‍ പുതിയൊരു വികാരിയച്ചനെത്തി. പിന്നാലെ ഒരറിയിപ്പും. പള്ളിയുടെ മുന്നില്‍നിന്നുള്ള പന്തുകളി ഇനി അനുവദിക്കാനാകില്ല, മറ്റൊരിടം കണ്ടെത്തണം. നാട്ടുകാര്‍ക്ക് ഇത് വലിയൊരു ഞെട്ടലായിരുന്നു.
വികാരിയച്ചന്‍ ഒരു തരത്തിലും തീരുമാനം മാറ്റില്ലെന്നുറപ്പായപ്പോള്‍, നാട്ടുകാരിലൊരാളായ തൊണ്ടിയില്‍ കടുക്കച്ചിറയിലെ ജോര്‍ജ്ജ് വക്കീല്‍ പന്തുകളിക്കാരായ കൂട്ടുകാരെയും കൂട്ടി തന്റെ കുടുംബസ്വത്തില്‍പ്പെട്ട പറമ്പിലേക്ക് കയറിച്ചെന്നു.
നല്ല വിളവ് തന്നിരുന്ന ഇരുപതോളം തെങ്ങുകള്‍ വെട്ടി ജോര്‍ജ്ജ് വക്കീല്‍ തൊണ്ടിയിലുകാര്‍ക്കായി ഒരു സ്ഥിരം കോര്‍ട്ട് പണിതുണ്ടാക്കി.
ജോര്‍ജ്ജ് വക്കീല്‍ വാശിപ്പുറത്ത് വലിയ വിഡ്ഢിത്തം ചെയ്തുവെന്ന് പലരും പറഞ്ഞു. എന്നാല്‍, മുച്ചീട്ടുകളിയെയും പന്തുകളിയെയും ഒരേ തട്ടില്‍ അളന്നിരുന്ന കാരണവന്മാരോടുള്ള മറുപടിയെന്നോണം, ജോര്‍ജ്ജ് വക്കീല്‍ തന്റെ പത്തു മക്കളെയും കോര്‍ട്ടിലിറക്കി കളിപ്പിച്ചു. ആദ്യം കോര്‍ട്ടിനു പുറത്ത് പന്തുപെറുക്കാന്‍ നിന്നിരുന്ന ജോര്‍ജ്ജിന്റെ മക്കള്‍ പിന്നീട് ബാക്ക് കോര്‍ട്ടിലിറങ്ങി കളിച്ചു, പതിയെ മുന്‍നിരയില്‍ കയറി സ്മാഷുകളും സര്‍വുകളും പരിശീലിച്ചു.
ജോര്‍ജ്ജ് വക്കീലിന്റെ വാശിപ്പുറത്തുണ്ടായ കോര്‍ട്ടില്‍ നിന്നും ആ മക്കളിലൊരാള്‍ പിന്നീട് അതിരുകളും ആകാശങ്ങളും ഭേദിച്ച് വളര്‍ന്നു. ഇന്ത്യന്‍ കായികരംഗത്തിന്റെ ആഗോള മുഖമായി, വോളിബോള്‍ എന്ന പേരിനൊപ്പം ചേര്‍ത്തുപറയപ്പെടാന്‍ തുടങ്ങി.
കളിയിലൂടെ കളിക്കാരന്‍ വളരുന്ന പതിവുതെറ്റിച്ച്, ജോര്‍ജ്ജിന്റെ രണ്ടാമത്തെ മകന്‍ ജിമ്മിയിലൂടെ വോളിബോള്‍ എന്ന കായികയിനം രാജ്യത്ത് വളര്‍ന്നുതുടങ്ങി. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ജിമ്മിയുടെ പേരും പ്രശസ്തിയും വളര്‍ന്നു.
അനേകം രാജ്യങ്ങളില്‍ ജിമ്മി ആരാധകരുടെ തരംഗമായി. ജിമ്മി ജോര്‍ജ്ജ്, വോളിബോളിന്റെ പര്യായ പദമായി മാറി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജിമ്മി ജോര്‍ജിന്റെ പേരില്‍ സ്റ്റേഡിയങ്ങളും പവലിയനുകളും ഉയര്‍ന്നു, കായികമത്സരങ്ങള്‍ അരങ്ങേറി.
ക്രിക്കറ്റിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്താണോ, അതിലുമേറെയായിരുന്നു വോളിബോളിന് ജിമ്മി ജോര്‍ജ്ജ്. കളത്തിലിറങ്ങിയതു മുതല്‍ മരണം വരെയും ഒരേ ഫോമില്‍ തുടരുക, തന്റെയിനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കായികതാരമായി അവരോധിക്കപ്പെടുക, തൊണ്ടിയില്‍ എന്ന മലയോരഗ്രാമത്തിലെ അമച്വര്‍ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ മുതല്‍ യൂറോപ്യന്‍ ലീഗ് വരെ നീളുന്ന ഒരു കരിയര്‍ ഗ്രാഫ് ഉണ്ടായിരിക്കുക – ആരെയും മോഹിപ്പിക്കുന്ന ജീവിതമായിരുന്നു ജിമ്മി ജോര്‍ജ്ജ് ജീവിച്ചുതീര്‍ത്തത്.
ജിമ്മി ജീവിതത്തില്‍ നിന്നും കളിക്കളത്തില്‍ നിന്നും വിടവാങ്ങിയിട്ട് 33 വര്‍ഷം തികഞ്ഞിരിക്കുന്നു. പുതിയ തലമുറയില്‍പ്പെട്ടവരൊന്നും കോര്‍ട്ടിലെ ജിമ്മിയുടെ പ്രകടനം കണ്ടിട്ടേയില്ല. എന്നിട്ടും, വോളിബോള്‍ എന്ന പദത്തിനൊപ്പം ജിമ്മി ജോര്‍ജ്ജ് എന്ന പേരും തനിയേ ചേര്‍ന്നുവരുന്നു.
1955 മാര്‍ച്ച് 8നാണ് ജിമ്മിയുടെ ജനനം. മലബാറിലെ മലയോരമേഖലയില്‍ നിന്നുള്ള ആദ്യകാല ബിരുദധാരിയും അഭിഭാഷകനുമാണ് ജിമ്മിയുടെ പിതാവ് ജോര്‍ജ്ജ് ജോസഫ്.
അതിലുപരിയായി, യൂണിവേഴ്സിറ്റി ടൂര്‍ണമെന്റുകളില്‍ കഴിവുതെളിയിച്ചിട്ടുള്ള വോളിബോള്‍ താരം കൂടിയായിരുന്നു അദ്ദേഹം. പിതാവിന്റെ വോളിബോള്‍ കമ്പമാണ് ജിമ്മിയടക്കമുള്ള മക്കളെ നന്നേ ചെറുപ്രായത്തില്‍ തന്നെ കോര്‍ട്ടിലെത്തിച്ചത്. ജിമ്മിയുടെ ആദ്യ പരിശീലകനും ജോര്‍ജ്ജ് വക്കീല്‍ തന്നെ.
നാട്ടിലെ വോളിബോള്‍ ടീമുകളില്‍ ആളെ തികയാതെ വന്നപ്പോള്‍ പകരക്കാരനായി കളിച്ചായിരുന്നു ജിമ്മി ജോര്‍ജ്ജിന്റെ തുടക്കം. പേരാവൂരിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ പഠനകാലത്തും വോളിബോളില്‍ തന്നെയായിരുന്നു ശ്രദ്ധ.
കോളേജ് പഠനകാലത്ത് സര്‍വകലാശാലാ ടീമുകളില്‍ ഉജ്വല പ്രകടനം കാഴ്ച വെച്ച് ശ്രദ്ധനേടിയ ജിമ്മി 1971ല്‍ വെറും പതിനാറു വയസ്സു പ്രായമുള്ളപ്പോള്‍ സംസ്ഥാന വോളിബോള്‍ ടീമില്‍ ഇടം നേടിയിരുന്നു.
സംസ്ഥാന ടീമിനു ശേഷം ദേശീയ ടീമിലും ഇടം നേടി കഴിവുതെളിയിച്ച ജിമ്മി, തന്റെ കരിയറിന്റെ ആരംഭഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനത്തിനു ചേരുന്നത്. എങ്കിലും, വോളിബോളിനെ ആത്മാവില്‍ നിന്നും പറിച്ചുമാറ്റാന്‍ ജിമ്മിയ്ക്കാവുമായിരുന്നില്ല.
പഠനം പാതിവഴിയില്‍ നിര്‍ത്തി കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ജിമ്മി തീരുമാനിച്ചു. എന്നാല്‍, ജോര്‍ജ്ജ് വക്കീലിന് ഇത് സമ്മതമായിരുന്നില്ല. മക്കളെല്ലാവരും സുരക്ഷിതമായ ഭാവിയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ച ആ പിതാവിനോട്, ജിമ്മിയുടെ വോളിബോള്‍ പരിശീലകര്‍ ഒരേയൊരു ചോദ്യമേ ചോദിച്ചുള്ളൂ – ‘നാട്ടില്‍ എത്രയോ ഡോക്ടര്‍മാരുണ്ട്. ജിമ്മി ഡോക്ടറായില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല. എന്നാല്‍, ജിമ്മിയെപ്പോലുള്ള അസാമാന്യ കായികപ്രതിഭയുടെ ജനനം അമ്പതോ നൂറോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്.
ആ ജിമ്മിയെത്തന്നെ ഡോക്ടറാക്കണമെന്ന് എന്താണ് നിര്‍ബന്ധം?’ ഈ ചോദ്യം ജോര്‍ജ്ജ് വക്കീലിന്റെ മനസ്സുമാറ്റി. എങ്കിലും, പരിശീലകര്‍ക്ക് തെറ്റുപറ്റിയില്ല. ജിമ്മിയെപ്പോലൊരു കായികപ്രതിഭ അതുവരെയോ, പിന്നീടിക്കാലം വരെയോ ജനിക്കുകയേ ചെയ്തില്ല. അതിന്റെ സാക്ഷ്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
മെഡിക്കല്‍ കോളേജ് പഠനം പാതിയില്‍ ഉപേക്ഷിച്ച് ജിമ്മി തിരിച്ചെത്തിയത് കേരള പൊലീസിലേക്കായിരുന്നു. മരണം വരെ കേരള പൊലീസിന്റെ ടീമില്‍ ജിമ്മി അംഗമായി തുടര്‍ന്നു. ഇക്കാലയളവിനിടെ കേരളപൊലീസിനെ അഖിലേന്ത്യാ കായികമേളയുടെ വിജയപീഠത്തില്‍ പലതവണയെത്തിച്ചു.
ജിമ്മി ജോര്‍ജ്ജ് ഇന്ത്യന്‍ വോളിബോളിന്റെ ആഗോളമുഖമായി മാറുന്നത് 1979-82 കാലഘട്ടത്തില്‍ പൊലീസില്‍ നിന്നും അവധിയെടുത്ത് ക്ലബ് മത്സരങ്ങള്‍ക്കായി വിദേശത്തു പോയതിനു ശേഷമാണ്. യു.എ.ഇയിലെ അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടിയായിരുന്നു ആദ്യം കളിച്ചിരുന്നത്. അറബ് രാജ്യങ്ങളില്‍ ജിമ്മി മികച്ച കായികതാരമെന്ന ഖ്യാതി കേള്‍പ്പിച്ചു തുടങ്ങി.
1982ല്‍ ഇറ്റലിയിലെ വോളിബോള്‍ ക്ലബ്ബുകളില്‍ കളിക്കാനായി കളംമാറ്റിച്ചവിട്ടിയത് ജിമ്മിയുടെ കരിയറിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. ഇറ്റലിയിലെത്തിയ ജിമ്മി ഭാഷ അറിയാതെ അല്പം കുഴങ്ങിയെങ്കിലും, പതിയെ താരപ്പകിട്ടിലേക്കുയര്‍ന്നു. യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി.
ഇറ്റലിയില്‍ ജിമ്മിയ്ക്ക് ചെറുതല്ലാത്ത ആരാധകവൃന്ദവും രൂപപ്പെട്ടുവന്നു. എവിടെ ചെന്നാലും ഓട്ടോഗ്രാഫിനായി ആരാധകര്‍ തിരക്കുകൂട്ടി. ഗ്യാസ് സ്റ്റേഷനുകളില്‍ ആളുകള്‍ ജിമ്മിയോട് പണം വാങ്ങാന്‍ കൂട്ടാക്കിയില്ല; പകരം ഓട്ടോഗ്രാഫ് മതിയെന്നാവശ്യപ്പെട്ടു. ഇന്ത്യയില്‍ വോളിബോളുണ്ടോ എന്ന് ആശ്ചര്യപ്പെട്ടിരുന്ന ഇറ്റലിക്കാര്‍, വോളിബോളിന്റെ ദൈവം ഇന്ത്യാക്കാരനാണെന്നു മാറ്റിപ്പറഞ്ഞു.
ഇറ്റലിയിലെ കായികപ്രേമികള്‍ ജിമ്മിയെ സ്നേഹത്തോടെ ഹെര്‍മിസ് എന്നു വിളിച്ചു. കാലില്‍ ചിറകുള്ള, വായുവില്‍ പറന്നുപൊങ്ങുന്ന ഗ്രീക്ക് ദേവനായ ഹെര്‍മിസ്. കോര്‍ട്ടില്‍ ഉയരത്തില്‍ പറന്നുപൊങ്ങി ഒരു നിമിഷാര്‍ദ്ധം വായുവില്‍ തങ്ങിയശേഷം മറുവശത്തേക്ക് സ്മാഷ് പായിക്കുന്ന ജിമ്മിയെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക.
എട്ട് അടിയില്‍ കെട്ടിയുയര്‍ത്തിയ നെറ്റുള്ള വോളിബോള്‍ കോര്‍ട്ടില്‍, സാധാരണയായി മികച്ച കളിക്കാര്‍ പത്തടി ഉയരത്തിലാണ് സ്മാഷിനായി പന്തിനെ കോണ്ടാക്ട് ചെയ്യുക. എന്നാല്‍, ജിമ്മിയുടെ കോണ്‍ടാക്ട് പന്ത്രണ്ടടിയോളം ഉയരത്തിലായിരുന്നു.
മാസ്മരിക പ്രകടനങ്ങളിലൂടെ കാണികളെ അമ്പരപ്പിച്ച് വായുവിലുയര്‍ന്ന് ഗുരുത്വാകര്‍ഷണത്തെപ്പോലും ജിമ്മി കബളിപ്പിച്ചു. ഉയര്‍ന്നുപൊങ്ങി പരിസരം വീക്ഷിച്ച ശേഷം ജിമ്മി നടത്തുന്ന സ്മാഷ് തടയാന്‍ എതിരാളികള്‍ക്കു കഴിഞ്ഞതേയില്ല. കറുത്ത താടി വച്ച ആ ആറടിപ്പൊക്കക്കാരന്‍ അന്താരാഷ്ട്ര വോളിബോളിലെ അപ്രഖ്യാപിത അത്ഭുതമായി മാറി.
ഇതിനിടയിലാണ് ജിമ്മിയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച 1986ലെ സോള്‍ ഏഷ്യാഡ് അരങ്ങേറുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പതിറ്റാണ്ടുകളോളം നാണംകെട്ടു മടങ്ങിയ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ ജിമ്മി തലയുയര്‍ത്തി മടങ്ങാന്‍ പഠിപ്പിച്ചു.
ജിമ്മിയുടെ മികവിലൂടെ ഇന്ത്യ അന്ന് വെങ്കലം നേടി. 21ാം വയസ്സില്‍ അര്‍ജ്ജുന അവാര്‍ഡ് നേടിയ ജിമ്മി, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സോള്‍ ഏഷ്യാഡില്‍ മെഡല്‍ നേടുന്നത്. ഇത്രയും ദീര്‍ഘകാലത്തില്‍ തന്റെ ഫോം അതേപടി സൂക്ഷിക്കുക എന്നത് ജിമ്മിയുടെ കരിയറിലെ മറ്റൊരു അപൂര്‍വതയായി.
ലോകത്തിലെ ഏറ്റവും മികച്ച പത്ത് അറ്റാക്കര്‍മാരുടെ പട്ടികയില്‍ ഇക്കാലമത്രയും ജിമ്മിയുണ്ടായിരുന്നു. പത്താം നമ്പര്‍ ജഴ്സിയില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പൈക്കറായി കളിച്ചിരുന്ന ജിമ്മിയെത്തേടി, നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളുമെത്തി.
1987ലായിരുന്നു ജിമ്മി ജോര്‍ജ്ജിന്റെ ജീവിതത്തിലെ മറ്റൊരു അപൂര്‍വ സംഭവം അരങ്ങേറിയത്. ജിമ്മിയും തന്റെ ഏഴു സഹോദരന്മാരും ചേര്‍ന്ന് രൂപീകരിച്ച ജോര്‍ജ്ജ് ബ്രദേഴ്സ് എന്ന വോളിബോള്‍ ടീമിന്റെ കന്നിയങ്കമായിരുന്നു അത്. കുടുംബം നിറയെ കായികതാരങ്ങളുള്ള ജോര്‍ജ്ജ് വക്കീല്‍ പരിശീലകനായും, ഭാര്യ മേരി മാനേജറായും രൂപീകരിച്ച ടീമില്‍ ജിമ്മിയ്ക്കു പുറമേ ദേശീയതാരങ്ങളായ സഹോദരങ്ങള്‍ ജോസ്, സെബാസ്റ്റിയന്‍, മാത്യു, ബൈജു, സ്റ്റാന്‍ലി, വിന്‍സ്റ്റണ്‍, റോബര്‍ട്ട് എന്നിവരുമുണ്ടായിരുന്നു.
ഒരൊറ്റ കുടുംബത്തിലെ സഹോദരങ്ങള്‍ ഒരു ഉന്നത കായിക മത്സരത്തിലെ ടീമായി അണിനിരക്കുന്നത് അപൂര്‍വസംഭവമായിരുന്നു. സംസ്ഥാന താരങ്ങള്‍ അണിനിരന്ന എതിര്‍ ടീമിനെ മേയ് 25നു നടന്ന മത്സരത്തില്‍ കടുക്കച്ചിറ സഹോദരന്മാര്‍ നിലംപരിശാക്കി. ഇന്ത്യയില്‍ ജിമ്മി കളിക്കാനിറങ്ങിയ അവസാനത്തെ വോളിബോള്‍ മത്സരമായിരുന്നു അത്.
ആഴ്ചകള്‍ക്കു ശേഷം യൂറോസബാ ക്ലബിന്റെ മത്സരങ്ങള്‍ക്കായി ഇറ്റലിയിലേക്കു മടങ്ങിയ ജിമ്മി ജോര്‍ജ്ജ്, പരിശീലനം കഴിഞ്ഞ് മടങ്ങവേ നവംബര്‍ 30ന് മോണ്ടിക്കേരി കാര്‍പെന്‍ഡോളോയില്‍ വച്ച് കാറപകടത്തില്‍ അന്തരിച്ചു.
മരിക്കുമ്പോള്‍ വെറും 32 വയസ്സായിരുന്നു ജിമ്മിയ്ക്കു പ്രായം. കരിയറിന്റെ ഉന്നതിയില്‍ നിന്നിരുന്ന ജിമ്മിയ്ക്ക് കീഴടക്കാന്‍ ഇനിയും ഉയരങ്ങള്‍ ബാക്കിയായിരുന്നു. തിരുവനന്തപുരത്തും ജന്മനാടായ പേരാവൂരിലും ജിമ്മിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
നിമിഷനേരത്തെ ആവേശം നല്‍കിക്കൊണ്ട് അവസാനിക്കുന്ന മനോഹരമായ ഒരു സ്മാഷ് പോലെ ജിമ്മിയും വളരെപ്പെട്ടന്ന് ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായി.
ജിമ്മിയോടുള്ള ആദരസൂചകമായി ഇറ്റലിയില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം പണികഴിപ്പിക്കപ്പെട്ടു. ജിമ്മി അപകടത്തില്‍ മരണപ്പെട്ട റോഡിനും ഇപ്പോള്‍ ജിമ്മിയുടെ പേരാണുള്ളത്. തിരുവനന്തപുരത്തും ജന്മനാട്ടിലും, പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം ജിമ്മിയുടെ പേരില്‍ സ്റ്റേഡിയങ്ങളും പവലിയനുകളുമുണ്ട്.
ഇറ്റലിയിലും അറബ് രാജ്യങ്ങളിലും വടക്കേ അമേരിക്കയും ആഫ്രിക്കയിലുമെല്ലാം വര്‍ഷാവര്‍ഷം ജിമ്മിയുടെ പേരില്‍ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നു.
ജോര്‍ജ്ജ് ബ്രദേഴ്സിന്റെ ആദ്യ മത്സരത്തില്‍ നിന്നും സമാഹരിച്ച തുകയുപയോഗിച്ച് ആരംഭിച്ച ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മലയോരമേഖലയില്‍ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നു.
മലയോരമേഖലയിലെ താല്‍ക്കാലിക കോര്‍ട്ടില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്കുള്ള ജിമ്മിയുടെ യാത്ര വോളിബോള്‍ എന്ന കായിക ഇനം നിലവിലുള്ള കാലം വരെ ഓര്‍മിക്കപ്പെടും. ഒപ്പം, ജിമ്മിയുടെ പ്രതിഭയുടെ വളരെ ചെറിയൊരംശം മാത്രമേ അറിയാനായുള്ളൂ എന്ന കായികപ്രേമികളുടെ നിരാശയും.
വടക്കന്‍ കേരളത്തിലെ പന്തുകളി സംഘങ്ങള്‍ക്ക് ജിമ്മി ജോര്‍ജ്ജ് എന്ന പേര് വല്ലാത്ത ഊര്‍ജ്ജമാണ്. മലനാട്ടില്‍ തങ്ങളെപ്പോലെ പന്തുതട്ടിത്തുടങ്ങിയയാളാണ് വോളിബോളിന്റെ കിരീടം വയ്ക്കാത്ത രാജാവായത് എന്ന ചിന്ത നല്‍കുന്ന ഊര്‍ജ്ജം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Life story Indian Volleyball legend Jimmy George