ജയ് ഭീമിന്റെ ക്ലൈമാക്‌സ് സീനില്‍ കോടതി മുറ്റത്ത് മഴ നനഞ്ഞ് അഭിഭാഷകന്‍ ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന സെങ്കെനിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും സിനിമ കണ്ടവരുടെ മനസില്‍ നിന്നും ഇറങ്ങിപോകുന്ന ഒന്നല്ല.
ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ അഭിഭാഷക ജീവിതത്തില്‍ 1993 സമയത്ത് വരുന്ന ഒരു കേസ് ഇന്ന് ഇന്ത്യയൊന്നാകെ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും നീതി നിഷേധിക്കപ്പെടുന്ന സെങ്കെനിയുടേയും രാജാക്കണ്ണിന്റേയും ജീവിതവും അതിലൂടെ അനാവരണം ചെയ്യപ്പെടുന്ന ആദിവാസി സമൂഹങ്ങളുടെ ലോകവുമാണ്.
യഥാര്‍ത്ഥ ജീവിതത്തിലെ രാജാക്കണ്ണ് അതേപേരില്‍ തന്നെ സിനിമയിലെത്തിയപ്പോള്‍ ഭാര്യ പാര്‍വതിയെ ‘സെങ്കെനി’യായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍വതി എന്ന Real Life Fighter ടെ പേര് ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് അത്രത്തോളം പരിചിതയായിരിക്കില്ല.
‘കുറവ’ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട പാര്‍വതി, തനിക്കും ഭര്‍ത്താവ് രാജാക്കണ്ണിനും തന്റെ സമുദായത്തിനും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അത് നേടിയെടുക്കുന്നതിന് വേണ്ടി ജസ്റ്റിസ് ചന്ദ്രുവിലൂടെ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ടി.ജെ. ജ്ഞാനവേലിന്റെ ജയ് ഭീം. സിനിമയില്‍ ഇത് ‘ഇരുളര്‍’ വിഭാഗത്തില്‍ നടന്ന സംഭവമായാണ് പറയുന്നത്.
ഭര്‍ത്താവിന്റെ മരണത്തിന്മേല്‍ ഒത്തുതീര്‍പ്പിന് പൊലീസുദ്യോഗസ്ഥന്‍ വിളിക്കുമ്പോള്‍, ഞങ്ങള്‍ മരിച്ചാല്‍ ആര്‍ക്കും അതൊരു വിഷയമല്ലായിരിക്കും, എങ്കിലും കൊന്നവരുടെ പണം തനിക്ക് വേണ്ട, പോരാടി തോറ്റാല്‍ തോല്‍ക്കട്ടെ, നിങ്ങളുടെ അച്ഛന് വേണ്ടിയാണ് അത് ചെയ്തതെന്ന് ഭാവിയില്‍ മക്കളോട് പറയാം, എന്ന് ഉറച്ച ശബ്ദത്തില്‍ ഉദ്യോഗസ്ഥ സമൂഹത്തിന്റെ മുഖത്ത് നോക്കി പറയുന്ന സെങ്കെനിയാണ് ‘ആരാണ് പാര്‍വതി’ എന്ന ചോദ്യത്തിനുള്ള ഉത്തരം തരുന്നത്.
സിനിമയില്‍ രണ്ടാമത്തെ കുഞ്ഞിനെയെടുത്ത് പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്ന സെങ്കെനിയെയാണ് കാണുന്നതെങ്കില്‍, യഥാര്‍ത്ഥ ജീവിതത്തിലെ പാര്‍വതിക്ക് തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുകയാണുണ്ടായത്.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ കമ്മാപുരത്ത് 1993ല്‍ നടന്ന സംഭവത്തിലെ പോരാളി ഇന്നും താമസിക്കുന്നത് ഓലക്കുടിലിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കടലൂരില്‍ നിന്നും ചെന്നൈയ്ക്ക് അടുത്തുള്ള പോരൂരിലേയ്ക്ക് അവര്‍ താമസം മാറി. മകളും മരുമകനും പേരക്കുട്ടികളും ഒപ്പമുണ്ട്.
നേരിട്ട നീതിനിഷേധത്തിനും വിവേചനത്തിനും അവസാനമായെന്ന് സൂചിപ്പിക്കുന്ന, പുതിയ ‘കോണ്‍ക്രീറ്റ്’ വീട്ടിലേയ്ക്ക് താമസം മാറുന്ന സെങ്കെനിയെയാണ് സിനിമ കാണിച്ച് തരുന്നതെങ്കില്‍ ഓലപ്പുരയില്‍ താമസിക്കുന്ന പാര്‍വതി, ഇവിടെ ഒന്നും മാറിയിട്ടില്ലെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
താരത്തെക്കാളുപരി സിനിമ ആഘോഷിക്കപ്പെടുകയും കഥ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വളരെ വിരളമായേ സിനിമയില്‍ സംഭവിക്കാറുള്ളൂ. അതിലൊന്നാണ് ജയ് ഭീം.
ചരിത്രത്തെ ഓര്‍ക്കാതെയും നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചിലപ്പോഴെങ്കിലും പഴിക്കാതെയും കണ്‍മുന്നില്‍ നടക്കുന്ന നീതിനിഷേധങ്ങളോട് കാണിക്കുന്ന നിസംഗതയില്‍ കുറ്റബോധം തോന്നാതെയും ഈ സിനിമ കണ്ടുതീര്‍ക്കുക ബുദ്ധിമുട്ടാണ്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍, പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് നിര്‍മിക്കാറ്. എന്നാല്‍ ഉത്തരങ്ങള്‍ക്കപ്പുറം പ്രേക്ഷകര്‍ക്കും സമൂഹത്തിനും മുന്നില്‍ ചോദ്യങ്ങള്‍ വെച്ച് നീട്ടുന്ന ചില സിനിമകളുണ്ട്.
അത്തരത്തിലൊന്നാണ് ജയ് ഭീം. ആ ചോദ്യത്തിന് ഇപ്പോള്‍ സെങ്കെനി എന്ന പാര്‍വതിയുടെ മുഖമാണെന്ന് മാത്രം.
ഇനി അതിനുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടത് നമ്മുടെ സര്‍ക്കാരുകളാണ്. സിനിമയില്‍ കാണുന്ന പോലെ നല്ലൊരു വീടും ജീവിതവും ഇനിയെങ്കിലും പാര്‍വതിയ്ക്ക് ലഭിക്കട്ടെ.