'മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുമ്പോള്‍ തോന്നും ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാനവിടെ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍'; എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കൊവിഡ് കാലം
society
'മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുമ്പോള്‍ തോന്നും ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാനവിടെ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍'; എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കൊവിഡ് കാലം
അളക എസ്. യമുന
Friday, 24th July 2020, 3:02 pm

കഴിഞ്ഞ ദിവസം ഒരു അമ്മ എന്നെ വിളിച്ചിരുന്നു, പത്ത് മിനുട്ടോളം അബോധാവസ്ഥയിലായ തന്റെ മകളെ എവിടെ കൊണ്ടുപോകണമെന്ന് അറിയാതെ, അവള്‍ക്ക് ബോധം തെളിയുന്നതുവരെ എന്തു സംഭവിക്കുമെന്നറിയാതെ കാവലിരിക്കേണ്ടി വന്ന ഒരമ്മ. അവരോട് എന്ത് മറുപടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു- കൊവിഡ് കാലത്ത് ദുരിത ജീവിതം പേറുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതയായ കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സെല്ലിലെ അംഗവുമായ മൂനീസ ഡൂള്‍ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.

കേരളം മുഴുവന്‍ കൊവിഡിന് മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍, ഇനി ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോള്‍ അതിലും ദയനീയമായ ജീവതത്തിലൂടെ കടന്നുപോകുകയാണ് കാസര്‍ഗോഡ് ജില്ലയിലെ ഒരുകൂട്ടം മനുഷ്യര്‍.

കാലകാലങ്ങളിലായി എന്‍ഡോള്‍സള്‍ഫാന്‍ നല്‍കിയ ദുരിതത്തിനോടൊപ്പം മറ്റൊരു ദുരിതം കൂടി. അത്തരം ഒരു ദുരിതത്തിലൂടെയാണ്  കൊവിഡ്  കാലത്ത് കാസര്‍ഗോഡ് ജില്ലയിലെ ആയിരക്കണക്കിന് മനുഷ്യര്‍ കടന്നുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആജീവനാന്ത വിദഗ്ധ ചികിത്സ നല്‍കണമെന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെ പറഞ്ഞിട്ടും എല്ലാവാതിലുകളും ഇവര്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണുന്നത്.

അടുത്ത ദിവസങ്ങളിലായി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ അമ്മമാര്‍ പങ്കുവെച്ച അനുഭവങ്ങളില്‍ നിന്നുമാണ് ഡൂള്‍ന്യൂസ് കൊവിഡ് കാലത്ത് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ കുട്ടികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍. പ്രധാനമായും ഇവര്‍ ചികിത്സയ്ക്ക് ആശ്രയിച്ചിരുന്നത് മംഗലാപുരത്തെയായിരുന്നു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ തന്നെ കുറഞ്ഞ നേരത്തെ യാത്ര കൊണ്ട് മംഗലാപുരത്ത് എത്താന്‍ സാധിക്കും. ആ ഒരു കാരണം കൊണ്ടു തന്നെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് മംഗലാപുരത്തുള്ള ആശുപത്രികളെയായിരുന്നു. അത് കഴിഞ്ഞാല്‍ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജിലേക്കാണ് പോകാറ്. എന്നാല്‍ കൊവിഡ് പ്രതിസന്ധി വന്നതോടുകൂടി ഈ രണ്ട് വഴികളും ഇവര്‍ക്ക് മുന്നില്‍ അടഞ്ഞു. ഇത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കി.

ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്കുള്ള അവസരം ഇല്ലാത്തതുകൊണ്ടാണ് അടുത്തുള്ള മംഗലാപുരത്തെ കൂടുതായും ആശ്രയിക്കേണ്ടി വരുന്നതെന്നാണ് ഇവര്‍ പറയുന്നത്.

”കഴിഞ്ഞ നവംബറിലാണ് അവസാനം ചികിത്സയ്ക്കായി മകനെ കൊണ്ടുപോയത്. അത് കഴിഞ്ഞാല്‍ പിന്നെ മാര്‍ച്ചിലായിരുന്നു പോകേണ്ടത്. അപസ്മാരം ഒക്കെ ഉള്ള കുട്ടികളാകുമ്പോള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ചെക്കപ്പിന് കൊണ്ടുപോകേണ്ടി വരും. ഫെബ്രുവരി -മാര്‍ച്ചില്‍ പോകാന്‍ നില്‍ക്കുമ്പോഴാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. ഇങ്ങനെയുള്ള കുട്ടികളേയും കൊണ്ട് ഇത്രയും ദൂരം പോകേണ്ടി വരുന്ന ബുദ്ധിമുട്ടും പിന്നെ ഈ സമയത്ത് പോകുന്നതിന്റെ് ഭയവുമുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളാണല്ലോ? കാസര്‍ഗോഡ് തന്നെ സൗകര്യമുണ്ടായിരുന്നെങ്കില്‍ 40 മിനുട്ട് കൊണ്ടൊക്കെ പോയിവരാം,” എന്‍ഡോള്‍സള്‍ഡഫാന്‍ ബാധിതനായ കുട്ടിയുടെ അമ്മയായ അരുണി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇത് അരുണിയുടെ മാത്രം പ്രയാസമല്ല, കാസര്‍ഗോഡുള്ള ആയിരക്കണക്കിന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നമാണ്. ജില്ലയില്‍ ന്യൂറോസര്‍ജന്റെ സേവനം കിട്ടാത്തതുകൊണ്ട് പലപ്പോഴും മംഗലാപുരത്തുപോയും അതുമല്ലെങ്കില്‍ കണ്ണൂരില്‍ പോയും കുട്ടികള്‍ക്ക് ചികിത്സ നല്‍കേണ്ടി വരുന്ന അവസ്ഥയാണ്. ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി വരുംവരെ രക്ഷിതാക്കള്‍ കുട്ടികളുമായി മംഗലാപുരത്തും കണ്ണൂരും പോയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഈ ഒരു മാര്‍ഗവും ഇവര്‍ക്ക് മുന്നില്‍ അടഞ്ഞു.

ഇത്തവണ കുട്ടിയുമായി കാസര്‍ഗോഡ് നിന്ന് കോഴിക്കോടെത്തിയാണ് ന്യൂറോളിജിസ്റ്റിനെ കണ്ടതെന്ന് അരുണി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ബസ്സിനും ട്രെയിനും പോകാന്‍ പറ്റാത്തതുകൊണ്ടു തന്നെ ആറായിരം ഏഴായിരം രൂപ ചെലവഴിച്ചാണ് കോഴിക്കോട് പോയി വന്നതെന്നും അരുണി പറഞ്ഞു.

” കുറേ ആള്‍ക്കാര്‍ക്ക് ഇതേ പ്രശ്‌നമുണ്ട്. ടെസ്റ്റ് ചെയ്യാന്‍ എങ്ങോട്ട് പോകണമെന്നറിയാതെ, എന്ത് ചെയ്യണമെന്നറിയാതെ ഒരുപാട് അമ്മമാര്‍ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ സാധാരണക്കാരാണ് തീരെ നിവൃത്തി ഇല്ലാത്ത കുടുംബങ്ങളാണ്, അവര്‍ക്കൊക്കെ ടെസ്റ്റ് നടത്താനുള്ള സാഹചര്യം കാസര്‍ഗോഡ് ഇല്ല,” തന്നെപ്പോലെ കുട്ടികളുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകേണ്ടതെങ്ങനെ എന്നറിയാതെ നില്‍ക്കുന്ന ഒരുപാട് അമ്മമാരുടെ അവസ്ഥ പങ്കുവെച്ചുകൊണ്ടു അരുണി പറഞ്ഞു.

കൊവിഡ് വന്നപ്പോള്‍ ഇവരുടെ ദുരിതം വര്‍ദ്ധിക്കുക മാത്രമാണ് ചെയ്തത്. ജില്ലയില്‍ ചികിത്സാ സൗകര്യങ്ങളില്ലാത്ത ബുദ്ധിമുട്ട് കൊവിഡിന് മുന്‍പും നിലനിന്നിരുന്നെന്ന ആരോപണം നേരത്തെയും ഉയർന്നുവന്നിരുന്നു.  എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം മംഗലാപുരത്ത് പോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് കാസര്‍ഗോഡ് ചികിത്സാ സൗകര്യമില്ലാത്ത ബുദ്ധിമുട്ടുകള്‍ ഇവരെ കൂടുതല്‍ ബാധിച്ചുതുടങ്ങിയത്.

കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നുള്ള രോഗികളെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യം വന്നിരുന്നു. തുടര്‍ന്ന് മംഗലാപുരത്തേക്ക് പോകാനുള്ള വഴിയടഞ്ഞതോടെ പലരുടെയും ചെക്കപ്പ് മുടങ്ങി. കുട്ടികള്‍ക്ക് നിലവിലുള്ള മരുന്നുകള്‍ കൊടുത്ത് മുന്നോട്ടു പോകേണ്ട അവസ്ഥയിലേക്ക് വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ എത്തി.

”എന്‍ഡോസള്‍ഫാന്‍ ദുരിതബാതിധതര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ന്യൂറോയുമായി ബന്ധപ്പെട്ടാണ്. അവര്‍ ചികിത്സ തേടുന്നത് മണിപ്പാലും മംഗലാപുരത്തുമാണ്. ഇപ്പോള്‍ അതിനൊരു വഴിയുമില്ല. 2016 ല്‍ ഒരുതീരുമാനമെടുത്തിരുന്നു ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് പക്ഷേ ഇപ്പോഴും സര്‍ക്കാര്‍ അങ്ങനെയൊരു പോസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടില്ല ഇവിടെ.  എത്രയോ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ്. ഇടയ്‌ക്കൊരു ന്യൂറോളജിസ്റ്റ് വന്നുവെന്നാണ് സെല്ലിന്റെ ചെയര്‍മാനായ മന്ത്രി പറയുന്നത്.  ഡോക്ടർ   പനത്തടിയിലാണ് വന്നത്. പക്ഷേ അദ്ദേഹം വരുന്നത് ന്യൂറോളജിസ്റ്റായല്ല. അവിടത്തെ സാധാരാണ ഡോക്ടറായിട്ടാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോഴും അവിടെയുണ്ട്. പക്ഷേ അദ്ദേഹത്തെ ഒരു സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ കോഴിക്കോട്ടേക്ക് മാറ്റി,” സാമൂഹ്യപ്രവർത്തകനായ    അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെല്‍ യോഗത്തില്‍ ന്യൂറോളജിസ്റ്റ് ഉണ്ട് എന്ന് കളക്ടര്‍  മന്ത്രിയോട് പറഞ്ഞതായി സെല്ലിലെ അംഗമായ മുനീസയും പറയുന്നു. എന്നാല്‍ മലയോരമേഖലയായ പനത്തടിയിലെ പി.എച്ച്‌.സിയില്‍ ന്യൂറോളജിസ്റ്റിന് പകരം സാധാ ഡോക്ടറായിരുന്നു വന്നതെന്നാണ് ഇവര്‍ പറയുന്നത്.

” പനത്തടി പി.എച്ച്.സി എന്നു പറയുന്നത് മലയോര മേഖലയാണ്. ഒരുപക്ഷേ സാധാ ഡോക്ടര്‍ ഉണ്ടായിട്ടുണ്ടാകാം. ആവശ്യക്കാർ ഇത് അറിയേണ്ടേ. ആവശ്യക്കാർ ഇതറിഞ്ഞില്ല എന്നുമാത്രമല്ല  കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടർ   ഇവിടെ നിന്ന് പോയി,” മുനീസ പറഞ്ഞു.

ഈയടുത്ത് ചേര്‍ന്ന സെല്‍ യോഗത്തില്‍ ന്യൂറോ സര്‍ജന്റെ വിഷയം മുന്നോട്ട് വച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
കോഴിക്കോട്ടേക്ക് പോയ ഡോക്ടര്‍ ന്യൂറോളജിസ്റ്റ് അല്ലാത്തതുകൊണ്ട് കാസര്‍ഗോഡേക്ക് തിരിച്ചുവന്നാലും കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.

സെല്ലിന്റെ ചെയര്‍മാനായ  റവന്യൂമന്ത്രി ഇ. ചന്ദ്ര ശേഖരന്‍  കാസര്‍ഗോഡ് ജില്ലക്കാരന്‍ കൂടിയായിട്ടുകൂടി  വിഷയം ഗൗരവമായി എടുക്കാത്തതില്‍ ഇവിടെയുള്ളവര്‍ക്ക് ആശങ്കയുണ്ട്.

ഈയടുത്ത് ചേർന്ന  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ മീറ്റിംഗിലും ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായി മുനീസ പറയുന്നു.

ജില്ലയില്‍ ഇത്രയേറെ ന്യൂറോ സംബന്ധമായ രോഗികളുണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു ന്യൂറോളജിസ്റ്റ്   പോലും ഇല്ലാത്തതെന്ന ചോദ്യം തന്നെയാണ് ഇവരും ചോദിക്കുന്നത്.

” ഈ വിഷയം ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ സാഹചര്യം ജില്ലയില്‍ കാലങ്ങളായി ഇല്ല. ഇപ്പോള്‍ വേണമെങ്കില്‍ അവര്‍ക്ക് കൊവിഡ് എന്നൊക്കെ പറയാം. 2013ല്‍ ഒരു മെഡിക്കല്‍ കോളേജിന് ഇവിടെ തറക്കല്ലിട്ടതാണ്. 2020ല്‍ അവര്‍ക്കത് കൊവിഡ് ആശുപത്രി ആക്കിമാറ്റാന്‍ കഴിഞ്ഞെന്നാണ് വിചാരിക്കുന്നത്. കൊവിഡിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം നമ്മള്‍ അഭിനന്ദിക്കുന്നുണ്ട്. പക്ഷേ ജീവിതകാലം മുഴുവന്‍ ലോക് ഡൗണ്‍ ആയിട്ടുള്ള ഞങ്ങളെ പോലുള്ളവര്‍ക്കായി ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ ഏതു സര്‍ക്കാരും പരാജയമാണ്,അതില്‍ രാഷ്ട്രീയമില്ല. മൂന്ന് മാസംകൊണ്ട് ടാറ്റയുടെ ആശുപത്രി ഇവിടെ പണി കഴിപ്പിക്കുമെന്ന് കേട്ടു, പക്ഷേ ഈ എട്ട് വര്‍ഷം കൊണ്ട് ഞങ്ങള്‍ ആവശ്യപ്പെട്ട ഒരു ന്യൂറോളജിസ്റ്റിനെ ഇവിടെ നിയമിക്കാന്‍ കഴിയാതെ പോയത് ഞങ്ങള്‍ വലിയ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ?’ മുനീസ ചോദിക്കുന്നു.

ന്യൂറോളജിസ്റ്റിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും കാസര്‍ഗോഡ് ജില്ലയിലേക്ക് ഡോക്ടര്‍മാര്‍ വരാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട് എന്നാണ് പറയുന്നത്.  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്  ന്യൂറോളജിസ്റ്റ്  കാസര്‍ഗോഡ് ജില്ലയിലേക്ക് വരാന്‍ തയ്യാകുന്നില്ല എന്നാണെന്നും മുനീസ കൂട്ടിച്ചേര്‍ത്തു.

” കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞത് ന്യൂറോളജിസ്റ്റ്  കാസർഗോഡോക്ക്  വരുന്നില്ല എന്നാണ്. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഞങ്ങളും കൊടുക്കുന്നില്ലെ ജനപ്രതിനിധികളെ? അഞ്ച് ജനപ്രതിനിധികള്‍ ഇവിടെ നിന്ന് പോകുന്നില്ലേ, കാസര്‍ഗോഡിന്റെ ജനപ്രതിനിധികളെ വേണ്ടാ എന്ന് അവർ പറയുന്നുണ്ടോ? വിഷയം ചൂണ്ടിക്കാട്ടി മുനീസ ചോദിക്കുന്നു.

ഒന്നോ രണ്ടോ മണിക്കൂര്‍ യാത്ര മാത്രം കൊണ്ട് കാസര്‍ഗോഡ് അതിര്‍ത്തിപ്രദേശങ്ങളിലുള്ളവര്‍ക്ക് മംഗലാപുരത്തേക്ക് എത്താന്‍ പറ്റുമായിരുന്നു . അവിടെ നിന്ന് നല്ല രീതിയില്‍ ട്രീറ്റ്‌മെന്റ് കിട്ടിയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നുമുണ്ട്. പലപ്പോഴും സര്‍ക്കാരിന്റെ വാഹനം ഉള്‍പ്പെടെയുള്ളവ ഇവര്‍ക്ക് അനുവദിച്ചിരുന്നെന്നും എന്നാല്‍ ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോള്‍ അത് പൂര്‍ണമായും നിലച്ചതായു ഇവര്‍ പറയുന്നു.

” എന്തുകൊണ്ടാണ് ഞങ്ങളുടെ ജീവന് വിലയില്ലാതെ പോകുന്നത്? ആയിരക്കണക്കിന് കുഞ്ഞുങ്ങളാണുള്ളത്. ഒന്നോ രണ്ടോ അല്ല. ആരോഗ്യമുള്ള വ്യക്തിയെ സംബന്ധിച്ച് കൊവിഡ് ഒരു വിഷയമല്ലെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ആരോഗ്യമില്ലാത്ത ആളുകള്‍ വര്‍ഷങ്ങളോളം എന്തുചെയ്യണം?
ഏറ്റവും ഗുരുതരമായ വീഴ്ച എന്താണെന്ന് വെച്ചാല്‍ പത്ത് പതിനഞ്ച് വര്‍ഷമായി ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് ഇന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അമ്മ വാങ്ങുകയാണ്. അതും കുഞ്ഞിനെ കാണാതെ തന്നെ. അതിന്റെ ഗൗരവമാണ് എടുക്കേണ്ടത്. കുഞ്ഞിനെ കാണാതെ എട്ടൊന്‍പത് വര്‍ഷങ്ങളായി ഡോക്ടര്‍ റിപ്പീറ്റ് എന്നു പറയുകയാണ്. അതും സൈക്യാട്രിസ്റ്റോ ന്യൂറോളജിസ്റ്റോ അല്ല പറയുന്നത് അവിടത്തെ ക്യാമ്പിലെ അവര്‍ നിയോഗിച്ച ഡോക്ടര്‍ കുഞ്ഞിനെ കാണാതെ റിപ്പീറ്റ് എന്നു പറയുകയാണ്. ഇത് വേറെയെവിടെയെങ്കിലും നടക്കുമോ?” മുനീസ കാസര്‍ഗോഡെ ദുരിതങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചോദിച്ചു.

ഏപ്രില്‍ മെയ് മാസത്തിലെ ലോക്ഡൗണ്‍ കാലത്ത് മംഗലാപുരത്തുമാത്രം കിട്ടുന്ന ഒരു മരുന്നിന് വേണ്ടി ഒരമ്മ രാപ്പകല്‍ ഇല്ലാതെ കരഞ്ഞിട്ടുണ്ട്. മണിപ്പാലിലല്ലാതെ ആ മരുന്ന് കിട്ടില്ല, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ മരുന്ന് കിട്ടിയത് ഇനിയിപ്പോള്‍

അത് വീണ്ടും തീരാറാവുന്നു എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല. കിടപ്പായ കുഞ്ഞാണ്. ഒരമ്മയെ സംബന്ധിച്ച് കിടക്കുകയാണെങ്കിലും ഇരിക്കുകയാണെങ്കിലും അത് വിലപ്പെട്ടതാണ്, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട്  മുനീസ പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നം ഒരു കൊവിഡ് കാലത്ത് ഉണ്ടായതല്ല. കുട്ടി ജനിച്ച് രണ്ടാം വര്‍ഷം തൊട്ട് മംഗലാപുരത്തെ ആശുപത്രികളിലേക്ക് ഓടേണ്ടി വന്ന അരുണിയെപ്പോലെ നൂറ് അമ്മമാര്‍ കാസര്‍ഗോഡ് ഇനിയും ഉണ്ട്. കൊവിഡ് കാലം അവരുടെ പ്രതിസന്ധിക്കള്‍ ഒന്നുകൂടി സങ്കീര്‍ണ്ണമാക്കി എന്നുമാത്രം.

കൊവിഡാനന്തരം ഒരു സുപ്രഭാതത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഇവര്‍ കരുതുന്നില്ല. കാസര്‍ഗോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിക്കുന്ന ദിവസം മാത്രമേ ഇവര്‍ക്ക് ആശ്വാസിക്കാന്‍ പറ്റുകയുള്ളൂ.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ആജീവനാന്തം വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. സുപ്രീംകോടതി വിധിയുടെ ലംഘനമല്ലേ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പത്രസമ്മേളനം കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ഒരാളെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ സമരം ചെയ്താല്‍ ഒരുപക്ഷേ ചോദിക്കുമായിരിക്കും. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് സമരം ചെയ്യാന്‍ സാധിക്കുമോ,ഇനിയിപ്പോള്‍ ഞങ്ങളും ആലോചിക്കുകയാണ് തെരുവിലേക്കിറങ്ങാന്‍. ഒന്നുകില്‍ ജീവിക്കണം അല്ലെങ്കില്‍ മരിക്കുക. കൊറാേണ എങ്കില്‍ കൊറോണ, അമ്മമാരുടെ വേദന കണ്ടു നില്‍ക്കാന്‍ പറ്റില്ല, മുനീസ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.