| Saturday, 14th February 2015, 4:55 pm

ഡോ. ഷാനവാസ്; മനുഷ്യ സ്‌നേഹിയുടെ ഒറ്റയാള്‍ പോരാട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമകളില്‍ മാത്രം നാം കണ്ടിട്ടുള്ള നന്മ നിറഞ്ഞ നായകന്മാരുടെ പ്രതിരൂപമായിരുന്ന ഷാനവാസ് ആദിവാസി സമൂഹത്തിന് വലിയൊരു കൈത്താങ്ങായിരുന്നു. നിശ്ചയദാര്‍ഢ്യവും നന്മ നിറഞ്ഞ മനസും എം.ബി.ബി.എസ് എന്ന ഡിഗ്രിയും മാത്രമായിരുന്ന ഷാനവാസിന് കൈമുതലായുണ്ടായിരുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം മനുഷ്യസ്‌നേഹികളുടെ പിന്തുണയും.

വലിയ കൈകളാണ് തനിക്ക് എതിരെയുള്ളത് എന്നറിഞ്ഞിട്ടും അദ്ദേഹം തന്റെ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാനോ നിശ്ചയദാര്‍ഢ്യം കൈവിടാനോ തയ്യാറായില്ല. അതിനുള്ള ഉത്തമ ഇദാഹരണമായികരുന്നു മരിക്കുന്നതിന് മണുക്കൂറുകള്‍ക്ക് മുമ്പുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശിരുവാണി കാടുകളിലേക്ക് അദ്ദേഹത്തെ ട്രാന്‍ഫര്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടുള്ള ഓര്‍ഡര്‍ ലഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. “ആദിത്യന്‍ ഒരു തുറന്ന യുദ്ധത്തിനൊരുങ്ങുകയാണ്. നിങ്ങള്‍ക്ക് തേടാനുള്ള വഴികള്‍ നിങ്ങള്‍ തേടിക്കോളു… ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്.” എന്നാണ് അദ്ദേഹം ആ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

തികച്ചും അനധികൃതവും നിയമ വിരുദ്ധവുമായ സ്ഥലംമാറ്റമാണിതെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു പോസ്റ്റില്‍ പറയുന്നത്. കാഞ്ഞിരപ്പുഴയിലേക്ക് ട്രാന്‍ഫര്‍ ലഭിച്ച് മൂന്ന് മാസം തികയുന്നതിന് മുന്നെയാണ് അടുത്ത ട്രാന്‍സ്ഫര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നത്.

മരുന്നു കമ്പനികള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ മയങ്ങാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന തത്വമായിരുന്നു ഷാനവാസിനെ നയിച്ചിരുന്നത്. മരുന്നു കമ്പനികളും രാഷ്ട്രീയക്കാരും ആശുപത്രികളും ഉള്‍പ്പെടെ ശസ്ത്രുക്കളുടെ ഒരു വലിയ വലയം തന്നെ ഷാനവാസിന് ചുറ്റും ഉണ്ടായിരുന്നു. ഷാനവാസിനെ അപകടപെടുത്തുന്നതിനുള്ള ശ്രമവും മുമ്പ് നടന്നിട്ടുണ്ട്.

അദ്ദേഹത്തിനെതിരെ ധാരാളം വ്യജ പ്രരണങ്ങളും ശത്രുക്കള്‍ അഴിച്ചുവിട്ടു. ഷാനവാസിന് വിദേശ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പതിനായിരങ്ങള്‍ ഒഴികിയെത്തുന്നുണ്ടെന്നുമായിരുന്നു ഇവയില്‍ ചിലത്. സാമൂഹ്യ സേവനത്തിനായി എച്ച്.ഡി.എഫ്.സിയില്‍ നിന്നും കടമെടുത്ത അഞ്ചര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ മത്രമായിരുന്നു അദ്ദേഹം തിരിച്ചടച്ചിട്ടുണ്ടായിരുന്നത്. ബാക്കിയുള്ള നാലര ലക്ഷം രൂപയുടെ കടം ശത്രുക്കള്‍ മനപ്പൂര്‍വ്വം മറച്ചുവെച്ചു.

സാമ്പിള്‍ മരുന്നുകള്‍ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത് കമ്പനികളില്‍ നിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നാണെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ഷാനവാസിന്റെ വിശദീകരണം. ഷാനവാസിന്റെ പ്രവര്‍ത്തനം കേട്ടറിഞ്ഞ് നിരവധിപ്പേരായിരുന്നു സ്വദേശത്തു നിന്നും വിദേശത്തുനിന്നുമായി അദ്ദേഹത്തിന് സഹായ വാഗ്ദാനവുമായി എത്തിയിരുന്നത്.

എതിരാളികള്‍ വന്‍സ്രാവുകളാണെന്നും അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മേലെ അധികകാലം പറക്കാനാവില്ലെന്നുമാണ് ഷാനവാസ് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. “ഹൈകോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ, കാരണം സത്യം ഈശ്വരനാണ്. എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്. കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ. സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും.” ഷാനവാസ് പറഞ്ഞു.

ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്കെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ ശിരുവാണിക്കുന്നുകള്‍ക്ക് ആ സ്‌നേഹവും പരിജരണവും അനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായില്ല.

We use cookies to give you the best possible experience. Learn more