| Tuesday, 23rd March 2021, 6:45 pm

ദി മോസ്റ്റ് വാണ്ടഡ് ദാവൂദ് ഇബ്രാഹീം | Life of Dawood Ibrahim

ഡൂള്‍ന്യൂസ് ഡെസ്‌ക്

1970കള്‍… ബോംബെ നഗരത്തിലെ തെരുവുകളില്‍ അധോലോക സംഘങ്ങള്‍ സൈ്വര്യവിഹാരം നടത്തിയിരുന്ന കാലം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും വെടിവയ്പ്പും കൊലപാതകങ്ങളുമൊന്നും അന്നത്തെ ബോംബെയുടെ ഗലികളില്‍ പുതുമയേയായിരുന്നില്ല. വജ്രവ്യാപാരം, വാതുവയ്പ്പ്, നൃത്തബാറുകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ത്തുടങ്ങി ബോളിവുഡിലും ക്രിക്കറ്റിലും വരെ അധോലോകസംഘങ്ങള്‍ക്ക് ഇടവും അധികാരവും ഉണ്ടായിരുന്ന അന്നത്തെ ബോംബെ. കരിം ലാല, ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍ – ഈ മൂന്നു പേരുകള്‍ക്കു ചുറ്റുമായിരുന്നു അന്ന് ബോംബെ എന്ന മഹാനഗരം ചലിച്ചിരുന്നത്.

ഇന്ത്യയുടെ വ്യവസായ ഇടനാഴിയായി വളര്‍ന്നുകൊണ്ടിരുന്ന ബോംബെയില്‍ ഈ അധോലോക രാജാക്കന്മാര്‍ കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ വ്യവസായങ്ങളും പരസ്പരം പോരടിച്ചു തന്നെ നടത്തിക്കൊണ്ടു പോയി. ഒന്നിനും മടിക്കാത്ത വലിയ ഗുണ്ടാ സംഘങ്ങള്‍ ഇവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും ഇവരെ ഭയന്നു. പൊലീസിനും നിയമത്തിനും അതീതരായി, കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യങ്ങള്‍ ഇവര്‍ കെട്ടിപ്പടുത്തു. അങ്ങനെ ബോംബെ അധോലകം ലോകത്തിന് മുന്നില്‍ തന്നെ കുപ്രസിദ്ധി നേടി.

കള്ളപ്പണത്തിന്റെ വലിയ പാഴ്‌സലുകള്‍ പലയിടങ്ങളില്‍ നിന്നായി ഇവരുടെ താവളങ്ങളിലേക്ക് കടത്തപ്പെടാറുണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് പണം കടത്തിയിരുന്നത്. അധികാരികള്‍ക്കും പൊലീസിനുമെല്ലാം പല വിവരങ്ങളും ലഭിച്ചിട്ടും അത് തടയാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. ജീവനേക്കാള്‍ വലുതല്ലല്ലോ കൃത്യനിര്‍വഹണമെന്ന് പോലീസുകാരും കരുതി.

അക്കാലത്തൊരിക്കല്‍, ഹാജി മസ്താന്റെ മലബാര്‍ ഹില്ലിലെ വീട്ടിലേക്ക് മസ്ജിദ് ബന്ദറില്‍ നിന്നും ഒരു കാര്‍ പണവുമായി യാത്ര തിരിക്കുന്നതായി അധോലോകവൃത്തങ്ങളില്‍ ഒരു വാര്‍ത്ത പരന്നു. അന്നത്തെ 4,75,000 രൂപയാണ് കാറില്‍ കടത്തുന്നത്. ഹാജി മസ്താന്റെ പണമായതിനാല്‍ അതു തട്ടിയെടുക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുക പോലും ചെയ്യില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വഴിയിലൂടെ തന്നെ കാര്‍ വന്നു.

പാതി വഴിയെത്തിയപ്പോളാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടായത്. ഒരു സംഘമാളുകള്‍ വഴി തടഞ്ഞുകൊണ്ട് കാറിനു മുന്നിലേക്ക് എടുത്തുചാടി. കാറിലുള്ളവര്‍ അക്രമികളെ കണ്ട് അമ്പരന്നുപോയി. കൗമാരം വിട്ടിട്ടില്ലാത്ത എട്ടു പയ്യന്മാര്‍. അവരുടെ കൈയില്‍ വടിവാളും ഇരുമ്പുവടികളും നാടന്‍ തോക്കുകളുമുണ്ട്. അവരോട് എതിര്‍ത്തു നില്‍ക്കാന്‍ കാറിലുള്ളവര്‍ക്ക് സാധിച്ചില്ല. നിമിഷ നേരം കൊണ്ട് അക്രമികള്‍ പണവുമായി കടന്നു കളഞ്ഞു.

ഹാജി മസ്താന്റെ പണം അപഹരിക്കുക എന്ന അപകടകരമായ കാര്യമാണ് തങ്ങള്‍ ചെയ്തിരിക്കുന്നത് എന്നു കരുതിയ അവര്‍ക്ക് പക്ഷേ, ചെറിയൊരു തെറ്റു പറ്റിയിരുന്നു. കാറിലുണ്ടായിരുന്നത് ഹാജി മസ്താന്റെ വീട്ടിലേക്കുള്ള പണമായിരുന്നില്ല. മറിച്ച്, മെട്രോപൊളിറ്റന്‍ ബാങ്കിലേക്ക് പോകുകയായിരുന്ന പാഴ്‌സലായിരുന്നു. അറിയാതെയാണെങ്കിലും, അന്നുവരെ ബോംബെ നഗരം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയായിരുന്നു അന്ന് അവിടെ അരങ്ങേറിയത്. ബാങ്ക് കൊള്ളയടിച്ച പയ്യന്മാര്‍ എന്നതിനേക്കാള്‍, ഹാജി മസ്താന്റേത് എന്നു കരുതപ്പെട്ട പണത്തില്‍ കൈവയ്ക്കാന്‍ ധൈര്യം വന്നവര്‍ എന്ന പേരില്‍ അവരെക്കുറിച്ചുള്ള വാര്‍ത്ത അധോലോകസംഘങ്ങള്‍ക്കിടെ അതിവേഗം പ്രചരിച്ചു.

എന്നാല്‍ കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. മെട്രോപൊളിറ്റന്‍ ബാങ്ക് കൊള്ള ബോംബെ പൊലീസിന്റെ അഭിമാന പ്രശ്‌നമായി മാറി. കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഒരു സംഘത്തെയും നിയോഗിച്ചു. മിടുക്കരായ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം അക്രമികളെക്കുറിച്ചുള്ള സൂചനകള്‍ പെട്ടന്നു തന്നെ കണ്ടെത്തുകയും ചെയ്തു. ഷേര്‍ഖാന്‍, സയ്യിദ് സുല്‍ത്താന്‍ എന്നിങ്ങനെ സംഘത്തില്‍പ്പെട്ട ഓരോരുത്തരെയും പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍, കൊള്ളസംഘത്തിന്റെ സൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ പൊലീസ് സംഘത്തിലെ കോണ്‍സ്റ്റബിള്‍ ഇബ്രാഹിം കസ്‌കര്‍ ഞെട്ടിത്തരിച്ചുപോയി.

നഗരം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കു പിന്നിലെ ആസൂത്രണം പത്തൊമ്പത് വയസ്സ് മാത്രമുള്ള തന്റെ മകന്‍ ദാവൂദ് കസ്‌കര്‍ ആണെന്ന് ഇബ്രാഹിം കസ്‌കര്‍ അറിഞ്ഞു. ദുഃഖവും ദേഷ്യവും കൊണ്ട് നിലമറന്നു പോയ ഇബ്രാഹിം, വീട്ടിലെത്തിയ പാടെ മകനെ വിളിച്ചുവരുത്തി കൈ കഴയ്ക്കുന്നു വരെ മര്‍ദ്ദിച്ചു. അതിനു ശേഷം സ്റ്റേഷനിലെത്തിച്ച് കുറ്റസമ്മതവും നടത്തിച്ചു.

പത്തൊമ്പത്കാരന്‍ ദാവൂദിന്റെ വിശദീകരണമായിരുന്നു വിചിത്രം. ബാങ്ക് കൊള്ളയടിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഹാജി മസ്താന്റെ പണമെന്നു കരുതിയാണ് ആക്രമിച്ചതെന്നുമുള്ള കുറ്റസമ്മതം കേട്ട് പൊലിസുകാര്‍ പോലും അമ്പരന്നുപോയി. ഹാജി മസ്താന്റെ സംഘാംഗങ്ങളുമായുള്ള ചില തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കാരണമുണ്ടായ പകയിലാണ് ഇത് ചെയ്തതെന്നു കൂടിയായപ്പോള്‍, ദാവൂദ് എന്ന ആ പത്തൊന്‍പതു വയസ്സുകാരനെ ഭയം കലര്‍ന്ന ആശ്ചര്യത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമേ അവര്‍ക്കായുള്ളൂ.

ബോംബെയിലെ വന്‍കിട അധോലോക സംഘങ്ങളോടുള്ള ദാവൂദിന്റെ വിദ്വേഷം മനസ്സിലാക്കിയ ക്രൈംബ്രാഞ്ച്, ഈ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ചോര്‍ത്തിത്തരാം എന്ന ഉറപ്പിന്മേല്‍ ദാവൂദിനെ തല്‍ക്കാലം വിട്ടയച്ചു. ആ കൗമാരക്കാരന്റെ മനസ്സിലെ പകയും ദേഷ്യവും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റി വമ്പന്‍സ്രാവുകളെ കുടുക്കിലാക്കാം എന്നു കരുതിയ ബോംബെ പൊലീസ് പക്ഷേ, ദാവൂദിന്റെയുള്ളില്‍ രൂപം കൊള്ളുന്ന പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ല. ഭാവിയില്‍ ഹാജി മസ്താനെയും കരിം ലാലയെയുമെല്ലാം നിലംപരിശാക്കി, ബോംബെ നഗരത്തെ ഒറ്റയ്ക്ക് ഭരിക്കാന്‍ പോകുന്ന കൊടുംകുറ്റവാളിയോടാണ് തങ്ങള്‍ കരാറിലേര്‍പ്പെടുന്നതെന്ന് പൊലീസ് സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിരിക്കില്ല.

സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇബ്രാഹിം കസ്‌കറിന്റെ മകന്‍, പതിറ്റാണ്ടുകള്‍ക്കു ശേഷം ലോകത്തെ തന്നെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഒന്നാമനായി മാറി. ദാവൂദ് കസ്‌കര്‍ ഡി കമ്പനിയുടെ ബോസ് ആയ, ഇന്ത്യയിലെ ഇന്നത്തെ ദ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ദാവൂദ് ഇബ്രാഹിമായി മാറി.

1955 ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലായിരുന്നു ദാവൂദിന്റെ ജനനം. ഒരു സാധാരണ കൊങ്കണി മുസ്ലിം കുടുംബമായിരുന്നു ദാവൂദിന്റേത്. പതിമൂന്നു കുട്ടികളുണ്ടായിരുന്ന ആ കുടുംബം, സെന്‍ട്രല്‍ ബോംബെയില്‍ ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ദോംഗ്രിയിലെ തെംകാര്‍ മൊഹല്ലയില്‍ പരിമിതികളോടു പോരാടി ജീവിച്ചു. അഹമ്മദ് സെയിലര്‍ ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന ദാവൂദ്, അധികകാലം വിദ്യാഭ്യാസം തുടര്‍ന്നില്ല. സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയ അടിപിടികളും മോഷണങ്ങളുമൊക്കെയായിരുന്നു ദാവൂദിന്റെ തൊഴില്‍.

ദോംഗ്രിയില്‍ നിന്നു തന്നെയുള്ള സമപ്രായക്കാരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു ദാവൂദിനൊപ്പം. ദോംഗ്രിയിലെ ചെറുകിട ഡോണായിരുന്ന ബാഷു ദാദയുടെ സംഘത്തില്‍ കുറച്ചുകാലം ദാവൂദ് ഉണ്ടായിരുന്നു. അധികം വൈകാതെ സഹോദരന്‍ സാബിര്‍ ഇബ്രാഹിമിനൊപ്പം ചേര്‍ന്ന് സ്വന്തമായി ഒരു ഗാംഗ് തന്നെ ദാവൂദ് തുടങ്ങി. ദോംഗ്രി ബോയ്‌സ് എന്നായിരുന്നു അന്ന് ആ സംഘത്തിന്റെ പേര്. കൂലിത്തല്ലും ചാരായക്കടത്തുമൊക്കെയായിരുന്നു ആദ്യ കാലത്തെങ്കില്‍, പിന്നീട് പതിയെ വന്‍കിട കൂട്ടുകെട്ടുകളിലേക്ക് ദാവൂദ് എത്തിപ്പെട്ടു.

ഹാജി മസ്താന്റെ സംഘത്തിലെ ചിലരുമായുണ്ടായിരുന്ന വാക്കു തര്‍ക്കമായിരുന്നു അതിലേക്കുള്ള ആദ്യ പടി എന്ന് പറയാം. അന്നത്തെ ബോംബെയുടെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ഹാജി മസ്താന്റെ ആളുകളുമായുള്ള സംഘര്‍ഷമാണ് ദാവൂദിനെ ആദ്യത്തെ കുറ്റകൃത്യമായ ബാങ്ക് കൊള്ളയില്‍വരെ എത്തിച്ചത്. പിന്നീട്, മസ്താനുമായി നേരിട്ടു പരിചയപ്പെട്ട ദാവൂദ്, അയാളുടെ സംഘത്തിലെ അംഗവുമായി മാറി.

ദിവസക്കൂലിക്ക് പോര്‍ട്ടറായി ജോലി ചെയ്തിരുന്ന കാലത്തു നിന്നും അന്നത്തെ കോടീശ്വരനിലേക്കുള്ള ഹാജി മസ്താന്റെ വളര്‍ച്ചയുടെ കഥ ദാവൂദിനെ കുറച്ചൊന്നുമല്ല കൊതിപ്പിച്ചത്. ഹാജി മസ്താനുമായുള്ള സഹവാസത്തിനിടെയാണ്, ഗലികളില്‍ താന്‍ കാണുന്നതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ബോംബെ അധോലോകമെന്ന് ദാവൂദ് മനസ്സിലാക്കുന്നത്. ചെറിയ തുകകള്‍ക്ക് തങ്ങള്‍ ചെയ്തുവന്നിരുന്ന കള്ളക്കടത്തല്ല, മറിച്ച് അന്താരാഷ്ട്ര വിപണി മുന്നില്‍ക്കണ്ടുള്ള വലിയൊരു സ്മഗ്‌ളിംഗ് നെറ്റ്വര്‍ക്ക് തന്നെയാണ് ബോംബെയിലെ ഗുണ്ടാസംഘങ്ങളെ നിലനിര്‍ത്തുന്നതെന്ന തിരിച്ചറിവ് ദാവൂദിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു.

അക്രമങ്ങള്‍ കഴിവതും ഒഴിവാക്കി, സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ കള്ളക്കടത്തും മറ്റും മുന്നോട്ടുകൊണ്ടു പോകണമെന്നതായിരുന്നു മസ്താന്റെ താല്‍പര്യം. ഒപ്പം, ആവശ്യക്കാര്‍ക്ക് വാരിക്കോരി ദാനങ്ങള്‍ ചെയ്യുന്ന സ്വഭാവവും മസ്താന് മറ്റു സംഘങ്ങള്‍ക്കിടയില്‍പ്പോലും സമ്മതി നേടിക്കൊടുത്തിരുന്നു. ഈ പ്രഭാവമായിരിക്കണം ദാവൂദിനെയും ആകര്‍ഷിച്ചത്.

1977ലാണ് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബോംബെയെ സമാധാനപൂര്‍ണമാക്കാനുള്ള ചില നീക്കങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി അന്നത്തെ പ്രമുഖ അധോലോക നേതാക്കളില്‍ ചിലര്‍ കുറ്റകൃത്യങ്ങളെല്ലാം അവസാനിപ്പിച്ച് സര്‍ക്കാരിനോട് സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഹാജി മസ്താനും അക്കൂട്ടത്തിലുണ്ടായിരുന്നു. നിയമവിരുദ്ധ ബിസിനസുകള്‍ പാടെ നിര്‍ത്തിയില്ലെങ്കിലും, പൊതുജനമധ്യത്തില്‍ പ്രതിച്ഛായ നന്നാക്കലായിരുന്നു ലക്ഷ്യം. ഈ കാലഘട്ടത്തിലാണ് അധോലോക നേതാവ് എന്ന പദവിയിലേക്കുള്ള ദാവൂദ് ഇബ്രാഹിമിന്റെ വളര്‍ച്ച.

ഹാജി മസ്താന്‍ ക്ലീന്‍ ഇമേജിലേക്ക് കടന്നതോടെ, ദാവൂദ് സംഘത്തിലെ പ്രധാനിയായി മാറി. ഇതിനിടെ കരിം ലാലയുടെ പിന്‍ഗാമിയായ സമദിന്റെ നേതൃത്വത്തിലുള്ള പത്താന്‍ ഗാംഗുമായി ചില ഉരസലുകളും ദാവൂദിനുണ്ടായി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു പത്താന്‍ സംഘത്തിലെ പ്രമുഖരെല്ലാം. ഇവരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പലതും ദാവൂദ് പൊലീസിന് ചോര്‍ത്തിക്കൊടുത്തു. പത്താന്‍ സംഘത്തിന് വലിയ നഷ്ടങ്ങളുണ്ടായി. ഇരുസംഘങ്ങളും തമ്മിലുള്ള മത്സരം ബോംബെയെ വീണ്ടും ചോരക്കളമാക്കി മാറ്റി.

വാശിയും പോരും രൂക്ഷമായപ്പോള്‍ കരിംലാലയും ഹാജി മസ്താനുമടക്കമുള്ളവര്‍ നേരിട്ട് സമാധാന ചര്‍ച്ചകള്‍ക്കായി ഇടപെട്ടു. എന്നിട്ടും കാര്യമുണ്ടായില്ല. 1981ല്‍ പത്താനി ഗാംഗിലെയാളുകള്‍ ചേര്‍ന്ന് ദാവൂദിന്റെ സഹോദരന്‍ സാബിറിനെ വെടിവെച്ചുകൊന്നു. കൊലപാതകശ്രമത്തില്‍ നിന്നും ദാവൂദ് തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. അന്നേവരെ നഗരത്തില്‍ ഉണ്ടായിട്ടില്ലാത്തത്ര ക്രൂരമായ നരനായാട്ടാണ് പിന്നീടുള്ള ദിവസങ്ങളില്‍ അരങ്ങേറിയത്. സഹോദരന്റെ കൊലപാതകത്തിന് പകരം ചോദിക്കുക എന്നതു മാത്രമായിരുന്നു പിന്നീട് ദാവൂദിന്റെ ലക്ഷ്യം. പത്താന്‍ സംഘത്തിലെ ഓരോരുത്തരെയായി ദാവൂദ് കൊലപ്പെടുത്തിക്കൊണ്ടിരുന്നു.

ഒടുവില്‍, സമദിനെയും വകവരുത്തി. ഇതോടെ ബോംബെയില്‍ ദാവൂദിന് എതിരില്ലാതെയായി. ബോംബെ അധോലോകമെന്നാല്‍ ദാവൂദ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോടികളുടെ ബിസിനസ് സാമ്രാജ്യം ദാവൂദിന്റേതായി സ്ഥാപിക്കപ്പെട്ടു. കരിം ലാല – ഹാജി മസ്താന്‍ – വരദരാജ മുതലിയാര്‍ ത്രയങ്ങളുടെ കാലത്ത് ബോംബെയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സാമ്രാജ്യത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടാക്കിയത് ദാവൂദാണ്. ദോംഗ്രി ബോയ്‌സില്‍ ആരംഭിച്ച ദാവൂദിന്റെ സംഘം ഡി കമ്പനി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ദാവൂദിന്റെ മുഴുവന്‍ പേരുച്ചരിക്കാന്‍ ഭയപ്പെട്ട ബോംബെ അധോലോകം, അയാളെ ഡി എന്നു വിളിച്ചു.

എന്നാല്‍, സമദിന്റെ കൊലപാതകത്തിനു ശേഷം അധികനാള്‍ ദാവൂദിന് ഇന്ത്യയില്‍ നില്‍ക്കാനായില്ല. പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ 1986ല്‍ ദാവൂദ് ദുബായിലേക്ക് കടന്നു. പിന്നീടങ്ങോട്ട് ദുബായില്‍ നിന്നും ദാവൂദ് ബോംബെയെ നിയന്ത്രിക്കുകയായിരുന്നു. മലയാളിയായ അധോലോക നേതാവ് ബഡാ രാജന്റെ സംഘാംഗമായിരുന്ന ചോട്ടാ രാജന്‍ ദാവൂദിനൊപ്പം ചേര്‍ന്ന് ഡി കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടു നേതൃത്വം നല്‍കി. സ്വര്‍ണ്ണക്കടത്ത്, വജ്രക്കടത്ത്, റിയല്‍ എസ്റ്റേറ്റ്, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ അപടകടകരമായ പല ബിസിനസുകളും ഡി കമ്പനി ഇന്ത്യയില്‍ നടത്തി. ഇതിനു പുറമേ, കെട്ടിടങ്ങള്‍ ഒഴിപ്പിക്കല്‍, ബിസിനസ് തര്‍ക്കങ്ങളില്‍ ഇടനിലക്കാരനായി ഇടപെട്ട് പരിഹാരം കാണല്‍ എന്നിങ്ങനെ നയതന്ത്രപരമായ പല കാര്യങ്ങളും ദാവൂദ് ഫീസു വാങ്ങി ചെയ്തിരുന്നു.

അതേസമയം, ഡി കമ്പനിയെ അന്താരാഷ്ട്ര തലത്തില്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ദാവൂദ് നടത്തുന്നുണ്ടായിരുന്നു. ദുബായിലെ രാജകുടുംബാംഗങ്ങള്‍, ഷെയ്ഖുകള്‍ എന്നിവരുടെ സഹായത്തോടെ പല ബിസിനസ്സുകളും ചെയ്തിരുന്നു ദാവൂദ്. ഗുജറാത്തിലെ പോര്‍ട്ടുകളില്‍ കപ്പല്‍ പൊളിക്കുന്നതിന്റെ കരാറും അക്കാലത്ത് ദാവൂദ് പിടിച്ചെടുത്തു. അതുവഴി ഇന്ത്യയിലേക്ക് സുലഭമായി ആയുധവും കള്ളനോട്ടും മയക്കുമരുന്നു ഡി കമ്പനി കടത്തിയിരുന്നതായി പറയപ്പെടുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ദാവൂദിന്റെ ഡി കമ്പനി ഇംഗ്ലണ്ട്, ജര്‍മനി, ടര്‍ക്കി, ഫ്രാന്‍സ്, സ്‌പെയിന്‍, മൊറോക്കോ എന്നിങ്ങനെ പല രാജ്യങ്ങളിലേക്കും പടര്‍ന്നു. അയ്യായിരത്തോളം അംഗങ്ങളുള്ള വലിയൊരു ക്രിമിനല്‍ സിന്‍ഡിക്കേറ്റായി മാറി. ദോംഗ്രിയിലെ തെരുവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചു വിറ്റിരുന്ന ദാവൂദ്, ലോകമാര്‍ക്കറ്റില്‍ വജ്രത്തിന്റെ വില നിശ്ചയിക്കാന്‍ തുടങ്ങി. കള്ളനോട്ടുവ്യാപാരത്തിന്റെ ഒരു സമാന്തരസാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തു.

ആഢംബര ജീവിതവും പ്രശസ്തരുടെ സൗഹൃദവും ദാവൂദിന്റെ ബലഹീനതകളായിരുന്നു. ബോളിവുഡും ക്രിക്കറ്റുമെല്ലാം അയാള്‍ക്ക് വലിയ താല്‍പര്യമുള്ള മേഖലകളും. ബോളിവുഡിലെ പല പ്രമുഖരുമായും ഇടപെടാനും ബന്ധം സൂക്ഷിക്കാനും ദാവൂദ് പലപ്പോഴും മുന്‍കൈ എടുത്തിരുന്നു. പല ബോളിവുഡ് സിനിമകള്‍ക്കും ബിനാമികള്‍ വഴി ദാവൂദ് പണമിറക്കിയിട്ടുള്ളതായും കഥകളുണ്ട്. ദാവൂദ് നടത്തിയിരുന്ന ആഡംബര വിരുന്നുകളില്‍ ബോളിവുഡ് താരങ്ങളടക്കം പങ്കെടുത്തിരുന്നു. 1980കളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ ഡ്രെസ്സിംഗ് റൂമില്‍പ്പോലും കയറിച്ചെല്ലാന്‍ കഴിയുന്നത്ര സ്വാതന്ത്ര്യം ദാവൂദിനുണ്ടായിരുന്നതായി ദിലീപ് വെങ്‌സാര്‍ക്കറും കപില്‍ദേവും അടക്കമുള്ളവര്‍ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ക്രിക്കറ്റിലെ വാതുവയ്പ്പ് ഡി കമ്പനിയുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണെന്നാണ് കരുതപ്പെടുന്നത്. വിവാദമായ 2013ലെ ഐപിഎല്‍ വാതുവയ്പ്പ് വിഷയത്തിലും ഡി കമ്പനിക്ക് നേരിട്ട് പങ്കുള്ളതായി സൂചനകളുണ്ട്. 2011ലെ 2ജി സ്‌പെക്ട്രം വിവാദത്തില്‍പ്പോലും ഡി കമ്പനിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

1990കളുടെ ആദ്യത്തില്‍ത്തന്നെ, ഇന്ത്യയും യുഎഇയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള നയതന്ത്രകരാര്‍ രൂപപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഈ വിവരറിഞ്ഞതോടെ ദാവൂദ് ദുബായ് വിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇന്‍ര്‍പോളിന്റെ കണ്ണുവെട്ടിച്ച്, അന്ന് തനിക്ക് ഏറ്റവും സുരക്ഷിതമെന്നു തോന്നിയ പാക്കിസ്ഥാനിലേക്ക് ദാവൂദ് കളംമാറ്റിച്ചവിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനു ശേഷമാണ് ദാവൂദിന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ കുറ്റകൃത്യം അരങ്ങേറുന്നത്. ദാവൂദ് പാക്കിസ്ഥാനിലേക്ക് മാറുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു 1993ലെ ബോംബെ കലാപം നടക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ ഏറ്റവും രൂക്ഷമായതായിരുന്നു ബോംബെയില്‍ നടന്ന സ്‌ഫോടനങ്ങള്‍.

12 സ്‌ഫോടനങ്ങളിലായി 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ദാവൂദിന്റെ ഡി കമ്പനിയെയാണ് സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാരായി സംശയിക്കുന്നത്. അല്‍ ഖൈ്വദയും ലഷ്‌കര്‍ ഇ ത്വയിബയുമടക്കമുള്ള തീവ്രവാദസംഘങ്ങളുമായി ഡി കമ്പനിക്ക് അടുത്ത ബന്ധമുള്ളതായും അന്താരാഷ്ട്രതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദാവൂദ് നേതൃത്വ നല്‍കുന്നതായും അഭ്യൂഹങ്ങള്‍ പരന്നു. ഒസാമ ബിന്‍ ലാദനുമായി ദാവൂദ് സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നും താലിബാന്റെ സഹായത്തോടെ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നും പറയപ്പെടുന്നു.

2003ല്‍, ഇന്ത്യയും അമേരിക്കയും ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ദാവൂദിന്റെ ഡി കമ്പനി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണമിറക്കിത്തുടങ്ങിയതോടെ, ചോട്ടാ രാജന്‍ അടക്കമുള്ള പ്രമുഖര്‍ കമ്പനി വിട്ട് മറ്റൊരു സംഘം രൂപീകരിച്ചതായും കഥകളുണ്ട്. ചോട്ടാ രാജന്‍ പിന്നീട് ദാവൂദിനെക്കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും രഹസ്യാന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. നിലവില്‍, ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ കുടുംബസമേതം ജീവിക്കുകയാണെന്നാണ് അഭ്യൂഹങ്ങള്‍. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ദാവൂദ് കറാച്ചിയിലുണ്ടെന്നു തന്നെ പരക്കെ വിശ്വസിക്കപ്പെടുന്നു. പല കാലങ്ങളിലായി പല കഥകള്‍ ദാവൂദിനെക്കുറിച്ച് കേള്‍ക്കാറുണ്ട്.

ദാവൂദ് കീഴടങ്ങാനും തിരികെ ഇന്ത്യയിലെത്താനും താല്‍പര്യപ്പെടുന്നുണ്ടെന്നാണ് അതിലൊന്ന്. ദാവൂദിനെ തിരികെ ഇന്ത്യയിലെത്തിച്ചാല്‍, പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ശിക്ഷിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ രാഷ്ട്രീയ നേതാക്കള്‍ ഈ താല്‍പര്യം പരിഗണിക്കാന്‍ മടിക്കുവെന്നാണ് മറ്റൊരു ആരോപണം. ദാവൂദ് ജീവനോടെയില്ലെന്നും, കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും, സമ്പത്തെല്ലാം നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ ഉപയോഗം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായെന്നുമെല്ലാം പരസ്പരവിരുദ്ധമായ പല വാര്‍ത്തകളും പടച്ചുവിടപ്പെടുന്നുണ്ട്. ഇപ്പോഴും, ഇന്ത്യയില്‍ വിവാദമാകുന്ന എല്ലാ വന്‍കിട കേസുകളിലും ദാവൂദിന്റെ പേര് വെറുതെയെങ്കിലും ചേര്‍ത്തു കേള്‍ക്കാറുണ്ട്. അത്രയേറെ ആ പേര് നമ്മുടെ പൊതുബോധത്തോട് ചേര്‍ന്നു പോയിരിക്കുന്നു.

ദാവൂദിന്റെ പല സംഘാംങ്ങളും വിശ്വസ്തരുമെല്ലാം പലയിടങ്ങളില്‍ നിന്നായി പിടിക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. എങ്കിലും, ഇന്നും ഇന്ത്യയിലെ പല ബിസിനസ് ഇടപാടുകളിലും ഡി കമ്പനിയുടെ അദൃശ്യ കരങ്ങളുള്ളതായാണ് കരുതപ്പെടുന്നത്. ഡി എന്നും ഡോക്ടര്‍ എന്നും ഗോള്‍ഡ്മാന്‍ എന്നുമെല്ലാം അറിയപ്പെട്ടിരുന്ന ദാവൂദ് ഇബ്രാഹിമിനെ ബോംബെ ഇന്നും മറന്നിട്ടില്ല. എവിടെയോ മറഞ്ഞിരുന്ന് ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡി കമ്പനിയെ ഇന്നും അയാള്‍ നയിക്കുന്നു എന്ന് ലോകം വിശ്വസിക്കുന്നു. ദാവൂദിന്റെ യുഗം അവസാനിച്ചിട്ടില്ലെന്നും, എന്നെങ്കിലുമൊരിക്കല്‍ മറ്റൊരു വാര്‍ത്തയുമായി അയാള്‍ വീണ്ടും വരുമെന്നും രാജ്യം ഭയപ്പെടുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്