ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലോകഫുട്ബോളിന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കിയവന്‍
Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലോകഫുട്ബോളിന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കിയവന്‍
ശ്രീഷ്മ കെ
Wednesday, 29th September 2021, 12:46 pm
ഏഴാം നമ്പര്‍ ജഴ്സിയണിഞ്ഞ്, സിആര്‍ 7നുവേണ്ടി ഉയരുന്ന ആര്‍പ്പുവിളികളും ആരവങ്ങളും തനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പിക്കുന്ന ഒരു ചിരിയുമായി, വിജയിക്കനായി മാത്രം ജനിച്ചവനാണ് താനെന്ന് ഓരോ ചുവടിലും ഉറക്കെ പറഞ്ഞ്, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആരെന്ന ചോദ്യത്തിന് സംശയത്തിന്റെയോ അതിവിനയത്തിന്റെയോ കണികപോലുമില്ലാതെ അത് ഞാനാണ് എന്ന് മറുപടി കൊടുത്ത്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകഫുട്ബോളിന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കുകയാണ്.

2003 ഓഗസ്റ്റ് 6. ലോകഫുട്‌ബോളിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ വിമാനമിറങ്ങി. പോര്‍ച്ചുഗലിലെ പ്രധാന ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന്റെ ക്ഷണം സ്വീകരിച്ച് ഒരു സൗഹൃദമത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാഞ്ചസ്റ്റര്‍ താരങ്ങള്‍. ലിസ്ബണിലെ നവീകരിച്ച എസ്താദിയോ യോസെ അല്‍വലാദെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമത്സരമായിരുന്നു അത്.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മൂന്നാഴ്ച നീണ്ടു നിന്ന അമേരിക്കന്‍ ടൂറിനു ശേഷം മടങ്ങുന്നവഴിയായിരുന്നു ലിസ്ബണിലെത്തിയത്. വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ടാത്ത ചെറിയൊരു സൗഹൃദമത്സരം. അനായാസം ജയിക്കാവുന്ന ഒന്ന് — അതായിരുന്നു താരങ്ങളുടെ മനസ്സില്‍. അല്‍വലാദെ സ്റ്റേഡിയത്തില്‍ വച്ച് നടന്ന അവസാനഘട്ട പരിശീലനത്തിനൊടുവില്‍ പിരിയുന്നിതിനു തൊട്ടുമുന്‍പായി, കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ താരങ്ങളോട് സ്‌പോര്‍ട്ടിംഗ് ലിസ്ബണിലെ വിങ്ങറായ ഒരു പയ്യനെക്കുറിച്ച് വെറുതെയൊന്ന് സൂചിപ്പിച്ചു. കഷ്ടിച്ച് പതിനെട്ടു വയസ്സ് ആയതേയുള്ളൂ. മികച്ച പ്രകടനമാണെന്നാണ് കേള്‍ക്കുന്നത്. ഒന്ന് ശ്രദ്ധിച്ചോളൂ.

എത്ര കഴിവുള്ള പയ്യനായാലും, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു മുന്നില്‍ എന്താവാനാണ്? മാത്രമല്ല, ഇങ്ങനെയൊരു വിങ്ങറെക്കുറിച്ച് മുന്‍പ് താരങ്ങളാരും കേട്ടിട്ടുമില്ല. കോച്ചിന്റെ ആ അപ്രധാനമായ നിര്‍ദ്ദേശം അതുകൊണ്ടുതന്നെ ആരും കാര്യമായെടുത്തില്ല. അടുത്ത ദിവസം നിറഞ്ഞ ഗാലറിക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്‌പോര്‍ട്ടിംഗ് ലിസ്ബണും നേര്‍ക്കുനേര്‍ കളത്തിലിറങ്ങി.

കളി തുടങ്ങി ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ സ്‌പോര്‍ട്ടിംഗിന്റെ 28ാം നമ്പര്‍ ജേഴ്‌സി ധരിച്ച ഒരു മെലിഞ്ഞ പയ്യന്‍ മാഞ്ചസ്റ്ററിന്റെ ലോകോത്തര താരങ്ങളെ ഓരോന്നായി വകഞ്ഞുമാറ്റിക്കൊണ്ട് പന്തുമായി മുന്നേറാന്‍ തുടങ്ങി. പന്തു കൈവശം കിട്ടിയപ്പോഴെല്ലാം പലതരം തന്ത്രങ്ങള്‍ പയറ്റിക്കൊണ്ട് കാഴ്ചക്കാര്‍ക്കു മുന്നില്‍ അവന്‍ പുതുതായെന്തെങ്കിലും കാണിക്കുന്നുണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ സംഘത്തിന്റെ ശ്രദ്ധ മുഴുവന്‍ അവനിലേക്കായി. അസാധാരണമായ വേഗതയും ഡ്രിബിളിംഗ് മികവും. കളി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം തന്നെ, സാധിക്കുന്നയിടത്തെല്ലാം തന്റെ കഴിവുകള്‍ പൂര്‍ണമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതായിരിക്കണം കോച്ച് സൂചിപ്പിച്ച ആ പതിനെട്ടുകാരന്‍ എന്ന് മാഞ്ചസ്റ്റര്‍ താരങ്ങള്‍ മനസ്സില്‍ കരുതി.

പിന്നീടു നടന്നതെല്ലാം ചരിത്രമായിരുന്നു. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരുടെ പ്രതിരോധ നിരയെ, അന്നുവരെ അവര്‍ പേരു പോലും കേട്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരന്‍ ഒറ്റയ്ക്ക് ഛിന്നഭിന്നമാക്കി. റൈറ്റ്-ബാക്ക് പൊസിഷനില്‍ കളിച്ചുകൊണ്ടിരുന്ന ഐറിഷ് താരം ജോണ്‍ ഒഷെയും മാര്‍ക്ക് ലിഞ്ചും അവനൊപ്പം ഓടിയെത്താന്‍ പാടുപെട്ടു. വിരസമായ ഒരു സൗഹൃദമത്സരം പ്രതീക്ഷിച്ച് ബെഞ്ചിലിരുന്ന ടീമംഗങ്ങള്‍ അത്യുത്സാഹത്തോടെ ആ പയ്യന്റെ കളി നോക്കിയിരുന്നു.

ക്രിസ്റ്റ്യാനോ സ്‌പോര്‍ട്ടിംഗ് ലിസ്ബണ് വേണ്ടി കളിച്ചിരുന്ന കാലത്തെ ചിത്രം

ഇത്ര വേഗതയില്‍ പന്തുമായി കുതിക്കുന്ന മറ്റാരെയും ഇതുവരെ കണ്ടിട്ടില്ലെന്ന് പരസ്പരം പറഞ്ഞ് അത്ഭുതപ്പെട്ടു. ആ 90 മിനുട്ടില്‍ ഏറിയപങ്കും പന്ത് അവന്റെ നിയന്ത്രണത്തില്‍ത്തന്നെയായിരുന്നു. അത്ര മികച്ചതല്ലാത്ത ഈ ഗ്രൗണ്ടില്‍ ഇങ്ങനെയെങ്കില്‍, മെച്ചപ്പെട്ട ഒരു മൈതാനത്തെത്തിയാല്‍ ഇയാള്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് ഫെര്‍ഗൂസന്‍ തിരിച്ചറിഞ്ഞു. ഈ പതിനെട്ടുകാരനൊപ്പമല്ലാതെ മാഞ്ചസ്റ്റര്‍ സംഘം ലിസ്ബണ്‍ വിടില്ലെന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ട ആ മത്സരത്തിനു ശേഷം, ടീമിലെ താരങ്ങളെല്ലാം ഒന്നടങ്കം ആ എതിരാളിക്കായി കോച്ച് ഫെര്‍ഗൂസനെ സമീപിച്ചു. എന്ത് വിലകൊടുത്തും ഈ പ്രതിഭയെ ഓള്‍ഡ് ട്രഫോള്‍ഡില്‍ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇനിയും വൈകിയാല്‍ മറ്റ് പ്രമുഖ ക്ലബ്ബുകള്‍ അവനെ റാഞ്ചാനെത്തുമെന്ന് അവര്‍ക്കുറപ്പായിരുന്നു.

അഞ്ച് ബാലണ്‍ ഡി ഓര്‍, നാല് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ഏഴ് ലീഗ് ടൈറ്റിലുകളും അഞ്ച് UEFA ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളുമടക്കം 32 കിരീടങ്ങള്‍, 1,100ല്‍ അധികം പ്രൊഫഷണല്‍ മത്സരങ്ങള്‍, ക്ലബ്ബിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി 780ല്‍ അധികം സീനിയര്‍ കരിയര്‍ ഗോളുകള്‍, ലോക പുരുഷ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ — എല്ലാ സ്വന്തമാക്കിയത് എക്കാലത്തേയും ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകമെങ്ങും ആരാധകരുള്ള കാല്‍പ്പന്തുകളിയിലെ ഇതിഹാസം. കായികലോകത്തിന്റെ നെറുകയിലേക്ക് ക്രിസ്റ്റ്യാനോ വളര്‍ന്ന കഥ ആവേശത്തോടെയേ കേട്ടിരിക്കാനാകൂ.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളുമായി ക്രിസ്റ്റ്യാനോ

പോര്‍ച്ചുഗീസ് അധീനതയിലുള്ള മദീര ദ്വീപസമൂഹത്തിലെ ഫഞ്ചലിലാണ് ക്രിസ്റ്റ്യാനോ ജനിച്ചുവളര്‍ന്നത്. മുനിസിപ്പല്‍ ഗാര്‍ഡ്‌നറും ആന്‍ഡൊറീന്യ എന്ന ഫുട്‌ബോള്‍ ക്ലബ്ബിലെ കിറ്റ്മാനുമായിരുന്നു അച്ഛന്‍ യോസെ ദിനിസ് അവിയെരോ. അമ്മ മരിയ ഡൊലോറെസ് പാചകസഹായിയായി ജോലി നോക്കിപ്പോന്നു. ക്രിസ്റ്റ്യാനോ അടക്കം നാലു മക്കളുമായി പട്ടിണിയോട് എതിരിട്ടായിരുന്നു ആ തൊഴിലാളി കുടുംബം ജീവിച്ചുപോന്നത്. 1985 ഫെബ്രുവരിയില്‍, അമേരിക്കന്‍ പ്രസിഡന്റായി റൊണാള്‍ഡ് റീഗന്‍ രണ്ടാം തവണ അധികാരത്തിലേറിയ സമയത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ജനനം. റീഗനെ അതിയായി ആരാധിച്ചിരുന്ന അവിയെരോ, മകന് റൊണാള്‍ഡോ എന്ന് പേരിട്ടു. ഏഴു വയസ്സുമുതല്‍ക്കു തന്നെ ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ പരിശീലനമാരംഭിച്ചിരുന്നു.

അച്ഛന്‍ കിറ്റ്മാനായി ജോലി നോക്കിയിരുന്ന ആന്‍ഡൊറീന്യ ക്ലബ്ബായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ തട്ടകം. രണ്ട് വര്‍ഷക്കാലം നാസിയൊണാല്‍ ക്ലബ്ബിനു വേണ്ടിയും കൊച്ചു ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. പന്ത്രണ്ടാം വയസ്സില്‍, സ്‌പോര്‍ട്ടിംഗ് ലിസ്ബണുമായി ക്രിസ്റ്റ്യാനോ കരാറൊപ്പുവച്ചു. 1500 പൗണ്ടായിരുന്നു പ്രതിഫലം. സ്‌പോര്‍ട്ടിംഗിന്റെ യൂത്ത് അക്കാദമിയില്‍ ചേരാനായി ക്രിസ്റ്റ്യാനോ ലിസ്ബണിലേക്ക് താമസവും മാറ്റി.

ക്രിസ്റ്റിയാനോ തന്റെ മാതാപിതാക്കള്‍ക്കൊപ്പം

വിദ്യാഭ്യാസവും കാല്‍പ്പന്തുകളിയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ക്രിസ്റ്റ്യാനോയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ച് തന്റെ ശ്രദ്ധ പൂര്‍ണമായും ഫുട്‌ബോളിലേക്ക് തിരിക്കാന്‍ ക്രിസ്റ്റ്യാനോ ആഗ്രഹിച്ചു. ഒരിക്കല്‍ അധ്യാപികയുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ, മുഴുവന്‍ സമയവും ഫുട്‌ബോളിനായി മാറ്റിവച്ചു തുടങ്ങി. അതികഠിനമായ പരിശീലനമായിരുന്നു ക്രിസ്റ്റ്യാനോ പിന്തുടര്‍ന്നിരുന്നത്.

ഇരുകാലുകളിലും ഭാരം വച്ചുകെട്ടി ഡ്രിബിളിംഗ് പരിശീലിച്ചതും, ഭാരമുയര്‍ത്തിയുള്ള വ്യായാമങ്ങളും കളിക്കളത്തിലെ വേഗതയ്ക്കും കരുത്തിനും മുതല്‍ക്കൂട്ടായി. പതിനാറാം വയസ്സില്‍, ക്രിസ്റ്റ്യാനോ സ്‌പോര്‍ട്ടിംഗിന്റെ യൂത്ത് ടീമില്‍ ഇടം നേടി. പോര്‍ച്ചുഗീസ് ക്ലബ്ബുകളുടെ പ്രീമിയര്‍ ലീഗില്‍ തുടരെത്തുടരെ നിര്‍ണായക ഗോളുകള്‍ നേടി പതിയെ ക്രിസ്റ്റ്യാനോ പ്രശസ്തിയാര്‍ജ്ജിച്ചു തുടങ്ങി.

രാജ്യത്തിനകത്തെ ക്ലബ്ബുകള്‍ ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചുതുടങ്ങിയ കാലത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരം നടക്കുന്നതും ഫെര്‍ഗൂസന്‍ ക്രിസ്റ്റ്യാനോയെ ക്ലബ്ബിലേക്ക് തെരഞ്ഞെടുക്കുന്നതും. അതോടെ ലോകം മുഴുവന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് അറിയപ്പെട്ടുതുടങ്ങി. തൊട്ടടുത്ത പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്ററിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോയെ ആര്‍പ്പുവിളികളോടെയാണ് ഗാലറി എതിരേറ്റത്.

2004ലെ എഫ് എ കപ്പ് ക്രിസ്റ്റ്യാനോയുടെ കരിയറിലെ ആദ്യത്തെ കിരീടനേട്ടമായി. ലോകോത്തര നിലവാരമുള്ള ഒരു ഫുട്‌ബോള്‍ താരത്തിന്റെ ഉദയമായി എഫ് എ കപ്പ് ഫൈനലിനെ വിദഗ്ധര്‍ വിലയിരുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിച്ചുകൊണ്ട് ഫുട്‌ബോള്‍ ലീഗ് കപ്പ്, പ്രീമിയര്‍ ലീഗ് ടൈറ്റില്‍, ഗോള്‍ഡന്‍ ബൂട്ട്, ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ വേള്‍ഡ് പ്ലേയര്‍, ബാലണ്‍ ഡി ഓര്‍ എന്നിങ്ങനെ അനവധി കിരീടങ്ങളും അംഗീകാരങ്ങളും കൈപ്പിടിയിലൊതുക്കിയ ക്രിസ്റ്റ്യാനോ, 2009ല്‍ ക്ലബ്ബിന്റെ പടിയിറങ്ങി. അപ്പോഴേക്കും ലോകമെങ്ങും വലിയ ആരാധകവൃന്ദമുള്ള, താരമൂല്യമുള്ള ഫുട്‌ബോളറായി വളര്‍ന്നുകഴിഞ്ഞിരുന്നു ക്രിസ്റ്റ്യാനോ.

കളിമികവിനൊപ്പം കളിക്കളത്തിലെ ഷോമാന്‍ഷിപ്പാണ് അന്നും ഇന്നും ക്രിസ്റ്റ്യാനോയെ വേറിട്ടുനിര്‍ത്തുന്നത്. ഒരു കായികതാരം എന്നതിലുപരി, ഗ്രൗണ്ടില്‍ ഒരു പെര്‍ഫോമറായി മാറുന്ന ക്രിസ്റ്റ്യാനോയെയാണ് ആരാധകര്‍ക്ക് കൂടുതല്‍ പ്രിയം. വിങ്ങറായാണ് തുടക്കം കുറിച്ചതെങ്കിലും പതിയെ സ്‌ട്രൈക്കറായും മിഡ്ഫീല്‍ഡറായുമെല്ലാം ക്രിസ്റ്റ്യാനോ കളം നിറഞ്ഞു. ഇരുവിങ്ങില്‍ നിന്നും കയറി കളിക്കാനാകുന്ന, സെന്ററിലും അനായാസം സ്ഥാനമുറപ്പിക്കാനാകുന്ന, ഇരുകാലുകളും ഒരുപോലെ ധ്രുതഗതിയില്‍ ചലിപ്പിച്ച് ഗോള്‍വല കുലുക്കാന്‍ കഴിവുള്ള പ്രതിഭയായാണ് ക്രിസ്റ്റ്യാനോ വിലയിരുത്തപ്പെടുന്നത്.

പെനല്‍റ്റി ഏരിയയിലേക്ക് ക്രോസ്സുകള്‍ പായിക്കാനും വേഗതയുപയോഗിച്ച് എതിരാളികളെ തടുത്തുനിര്‍ത്താനുമുള്ള പ്രാവീണ്യമാണ് മറ്റൊരു ഘടകം. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫുട്‌ബോള്‍ താരങ്ങളിലൊരാള്‍ എന്ന് വിമര്‍ശകര്‍ പോലും ക്രിസ്റ്റിയാനോയെ വിശേഷിപ്പിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് കിടപിടിക്കുന്ന ഹെഡിംഗ് തന്ത്രങ്ങള്‍ മറ്റു ഫുട്‌ബോളര്‍മാരില്‍ അപൂര്‍വമാണ്. അതിമനോഹരമായ അനവധി ഏരിയല്‍ ഗോളുകളും ഹെഡര്‍ ഗോളുകളും ക്രിസ്റ്റിയാനോയുടേതായി അന്താരാഷ്ട്ര ഫു്ടബോളിലുണ്ട്.

കരിയറിന്റെ ആദ്യഘട്ടം മുതല്‍ക്കു തന്നെ ക്രിസ്റ്റ്യാനോയുടെ ഡ്രിബിളിംഗ് ടെക്‌നിക്കുകളും ട്രിക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റെപ്പ് ഓവറുകളും ചോപ്പുകളുമാണ് ട്രേഡ്മാര്‍ക്ക് നീക്കങ്ങള്‍. ഫ്രീകിക്കുകളും പെനാല്‍റ്റി കിക്കുകളും എടുക്കുമ്പോള്‍, ഗാലറിയുടെയും ക്യാമറകളുടെയും ശ്രദ്ധ മുഴുവനും തന്റെ മേലാണെന്ന് തിരിച്ചറിഞ്ഞ്, അത് ആസ്വദിച്ച്, ഒരു പെര്‍ഫോമര്‍ക്കാവശ്യമായ ശരീരപ്രകൃതിയുമായി കുതിച്ചെത്തുന്ന ക്രിസ്റ്റ്യാനോയാണ് കളിക്കളത്തിന്റെ ആരവം.

മാഞ്ചസ്റ്ററില്‍ നിന്നും പടിയിറങ്ങിയ ക്രിസ്റ്റ്യാനോ 2009- 2010 സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിനു വേണ്ടി ബൂട്ടണിഞ്ഞു തുടങ്ങി. സ്പാനിഷ് സൂപ്പര്‍കപ്പും ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലും നാലു വര്‍ഷക്കാലം കിട്ടാക്കനിയായിരുന്ന ലാ ലിഗ കിരീടവും മാഡ്രിഡിന് നേടിക്കൊടുത്തു. വ്യക്തിഗത നേട്ടങ്ങളിലും ക്ലബ്ബ് മത്സരങ്ങളിലും ക്രിസ്റ്റ്യാനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ചിലത് റയല്‍ മഡ്രിഡിലെ കരിയറിന്റെ കാലത്താണ് സംഭവിച്ചിട്ടുള്ളത്.

നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍, രണ്ട് ലാ ലിഗ കിരീട നേട്ടങ്ങള്‍, രണ്ട് കോപ്പ ഡെല്‍ റെ ട്രോഫികള്‍, മൂന്ന് ക്ലബ്ബ് വേള്‍ഡ്കപ്പുകള്‍, മൂന്ന് UEFA സൂപ്പര്‍കപ്പുകള്‍, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ – റയല്‍ മഡ്രിഡിനൊപ്പം ക്രിസ്റ്റ്യാനോ കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. 1.03 ആണ് റയലിന്റെ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയുടെ ശരാശരി ഗോള്‍ നിരക്ക്. റയല്‍ മഡ്രിഡിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയിട്ടുള്ള താരവും ക്രിസ്റ്റ്യാനോ തന്നെ.

ക്രിസ്റ്റ്യാനോ ആരാധകര്‍ മാത്രമല്ല, ഫുട്‌ബോള്‍ പ്രേമികളെല്ലാം എക്കാലത്തും ഓര്‍ത്തുവയ്ക്കുന്ന അതിമനോഹരമായ ചില ഗോളുകളും ഇക്കൂട്ടത്തിലുണ്ട്. 2011-12 ലാ ലിഗ സീസണില്‍ Rayo Vallecanoയുമായുള്ള മത്സരത്തിന്റെ 54ാം മിനുട്ടില്‍ ക്രിസ്റ്റിയാനോയുടെ ബൂട്ടില്‍ നിന്നും പിറന്ന ബാക്ക്ഹീല്‍ ഗോളാണ് അതിലൊന്ന്. തന്റെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ എതിരാളിയുടെ തലയ്ക്കുമേലെ പൊങ്ങിയുയര്‍ന്ന് നേടിയ അവിശ്വസനീയമായ ഹെഡര്‍ ഗോള്‍, അത്‌ലെറ്റിക്കോ മഡ്രിഡിനെതിരെ 2011-12 ലാലിഗയില്‍ നേടിയ ഹാട്രിക്കിലെ knuckleball ഗോളുകള്‍ എന്നിവയും എടുത്തുപറയേണ്ടതാണ്.

2018ല്‍ യുവന്റസിനെതിരായ മത്സരത്തിലെ ബൈസിക്കിള്‍ കിക്ക് ഗോള്‍ ക്രിസ്റ്റ്യാനോയുടെ റയല്‍ കരിയറിലെ മാത്രമല്ല, ഫുട്‌ബോള്‍ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഗോളായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച ഫുട്‌ബോളര്‍ എന്ന വിശേഷണത്തില്‍ നിന്നും Greatest Of All Times എന്ന ഖ്യാതിയിലേക്ക് ക്രിസ്റ്റ്യാനോ വളര്‍ന്നു തുടങ്ങിയത് റയലിനു വേണ്ടി കളിക്കളത്തിലിറങ്ങിയ കാലത്താണെന്നു പറയാം.

2018ല്‍ യുവന്റസിനെതിരായ മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് ഗോളിന്റെ ചിത്രം

ക്രിസ്റ്റ്യാനോയുടെ റയലും ലയണല്‍ മെസ്സിയുടെ ബാര്‍സലോനയും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ കാല്‍പ്പന്തുകളിയുടെ ആരാധകര്‍ക്ക് ആവേശകരമായ നിമിഷങ്ങളാണ്. ക്ലബ്ബ് മത്സരങ്ങള്‍ക്കും ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കുമായി അനവധി തവണ ഇരുവരും പരസ്പരം മത്സരിച്ചിട്ടുണ്ടെങ്കിലും, എല്‍ ക്ലാസിക്കോ ഗെയിമുകള്‍ക്ക് പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ഇരുവരും നേര്‍ക്കുനേര്‍ എതിരിട്ട മത്സരങ്ങളില്‍ കൂടുതല്‍ തവണ വിജയം രുചിച്ചിട്ടുള്ളത് മെസ്സിയാണ്.

2018ല്‍, ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്റസിലെത്തി. മൂന്നു വര്‍ഷക്കാലം യുവന്റസിനായി കളത്തിലിറങ്ങിയ ശേഷം, 2021ല്‍ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയിരിക്കുകയാണ് താരം.

2021 സെപ്തംബര്‍ 11നായിരുന്നു മാഞ്ചസ്റ്ററിലേക്ക് 12 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ്. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ന്യൂകാസിലിനെതിരായി കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമില്‍ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ടായിരുന്നു.

പ്രിയതാരത്തിന്റെ ‘ഹോംകമിങ്’ മാച്ച് നേരില്‍ക്കാണാന്‍ ആരാധകര്‍ ഓള്‍ഡ് ട്രാഫോഡിലേക്ക് ഒഴുകിയെത്തി. ഫുട്‌ബോള്‍ലോകം മുഴുവന്‍ അന്ന് ആ സ്റ്റേഡിയത്തില്‍ കണ്ണും നട്ടിരുന്നു. വലിയ ഇടവേളയ്ക്കു ശേഷം മാഞ്ചസ്റ്ററിനു വേണ്ടി കളത്തിലിറങ്ങുന്ന ക്രിസ്റ്റ്യാനോയില്‍ നിന്നും 12 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന അതേ പെര്‍ഫോമന്‍സും അതിമനോഹരമായ ഗോളുകളും പ്രതീക്ഷിച്ചെത്തിയവരായിരുന്നു ഗാലറി നിറയെ. ടീമില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യത്തെ ലീഗ് മാച്ചില്‍ ക്രിസ്റ്റ്യാനോയ്ക്കു മേലുള്ള സമ്മര്‍ദ്ദം അത്രയേറെ ഭീകരമായിരുന്നു. ആരാധകര്‍ക്കും മാഞ്ചസ്റ്റര്‍ ടീമിനും ആഘോഷിക്കാന്‍ ഒരു ഗോളെങ്കിലും നല്‍കാതെ പോകുന്നത് ചിന്തിക്കാന്‍ പോലുമാകാത്തത്ര സമ്മര്‍ദ്ദം.

എന്നാല്‍, അമിതപ്രതീക്ഷകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ക്രിസ്റ്റ്യാനോയെ തളര്‍ത്താനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ ക്രിസ്റ്റ്യാനോ എതിര്‍ടീമിന്റെ വലകുലുക്കി. ക്രിസ്റ്റ്യാനോക്കുള്ള ആര്‍പ്പുവിളികള്‍ സ്റ്റേഡിയം കവിഞ്ഞൊഴുകി. ന്യൂകാസില്‍ മിനുട്ടുകള്‍ക്കകം തിരിച്ചടി നടത്തി മറുഗോള്‍ നേടിയെങ്കിലും, അടുത്ത ക്ഷണത്തില്‍ ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോള്‍ ന്യൂകാസിലിന്റെ ഗോള്‍വല ഭേദിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ പിടിച്ചുകെട്ടി. ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ് അതിഗംഭീരമായി രേഖപ്പെടുത്തിയ മത്സരമായിരുന്നു അത്.

ന്യൂകാസിലിനെതിരെ ഗോള്‍ നേടിയ ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ ആഘോഷം

2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുന്‍പുതന്നെ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ദേശീയ ടീമില്‍ ക്രിസ്റ്റ്യനോ ഇടംനേടിയിരുന്നു. 2003 മുതല്‍ പോര്‍ച്ചുഗല്‍ സീനിയര്‍ ടീമിലും ക്രിസ്റ്റ്യാനോ അംഗമാണ്. ആദ്യമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങുമ്പോള്‍, 22 വയസ്സുമാത്രമായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക് പ്രായം. അവിടുന്നിങ്ങോട്ട് ലോകകപ്പുകളടക്കം അനവധി മത്സരങ്ങളില്‍ പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ നയിച്ചു. ഏറ്റവുമധികം ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡും നിലവില്‍ ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം.

ഗ്രൗണ്ടിനു പുറത്തും താരമൂല്യമുള്ള ക്രിസ്റ്റ്യാനോ, അത് കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനും ശ്രമിക്കാറുണ്ട്. ബില്യണ്‍ ഡോളര്‍ വരുമാനം നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ. സിആര്‍7 എന്ന ഫാഷന്‍ ബ്രാന്റില്‍ ഡിസൈനര്‍ വസ്ത്രങ്ങളും ഷൂസുകളും പെര്‍ഫ്യൂമുകളും പുറത്തിറങ്ങുന്നുണ്ട്. വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, പലപ്പോഴായി നികുതിവെട്ടിപ്പ് ആരോപണങ്ങളും ലൈംഗികാതിക്രമ ആരോപണങ്ങളും ക്രിസ്റ്റ്യാനോയ്ക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പരാതിക്കാരിയക്ക് ഭീമമായ തുക നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ തന്നെ ശരിവച്ചതും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

തന്റെ ബ്രാന്‍ഡിന്റെ ഉല്‍പന്നവുമായി ക്രിസ്റ്റ്യാനോ

ഫഞ്ചലിലെ ഒരു അടിസ്ഥാനവര്‍ഗ്ഗ കത്തോലിക്കാ കുടുംബത്തില്‍ നിന്നും ലോകത്തെ അതിസമ്പന്നരിലൊരാളായി, ലോകം കണ്ടതില്‍വച്ചേറ്റവും മികച്ച കായികതാരങ്ങളിലൊരാളായി വളര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുപ്പത്തിയഞ്ചാം വയസ്സിലും കരിയറിന്റെ പടവുകളോരോന്നായി ഓടികയറിക്കൊണ്ടിരിക്കുകയാണ്.

ഏഴാം നമ്പര്‍ ജഴ്സിയണിഞ്ഞ്, സിആര്‍ 7നുവേണ്ടി ഉയരുന്ന ആര്‍പ്പുവിളികളും ആരവങ്ങളും തനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പിക്കുന്ന ഒരു ചിരിയുമായി, വിജയിക്കനായി മാത്രം ജനിച്ചവനാണ് താനെന്ന് ഓരോ ചുവടിലും ഉറക്കെ പറഞ്ഞ്, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആരെന്ന ചോദ്യത്തിന് സംശയത്തിന്റെയോ അതിവിനയത്തിന്റെയോ കണികപോലുമില്ലാതെ അത് ഞാനാണ് എന്ന് മറുപടി കൊടുത്ത്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകഫുട്ബോളിന്റെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Life of Cristiano Ronaldo and his football career