മനുഷ്യവിരുദ്ധമായ വെള്ളപൂശലുകള്‍: വെറുപ്പിന്റെ കാലത്തെ താലിബാന്‍ പ്രണയം!
Taliban
മനുഷ്യവിരുദ്ധമായ വെള്ളപൂശലുകള്‍: വെറുപ്പിന്റെ കാലത്തെ താലിബാന്‍ പ്രണയം!
ഡോ. പി.കെ. യാസര്‍ അറഫാത്ത്
Monday, 16th August 2021, 3:24 pm
ഇന്ത്യയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ജീവിത സങ്കീര്‍ണതകളെ അടയാളപ്പെടുത്തിക്കൊണ്ട് താലിബാന്‍ ഭീകരതയുടെ ആഴം വിവരിക്കുകയാണ് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ ലേഖകന്‍

ദല്‍ഹിയില്‍ നിങ്ങള്‍ക്ക് ആയിരക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കാണാന്‍ കഴിയും. പഷ്ത്തൂണും ദാരിയും സംസാരിക്കുന്ന അതിസുന്ദരരായ മനുഷ്യര്‍. വൈകുന്നേരങ്ങളെ ആഘോഷങ്ങളാക്കി മാറ്റി, സംഗീതം പൊഴിക്കുന്ന അഫ്ഗാന്‍ റെസ്റ്റോറന്റുകളില്‍ വൈകുവോളം ഇരുന്നു സംസാരിക്കുന്നവരെ ധാരാളമായി കണ്ടിരുന്നു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്.

‘കാബൂളി-ഉസ്ബെക്കി’യും, ‘ബോറാനി-ബഞ്ചനും’, വാഴയിലയുടെ വലുപ്പമുള്ള തന്തൂര്‍ റൊട്ടിയുമൊക്കെ കഴിക്കുകയും, കഴിപ്പിക്കുകയും ചെയ്യുന്ന, സൗഹൃദം നിറഞ്ഞ മനുഷ്യരെ കിഡ്ക്കിയിലും, ലജ്പത്നഗറിലും, ഭോഗലിലും, ജംഗ്പുരയിലും യഥേഷ്ടം കാണാം. ഇവിടെങ്ങളിലൊക്കെ ഉണക്കപ്പഴങ്ങളും, മാറ്റുകളും, അച്ചാറുകളും, പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന അഫ്ഗാന്‍ സ്റ്റോറുകളും കാണാന്‍ കഴിയും.

നാല്‍പ്പതോളം കൊല്ലങ്ങളായി ജീവിക്കുന്നവര്‍ തൊട്ട്, കഴിഞ്ഞ ഡിസംബര്‍ വരെ ജീവനും കൊണ്ടോടി രക്ഷപ്പെട്ട, ഇന്ത്യയില്‍ മാത്രമായി പലഘട്ടത്തില്‍ അഭയം നല്‍കപ്പെട്ട, നിരവധിഅഫ്ഗാനികളുണ്ട്. അനൗപചാരിക കണക്കുകള്‍ അനുസരിച്ചു അറുപതിനായിരത്തോളം അഫ്ഗാനികള്‍ ദല്‍ഹി മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും അഭയാര്‍ഥികളാവുന്നത് താലിബാന്‍ അഫ്ഗാന്‍ ഭരണത്തിലിരുന്ന 1996-2001 കാലഘട്ടത്തിലാണ്.

ഇപ്പോഴും ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടുകോടിയോളമുള്ള ആണ്‍ ജനസംഖ്യയില്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ പേര്‍ സ്വന്തം ജനതയ്ക്കു മേല്‍ തോക്കെടുത്തു രക്തക്കളം തീര്‍ക്കുന്നവര്‍. നൂറില്‍ ഒരാള്‍ തോക്കെടുക്കുന്ന, സജീവ താലിബാനികളായിരിക്കുന്ന പഷ്ടൂണ്‍ ഗോത്രം. അതായത് ലോകത്തിലെ ഏറ്റവും മിലിട്ടറൈസ് ചെയ്യപ്പെട്ട സമൂഹങ്ങളിലൊന്ന് എന്ന് അഫ്ഗാനിസ്ഥാനിലെ ഈ സമുദായത്തെ വിശേഷിപ്പിക്കാം.

ദല്‍ഹിയിലെ ഭോഗലിലുള്ള അഫ്ഗാന്‍ ബേക്കറി

ഇന്ത്യയിലെ അഭയാര്‍ഥികളിലെ ഭൂരിപക്ഷത്തിനും ഒരു താലിബാന്‍ കഥ പറയാനുണ്ട്. അതില്‍ ഭര്‍ത്താക്കന്മാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്തിനു ശേഷം കൈക്കുഞ്ഞുങ്ങളുമായി മൈലുകള്‍ നടന്നു ഇന്ത്യയിലേക്കെത്തിയ നിരവധി സ്ത്രീകളുണ്ട്. ഉറ്റവരോട് ഇപ്പോഴും തങ്ങള്‍ ഇന്ത്യയിലാണെന്നു വെളിപ്പെടുത്താതെ രഹസ്യമായി ജീവിക്കുന്നവരുണ്ട്. ഗോത്രനിയമം തെറ്റിച്ചതിനു തിരിച്ചുകൊണ്ടുപോയി ക്രൂരമായി കൊല്ലും എന്നുള്ള ഭയപ്പാടോടെ ജീവിക്കുന്നവരുണ്ട്, വര്‍ഷങ്ങളായി. ഇതേ ഭയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത നൂറുകണക്കിന് മനുഷ്യര്‍.

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ചെറുപ്പക്കാരാണ് അഭയാര്‍ഥികളിലെ ആദ്യ തലമുറയ്ക്ക് നാട്ടിലെ വിവരങ്ങള്‍ കൈമാറുന്നത്. ഫോട്ടോയില്‍ പെട്ടാല്‍ താലിബാന്‍ ആളെ അയച്ചു execute ചെയ്യും എന്ന് ഭയപ്പെടുന്ന ആദ്യകാല അഭയാര്‍ത്ഥികള്‍ ഇപ്പോഴും ദല്‍ഹിയിലുണ്ട്.

ജംഗ്പുരിയിലെ ഒരു കാബൂള്‍ റെസ്റ്റോറന്റില്‍ സുഹൃത്ത് മഹേഷുമൊത്തു രുചികരമായ ഭക്ഷണം കഴിച്ചു ഉടമയോടു, ”ഉടമയുടെ കൂടെ ഒരു ഫോട്ടോ എടുത്തോട്ടെ” എന്ന് അവന്‍ ചോദിച്ചപ്പോള്‍ ക്ഷമാപണത്തോടെ അത് നിരസിച്ച ആ മനുഷ്യനെ ഇപ്പോള്‍ ഓര്‍ക്കുകയാണ്. പത്തുവര്‍ഷം കഴിഞ്ഞിട്ടും, കുടുംബവുമായി ഇന്ത്യയിലെത്തിയ തങ്ങളെ തേടി താലിബാന്‍ വരും എന്ന് ഭീതിയോടെ കഴിയുന്നവര്‍. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊന്നുകളഞ്ഞ താലിബാന്‍ തീവ്രവാദികള്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഉറക്കം കെടുത്തുന്ന അഫ്ഗാന്‍ വനിതകളെ കിഡ്ക്കിയിലും ബോഗിലിലും ഇപ്പോഴും കാണാന്‍ കഴിയും.

കോസ്മെറ്റിക് കടകളിലും, സലൂണുകളിലും ജോലിചെയ്യുന്നത് താലിബാന്‍ അറിഞ്ഞാല്‍ നാട്ടിലുള്ള കുടുംബത്തെ മുഴുവന്‍ കൊന്നുകളയും എന്ന് ഭയത്തോടെ വിശ്വസിക്കുന്ന അഫ്ഘാന്‍ ചെറുപ്പത്തെ ദല്‍ഹിയില്‍ കാണാം. കുട്ടികള്‍ സ്‌കൂളില്‍ പോയതിനാല്‍ തങ്ങളുടെ അയല്പക്കത്തെ വീടുതന്നെ ബോംബിട്ടു തകര്‍ത്ത താലിബാനെ ഓര്‍ത്തെടുക്കുന്ന ഫര്‍സാനയെ നിങ്ങള്ക്ക് കേള്‍ക്കാം.

”ആധുനിക-പൂര്‍വ്വ ഏഷ്യയിലെ പരിസ്ഥിതി വിചാരങ്ങള്‍’ എന്നത് ദല്‍ഹി യൂണിവേഴ്‌സിറ്റി ക്ളാസില്‍ ചര്‍ച്ചചെയ്യുമ്പോള്‍ എനിക്ക് ‘ബാബര്‍നാമയിലെ അഫ്ഗാനിസ്ഥാന്‍’ എന്ന റിസര്‍ച്ച് പേപ്പര്‍ എഴുതണം എന്ന് ആവശ്യപ്പെട്ട്, അത് ക്ലാസില്‍ പ്രസന്റ് ചെയ്യുമ്പോള്‍, പൊട്ടിക്കരഞ്ഞ സൊഹ്റാബ് എന്റെ തന്നെ വിദ്യാര്‍ത്ഥിയായിരുന്നു. ക്ലാസ്സ് കഴിഞ്ഞു ക്യാബിനില്‍ വിളിച്ചു സംസാരിച്ചപ്പോള്‍, താടി വടിച്ചതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികള്‍ മുഖത്തു ആണിയടിച്ച ഹെറാത്തിലെ അമ്മാവനെ ഓര്‍ത്താണ് കരഞ്ഞുപോയതെന്നു പറഞ്ഞ എം.എ. ക്ളാസ്സിലെ സൊഹ്റാബ്.

അന്ന് മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ടായ സൊഹ്റാബ്, തന്നെക്കാളും അഞ്ചുവയസ്സ് കുറവുള്ള ഒരാളുടെ മുന്നിലാണ് കരഞ്ഞത് എന്ന് പറഞ്ഞു വീണ്ടും വിഷമിച്ചപ്പോള്‍, എന്റെ കഴിഞ്ഞ ക്ളാസില്‍ നാല്പത്തഞ്ചു വയസ്സുകാരനുണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു ആശ്വസിപ്പിച്ചത്. അവരുടെ ഗോത്രവിശ്വാസത്തില്‍, വയസ്സിന് മൂത്തവരുടെ മുന്‍പില്‍ മാത്രമേ കരയാന്‍ പാടൂളൂ എന്നുണ്ടത്രേ.

ആറുവര്‍ഷത്തോളം തന്റെ സുഹൃത്തുക്കള്‍ പഠിച്ച, അല്ലെങ്കില്‍ താലിബാന്‍ തോക്കു ചൂണ്ടി പഠിപ്പിച്ച സ്ഥലം മദ്രസയായിരുന്നില്ല, മറിച്ചു തടവറയായിരുന്നു എന്ന് പിന്നീടുള്ള സംസാരങ്ങളില്‍ വിവരിക്കുന്ന ആ യുവാവ് എനിക്ക് നേരിട്ട് കാണാന്‍ പറ്റിയ താലിബാന്‍ മത തീവ്രതയോടെ ഉള്ളുപിടക്കുന്ന ഇരയായിരുന്നു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലിരിന്നു, താലിബാന്‍ മത തീവ്രവാദത്തിനെ വെള്ളയും മഞ്ഞയും പൂശുന്ന, അവര്‍ തകര്‍ത്ത ബാമിയാന്‍ പ്രതിമകളെ തങ്ങളുടെ താലിബാന്‍ പ്രണയത്തിന്റെ താജ്മഹലായി മനസ്സില്‍ സൂക്ഷിക്കുന്നവരും കൂടിയുള്ള ഈ ലോകത്ത്, താലിബാന്റെ ആദ്യത്തെയും അവസാനത്തെയും ശത്രു ‘അറിവും’ ‘ചിന്തയും’ ആണ് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് സൊഹ്റാബും ഫര്‍സാനയും എന്ന് പറയാനാണ് ഇത്രയും എഴുതിയത്.

തോക്കു ചൂണ്ടി നിര്‍ജ്ജലീകരിച്ചു നിശബ്ദമാക്കാന്‍ പറ്റുന്ന അടിമകളെയാണ് താലിബാന്‍ തേടുന്നത്. അടിസ്ഥാനപരമായി അക്രമാസക്തമായ മനുഷ്യന്റെ ‘ഏറ്റവും ഇരുണ്ട തൃഷ്ണകളെ സാധിച്ചുകൊടുക്കും’ എന്ന ലോകത്തിലെ ഏറ്റവും ലളിതവും ശക്തവും, എന്നാല്‍ എഴുതാത്തതുമായ പരസ്യം, എല്ലാ ക്രിമിനല്‍ കൂട്ടായ്മകളിലെന്നതുപോലെ താലിബാനിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നത് കാണാം.

അടിസ്ഥാന വാസനകളെ മുന്‍നിര്‍ത്തി, മത തീവ്രവാദത്തെ ഒരു ലേബര്‍ മാര്‍ക്കറ്റ് ആക്കി മാറ്റുകയും അതിലേക്കു കഴിഞ്ഞ ഇരുപതു വര്‍ഷമായി ‘തൊഴിലാളികളെ’ സ്വരുക്കൂട്ടുകയുമാണ് താലിബാന്‍ ചെയ്തത് എന്ന് കാണാം. ജനാധിപത്യത്തിന്റെയും സ്‌നേഹത്തിന്റെയും അന്തകരായവര്‍ക്കു മാത്രമേ അവരെ കൂടെനിര്‍ത്താന്‍ പറ്റൂ എന്ന് സാരം.

ഇസ്‌ലാമിക പൂര്‍വ്വ ഗോത്രനിയമങ്ങളും, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മുസ്‌ലിം ലോകത്തെ ചിന്തകര്‍ കവച്ചുവെച്ചു മറികടന്ന പ്രമാണ നിര്‍വചനങ്ങളും തോക്കുചൂണ്ടി വീണ്ടെടുക്കാനും അത് സ്ഥാപിക്കാന്‍ എത്രവലിയ രക്തപ്പുഴകള്‍ ഒഴുക്കാനും തയ്യാറായ ഒരു കുറ്റവാളിക്കൂട്ടമാണ് താലിബാനെന്നു തൊണ്ണൂറുകള്‍ക്കു ശേഷമുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഈ കുറ്റവാളിക്കൂട്ടത്തിന്റെ മനുഷ്യവിരുദ്ധമായ ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞു, അതിനെ അഫ്ഗാനിസ്ഥാനില്‍ നിന്നു ഇല്ലാതാക്കേണ്ടതിന്റെ ആവശ്യം ആദ്യം ആദ്യം ഉയര്‍ത്തിയത് അഫ്ഗാനിതന്നെയായ അഹമ്മദ് ഷാഹ് മസൂദ് ആയിരുന്നു.

മസൂദിന്റെ ചേര്‍ച്ചയുള്ള ഇസ്ലാമിക ബോധവും, നൂതനമായ വിദ്യാഭ്യാസ ആശയങ്ങളും, ശാസ്ത്രസാങ്കേതിക കാഴ്ചപ്പാടും തങ്ങളുടെ മത-തീവ്രവാദത്തിന്റെ കമ്പോളത്തിനെ കാര്യമായി ബാധിക്കും എന്നുമനസ്സിലാക്കിയ താലിബാന്‍, അദ്ദേഹത്തിനെ ഒരു ബോംബാക്രമണത്തിലൂടെ കൊന്നുകളയുകയായിരുന്നു.

പൗരത്വ നിയമവും, ഇറച്ചിക്കൊലകളും, മത-വംശീയതയും തീവ്രവാദമാകുന്നവർ, ഒരു തീവ്ര-ക്രിമിനല്‍ സംഘത്തിന്റെ അക്രമാസക്തത തീവ്രവാദമല്ല, മറിച്ചു പ്രതിരോധമാണ് എന്ന് വിശ്വസിപ്പാക്കാന്‍ ശ്രമിക്കുന്നത്, അങ്ങിനെ വിശ്വസിക്കാന്‍ തോന്നുന്നത്, ആ വിശ്വാസത്തില്‍ കുറ്റബോധമില്ലാതാവുന്നത് ഓരോരുത്തരും സ്വയം പരിശോധിക്കേണ്ടതാണ്.

തോക്കെടുത്തു മതവും അതിന്റെ ശുദ്ധിയും ഉറപ്പുവരുത്താന്‍ ഇറങ്ങി പുറപ്പെട്ടവര്‍ തന്നെയാണ് ഏതുമതത്തിന്റെയും യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് താലിബാന്‍ ഭീകരര്‍ വീണ്ടും തെളിയിക്കുകയാണ്. വിശ്വാസത്തിന്റെയുള്ളില്‍ നിന്ന് നോക്കിയാലും, അതിന്റെ പുറത്തു നിന്ന് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്.

****ഇസ്ലാമില്‍ ബലാല്‍ക്കാരമില്ലെന്നു’ പറഞ്ഞത് ഖുര്‍ആന്‍ തന്നെയാണ്, അല്ലാതെ കായംകുളം കൊച്ചുണ്ണിയല്ല, ആണോ?!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Life of Afghan Refugees in India – Dr. P.K. Yasser Aarafath writes

 

ഡോ. പി.കെ. യാസര്‍ അറഫാത്ത്
അസി.പ്രൊഫസര്‍, ചരിത്ര വിഭാഗം, ഡല്‍ഹി യൂണിവേഴ്‌സിറ്റി