| Saturday, 19th October 2019, 1:00 pm

ഹേയ്, ആന്റണിയുണ്ടോ, ഒന്നു മുങ്ങാനാണ്; ഒരു 'കുഴിയാളി'യുടെ ജീവിതം..

ജംഷീന മുല്ലപ്പാട്ട്

തിരുവനന്തപുരം വലിയതുറയിലെ കുഴിയാളി ആന്റണിക്ക് കടല്‍ വെറും ആഴവും പരപ്പും തിരമാലകളും മാത്രമല്ല. ചരിത്രമാണ്. ഒരു മുങ്ങല്‍ വിദഗ്ദന്റെ 60 വര്‍ഷത്തെ ചരിത്രം. ആന്റണിക്കിപ്പോള്‍ 90 വയസ്സായി. പണ്ടുകാലങ്ങളില്‍ വലിയതുറയില്‍ എത്തിയിരുന്ന ചരക്കു കപ്പലുകളില്‍ നിന്നും കടലില്‍ വീഴുന്ന ചരക്കുകള്‍ മുങ്ങിയെടുക്കലായിരുന്നു ആന്റണിയുടെ പ്രധാന തൊഴില്‍.

പിന്നീട് കടലിലോ പുഴയിലോ കുളത്തിലോ ആര് ചാടിയാലും ആന്റണിയെ അന്വേഷിച്ചു പലസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങി. അങ്ങനെ ആന്റണി വലിയ തുറയിലെ മുങ്ങല്‍വിദഗ്ദനായി. മൃതദേഹങ്ങള്‍ മുങ്ങിയെടുക്കാനുള്ള വൈദഗ്ദ്യം കുഴിയാളി എന്ന പേരും നേടിക്കൊടുത്തു.

മുംബയില്‍ നിന്നും സിമാന്റുമായെത്തിയ കപ്പലിലെ കപ്പിത്താന്‍ കപ്പലിന്റെ കൊടിമരത്തില്‍ നിന്നും കടലിലേയ്ക്ക് ചാടാന്‍ ആന്റണിയോട് ആവശ്യപ്പെട്ടു. കടലില്‍ ചാടി നാല് മിനിറ്റ് നേരം ഊളിയിട്ട ശേഷമാണ് ആന്റണി പൊങ്ങിയത്. മുങ്ങലില്‍ ആന്റണിയുടെ വൈദഗ്ദ്യം കണ്ട് കപ്പലിലുള്ളവര്‍ നിര്‍ത്താതെ കയ്യടിച്ചെന്നും ആന്റണി ഓര്‍ത്തെടുത്തു.

ഊളംമ്പാറ ആശുപത്രിയുടെ കിണറ്റില്‍ ചാടിയ കൊച്ചികാരനായ യുവാവിനെ അതിസാഹസികമായി മുങ്ങിയെടുത്ത കഥയും ആന്റണി പറഞ്ഞു. അന്ന് അവിടെയുണ്ടായിരുന്ന ഗവര്‍ണര്‍ അടക്കമുള്ളവര്‍ അഭിനന്ദിച്ചതായും യുവാവിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി തക്കതായ പ്രതിഫലം കൊടുത്തതായും ആന്റണി പറഞ്ഞു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം