തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര സി.ബി.ഐക്ക് പരാതി നല്‍കി. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
ലൈഫ് മിഷന്‍ സി.ഇ.ഒ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും കൈമാറി. അദ്ദേഹം തന്നെയാണ് പരാതി നല്‍കിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
‘2019 ജൂലൈ 11ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അന്ന് വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ യു.എ.ഇ.റഡ്ക്രസന്റ് അതോറിറ്റി അധികാരി പങ്കെടുത്ത യോഗം നടന്നു. അവിടെ വെച്ച് യു.എ.ഇ റഡ്ക്രസന്റും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ലൈഫ് മിഷനും തമ്മില്‍ ഒപ്പ് വെച്ച എം.ഒ.യു നിയമവിരുദ്ധമാണ്’, പരാതിയില്‍ പറയുന്നു.
എം.ഒ.യു.വിന്റെ മറപിടിച്ചാണ് ഈ കേസിലെ മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മറ്റൊരു രാജ്യത്തിന്റെ അധികാരിയായ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം പണിയുന്നതടക്കമുള്ള കാര്യങ്ങളാണ് ഒപ്പ് വെച്ചത്.
ഇത് രാജ്യവിരുദ്ധമാണെന്നും പരാതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തും തെളിവുകള്‍ ശേഖരിച്ചും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അനില്‍ അക്കര അഭ്യര്‍ത്ഥിക്കുകയും ചെയ്തു.