| Thursday, 8th October 2020, 3:48 pm

ലൈഫ് മിഷന്‍ അധോലോക ഇടപാടെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ അധോലോക ഇടപാടാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. കരാറിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ ആരോപിച്ചു.

എഫ്.സി.ആര്‍.എ കേസ് നിലനില്‍ക്കുമെന്നും സി.ബി.ഐ പറഞ്ഞു.

ലൈഫ് മിഷന്‍ ധാരണാപത്രം എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു. പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ടെന്‍ഡര്‍ വഴി യൂണിടാക്കിന് കരാര്‍ ലഭിച്ചെന്നത് കളവാണെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചു.

സന്ദീപും സ്വപ്നയും കുപ്രസിദ്ധ കള്ളക്കടത്തുകാരാണെന്ന വാദമാണ് സി.ബി.ഐ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പദ്ധതിക്ക് വേണ്ടി ഇടപെട്ടെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു.

ലൈഫ് മിഷന് നല്‍കിയ രേഖകള്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ കൈവശം എങ്ങനെയെത്തി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

203 അപ്പാര്‍ട്ട്‌മെന്റുകളാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ സന്തോഷ് ഈപ്പന്‍ ഇത് 100ഉം, പിന്നീട് 130 ആക്കി. ഇത് ലാഭമുണ്ടാക്കാനാണെന്നാണ് സി.ബി.ഐ വാദം.

യൂണിടാക്കും റെഡ് ക്രസന്റും ലൈഫും തമ്മിലുള്ള കോണ്‍ട്രാക്ട് പരിശോധിക്കേണ്ടത് ഉണ്ടെന്നും ഈ കരാര്‍ സംശയാസ്പദമാണെന്നും സി.ബി.ഐ പറയുന്നു. യു.വി ജോസ് പ്രതിയാകുമോ സാക്ഷിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും ഇത് കോടതി വായിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

അതേസമയം കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ അനുമതി വേണമെന്നും സര്‍ക്കാര്‍ പറഞ്ഞു.

എഫ്.സി.ആര്‍.എ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുത്താതെ കേസുമായി മുന്നോട്ടുപോകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

കോണ്‍സുലേറ്റ് പണം യൂണിടാക്ക് വാങ്ങിയതില്‍ പങ്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Life Mission is Underworld Contract CBI

We use cookies to give you the best possible experience. Learn more