| Saturday, 26th September 2020, 8:51 am

ലൈഫ് മിഷനിലെ വിദേശസഹായത്തിന്റെയും ക്രമക്കേടിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെ: സി.ബി.ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ സി.ബി. ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായതായി റിപ്പോര്‍ട്ടുകള്‍. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നും അതിനാല്‍ സര്‍ക്കാരിന് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സി.ബി.ഐ പറയുന്നു.

യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കണമെന്നുംസി.ബി.ഐ നിര്‍ദേശിക്കുന്നു.

കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് സി.ബി.ഐ സംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്്. ലൈഫ് മിഷനിലെ കോഴ ഇടപാട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐ സംഘത്തിന് ഉന്നതതല നിര്‍ദേശം ലഭിച്ചിരിക്കുന്നതാണെന്നാണ് കരുതപ്പെടുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസിലാണ് സി.ബി.ഐ കഴിഞ്ഞ ദിവസം അന്വേഷണം ആരംംഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ബില്‍ഡേഴ്സ് എം.ഡി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയെന്ന് സി.ബി.ഐ വെള്ളിയാഴ്ച തന്നെ അറിയിച്ചിരുന്നു.

അതേ സമയം സി.ബി.ഐയുടെ കേസില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയും സി.ബി.ഐ ചോദ്യം ചെയ്യുന്ന അവസ്ഥയായെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയും ക്രമക്കേടും പകല്‍പോലെ വ്യക്തമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും സി.പി.ഐ.എം പറഞ്ഞു.

സി.ബി.ഐയുടെ ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാവിലെ ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ നല്‍കിയ പരാതിയിലാണ് സാധാരണ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്.അഖിലേന്ത്യാതലത്തില്‍ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സി.ബി.ഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണെന്നും സി.പി.ഐ.എം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Life Mission CBI report says Govt is responsible for everything

We use cookies to give you the best possible experience. Learn more