| Wednesday, 2nd August 2023, 12:03 pm

ഇ.ഡി വാദം തള്ളി; ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന് ഇടക്കാല ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സാവശ്യാര്‍ത്ഥം രണ്ട് മാസത്തേക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍വെച്ച് ശസ്ത്രക്രിയ നടത്താമെന്നുള്ള ഇ.ഡി വാദം കോടതി തള്ളുകയായിരുന്നു.

വിശദമായ വാദത്തിന് ശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

ഇതിനെതിരെയാണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്ന്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഇദ്ദേഹം നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

നട്ടെല്ലിന് ശസ്ത്രക്രിയ സാധിക്കില്ലെന്ന് ഇ.ഡിയും വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്‌നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇ.ഡി ഉന്നയിച്ചത്.

പക്ഷേ ചികിത്സ സംബന്ധിച്ച ശിവശങ്കറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം ജാമ്യസമയത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുകയാണ് ശിവശങ്കര്‍. കഴിഞ്ഞ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Content Highlight: Life Mission case, former Principal Secretary to Chief Minister M. Shivashankar granted interim bail

Latest Stories

We use cookies to give you the best possible experience. Learn more