[]ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട മലയാളി താരം എസ്. ശ്രീശാന്തിന് ആജീവനാന്ത വിലക്ക്. ബി.സി.സി.ഐയാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
ദല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐ അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്തില്‍ നിന്നും ബി.സി.സി.ഐ ഇന്ന് അവസാന വട്ട മൊഴി എടുത്തിരുന്നു.
ശ്രീശാന്തിനൊപ്പം ആരോപണവിധേയരായ അങ്കിത് ചവാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. അമിത് സിങ്ങിന് അഞ്ച് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.
ബി.സി.സി.ഐയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കളിക്കളത്തിലേക്ക് ഉടന്‍ മടങ്ങിവരുമെന്നുമായിരുന്നു ശ്രീശാന്ത് മൊഴി നല്‍കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
എന്നാല്‍ ശ്രീയെ ആജീവനാന്തം വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വാതുവെപ്പ് കേസില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ബി.സി.സി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.
ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ എസ്. ശ്രീശാന്ത് കുറ്റക്കാരനാണെന്നായിരുന്നു ബി.സി.സി.ഐ അന്വേഷണസമിതി റിപ്പോര്‍ട്ട്.
ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണെന്ന് അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശ്രീശാന്തിന് അഞ്ചു വര്‍ഷം മുതല്‍ ആജീവനന്തം വരെ വിലക്കേര്‍പ്പെടുത്താനുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നാണ് രവി സവാനി സമിതി ശിപാര്‍ശ ചെയ്തത്.
ഒത്തുകളി ആരോപണം നേരിടുന്ന കളിക്കാരെ ചോദ്യംചെയ്തതിലൂടെയും ഡല്‍ഹി പോലീസ് നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ കുറ്റക്കാരാണെന്ന നിഗമനത്തിലെത്തിയതെന്നാണ് രവി സവാനി റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചനകള്‍.