നിലമ്പൂര്‍ രാധ വധം: പ്രതികള്‍ക്ക് ജീവപര്യന്തം
Daily News
നിലമ്പൂര്‍ രാധ വധം: പ്രതികള്‍ക്ക് ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th February 2015, 4:13 pm

radha01കോഴിക്കോട്: നിലമ്പൂര്‍ രാധ വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നുള്ളതായിരുന്നു കേസ്.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായ ബിജു നായരാണ് കേസിലെ ഒന്നാം പ്രതി. ചുള്ളിയോട് കുന്നശേരി ഷംസുദ്ദീന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഈ രണ്ട് പ്രതികള്‍ക്കുമാണ് ജഡ്ജി പി.എസ് ശശികുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതിക്ക് 86,000 രൂപയും രണ്ടാം പ്രതിക്ക് 41,000 രൂപയും കോടതി പിഴ വിധിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ ഓഫീസ് അടിച്ചുവാരനെത്തിയ രാധയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.  കൊലപാതകത്തിന് ശേഷം രാധയുടെ മൃതദേഹം പാരപ്പന്‍കുഴിച്ചാല്‍ കുളത്തില്‍ തള്ളുകയും ചെയ്തു.

ബിജുവിന്റെ പരസ്ത്രീ ബന്ധം നേതാക്കളെ അറിയക്കുമെന്ന് രാധ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണം. 2012 ല്‍ ബിജു നായരുടെ നിര്‍ദേശപ്രകാരം രാധയെ കാറിടിച്ച് കൊലപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു. വിവരങ്ങള്‍ രാധ പുറത്ത് പറഞ്ഞാല്‍ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ബിജുവിന്റെ ഭയമാണ് രാധയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2049 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്.