'പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം'; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ്
India
'പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം'; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2017, 12:33 pm

കഴിഞ്ഞ എപ്രിലില്‍ സോഷ്യല്‍ മീഡിയ ഏറ്റവും അധികം സംസാരിച്ചത് ഒരച്ഛനെ കുറിച്ചായിരുന്നു. തന്റെ പൊന്നുമകള്‍ക്ക് പുത്തനുടുപ്പു വാങ്ങാന്‍ രണ്ട് വര്‍ഷം പിച്ചയെടുത്ത അച്ഛനെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

കവ്‌സര്‍ ഹൊസൈന്‍ എന്ന അച്ഛന്റേയും മകളുടേയും ജീവിതം ആരേയും ചിന്തിപ്പിക്കുന്നതായിരുന്നു. രണ്ട് വര്‍ഷത്തെ കഷ്ടതകള്‍ക്കൊടുവില്‍ അച്ഛന്‍ വാങ്ങി നല്‍കിയ പുത്തനുടുപ്പ് അണിഞ്ഞ മകളുടെ സന്തോഷത്തെ വിശേഷിപ്പിക്കാന്‍ ഈ ലോകത്തുള്ള ഒരുവാക്കിനും ശേഷിയില്ലായിരുന്നു.

പ്രശസ്ത വീഡിയോ ജേര്‍ണലിസ്റ്റായ ജിഎംബി ആകാശായിരുന്നു ആ ചിത്രത്തിനു പിന്നില്‍. ഫെയ്‌സ്ബുക്കിലൂടെ താന്‍ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത അച്ഛനേയും മകളേയും തേടി ആകാശ് വീണ്ടുമിറങ്ങി.


Also Read: ഹിന്ദുക്കളെ അപമാനിച്ചെന്നാരോപണം: നടന്‍ വിജയ്‌ക്കെതിരെ കേസ്


മകള്‍ സുമയയും അവളുടെ രണ്ട് സഹോദരങ്ങളും അമ്മയും അടങ്ങുന്ന കവ്‌സറിന്റെ കുടുംബവുമായി ആകാശ് വല്ലാതെ അടുത്തു. ഇതിനിടെ കവ്‌സര്‍ ആകാശിനോട് ഒരു കാര്യം ആവശ്യപ്പെട്ടു, ഒന്നുമാത്രം. സ്ഥിരമായുള്ള ഒരു വരുമാന മാര്‍ഗ്ഗം.

പച്ചക്കറി വില്‍ക്കുന്ന ബിസിനസ് തുടങ്ങുകയായിരുന്നു കവ്‌സറിന് ഇഷ്ടം. അതിനൊരു റിക്ഷാ വാന്‍ വേണമായിരുന്നു. ഒപ്പം പിച്ചയെടുക്കാതെ തന്റെ മകളെ പഠിപ്പിക്കണം. ആകാശ് അവര്‍ക്കു കൊടുത്ത വാക്കു പാലിച്ചു.

നല്ലവരായ ചിലരുടെ സഹായത്തോടെ ഒരു റിക്ഷ വാന്‍ വാങ്ങി കവ്‌സറിന് നല്‍കി. അതില്‍ ബിസിനസിനു വേണ്ടിയുള്ള സംവിധാനങ്ങളും തയ്യാറാക്കി. ഇപ്പോള്‍ തന്റെ കുടുംബത്തെ അന്തസോടെയാണ് കവ്‌സര്‍ പോറ്റുന്നത്.


Don”t Miss: ‘പരിമിതികള്‍ പറഞ്ഞ് ഓടിയൊളിക്കുന്നവര്‍ ഇതൊന്ന് വായിക്കണം’; നമുക്ക് കാണാനാവാത്ത ലോകങ്ങള്‍ ‘കാണുന്ന’ അഫ്‌സല്‍ കശ്മീരും ദല്‍ഹിയും നോര്‍ത്ത് ഈസ്റ്റും കടന്ന് യാത്ര തുടരുകയാണ്


തീര്‍ന്നില്ല, കവ്‌സറിന്റെ രാജകുമാരിയ്ക്ക് ഒരു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. കവ്‌സറിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ആ അച്ഛന്‍ ഇന്നൊരു ഹീറോയാണ്. തന്റെ മകളുടെ സൂപ്പര്‍ ഹീറോ.