| Saturday, 6th July 2019, 11:50 pm

റിംപോച്ചെയും ഗുരുനാനാക്കും ഗുരുഡോങ്മര്‍ തടാകവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രകൃതി സവിശേഷതകള്‍ കൊണ്ട് അമ്പരപ്പിക്കുന്ന ഇടമാണ് സിക്കിം. ചൈനയിലേയ്ക്ക് എളുപ്പത്തില്‍ എത്താവുന്ന ഇവിടം ഇന്ത്യയുടെ തന്ത്രപ്രധാന മേഖല കൂടിയാണ്. ഭാരതത്തിന്റെ മതഹിഷ്ണുതയ്ക്ക് ഇടം നല്‍കുന്ന ഗുരുഡോങ്മാര്‍ തടാകമാണ് സിക്കിമിലെ പ്രധാനപ്പെട്ട ഒരു കാഴ്ച. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നു കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 17,800 അടി ഉയരത്തിലാണ് രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ തടാകമായ ഡോങ്മാര്‍ സ്ഥിതിചെയ്യുന്നത്. ബുദ്ധമത വിശ്വാസങ്ങളോടും ആചാരങ്ങളോടും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ തടാകത്തിന് ഹിന്ദു മതത്തിനും സിക്ക് മതത്തിനും സവിശേഷമായ സ്ഥാനമുണ്ട്.

എട്ടാം നൂറ്റാണ്ടില്‍ ടിബറ്റന്‍ ബുദ്ധിസത്തിന്റെ പിതാവായിരുന്ന ഗുരു റിംപോച്ചെ ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. അതിശൈത്യത്താല്‍ തണുത്തുറഞ്ഞു കിടന്ന പ്രദേശമായിരുന്നു ഇത്. കുടിവെള്ളത്തിനായി നാട്ടുകാര്‍ നട്ടം തിരിഞ്ഞു. എന്നാല്‍, ഗുരു തണുത്തുറഞ്ഞ തടാകത്തിന് നേരെ കൈകളുയര്‍ത്തിയപ്പോള്‍ മഞ്ഞു കട്ടകള്‍ അലിഞ്ഞ് ഇല്ലാതായത്രേ. അന്നു മുതല്‍ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകള്‍ കണക്കാക്കുന്നത്. ഇവിടെ എത്തുന്നവര്‍ പാത്രങ്ങളില്‍ ഇവിടെ നിന്നും വെള്ളം കൊണ്ടുപോയി വീടുകളില്‍ സൂക്ഷിക്കാറുണ്ട്.

സിക്ക് മത സ്ഥാപകന്‍ ഗുരു നാനാക്കുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. പതിനഞ്ചാം നൂറ്റാണ്ടില്‍ ഗുരു നാനാക്ക് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ തങ്ങളുടെ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. ഗുരു നാനാക്ക് തന്റെ കയ്യിലിരുന്ന വടി ഉപയോഗിച്ച് അദ്ദേഹം തടാകത്തില്‍ രൂപപ്പെട്ടിരുന്ന മഞ്ഞു പാളികളില്‍ തട്ടി വെള്ളമുണ്ടാക്കിയത്രേ.

ഹിന്ദു മതാചാര പ്രകാരമുള്ള പല ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അതിനാല്‍, സദാ മന്ത്രോച്ചാരങ്ങളും മറ്റും കണ്ട് വല്ലാത്ത ആത്മീയാനുഭൂതി പ്രദാനം ചെയ്യാന്‍ ഈ തടാകത്തിന് സാധിക്കുന്നു. വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടേയ്ക്ക് എത്തുന്നത്.

മല നിരകള്‍ക്കിടയില്‍ കണ്ണാടിച്ചില്ലു പോലെ പതിഞ്ഞു കിടക്കുന്നതാണ് ഡോങ്മാര്‍ തടാകം. ട്രക്കിംഗാണ് മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. മഞ്ഞു മൂടിയ മലകളിലൂടെ ട്രക്കിംഗ് ആസ്വദിക്കാന്‍ പറ്റിയ ഇടമാണിത്. ലാച്ചന്‍ വാലിയാണ് മറ്റൊന്ന് ഇതിലൂടെ ഗുരുഡോങ്മാറിലേയ്ക്ക് എത്താന്‍ സാധിക്കുന്നു. അതിനാല്‍, ഡോങ്മാര്‍ തടാകത്തിന്റെ കവാടം എന്നാണ് ലാച്ചന്‍ അറിയപ്പെടുന്നത്

We use cookies to give you the best possible experience. Learn more