| Sunday, 8th November 2020, 2:44 pm

കുറഞ്ഞ പ്രായമല്ല, കൂടിയ രാഷ്ട്രീയമാണ് ജസീന്ത

ശ്രീഷ്മ കെ

വര്‍ഷം 2001. അന്നത്തെ ന്യൂസിലന്റ് പ്രധാനമന്ത്രിയായിരുന്ന ഹെലന്‍ ക്ലാര്‍ക്കിന്റെ ഓഫീസിലേക്ക് ഒരു ഇരുപത്തിയൊന്നുകാരി കടന്നുവന്നു. പതിനേഴാം വയസ്സുമുതല്‍ ന്യൂസിലന്റിലെ ലേബര്‍ പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തായിരുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഗവേഷണവിഭാഗത്തില്‍ ജോലിനോക്കാനെത്തിയ ആ പെണ്‍കുട്ടിയുടെ കൈമുതല്‍. ന്യൂസിലന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രിയും ശക്തയായ രാഷ്ട്രീയ നേതാവുമായ ഹെലന്‍ ക്ലാര്‍ക്ക് ആ പെണ്‍കുട്ടിയുടെ ‘പൊളിറ്റിക്കല്‍ ഹീറോ’ ആയിരുന്നു.

ഹെലന്‍ ക്ലാര്‍ക്ക്

കൃത്യം പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍, അതേ ഓഫീസിലേക്ക് ആ പെണ്‍കുട്ടി വീണ്ടും തിരിച്ചെത്തി. ഗവേഷണ ഉദ്യോഗസ്ഥയായല്ല, മറിച്ച് രാജ്യത്തിന്റെ പരമാധികാരം കൈയാളുന്ന പ്രധാനമന്ത്രിയായി. തന്റെ പൊളിറ്റിക്കല്‍ ഹീറോ ആയിരുന്ന ഹെലന്‍ ക്ലാര്‍ക്ക് ഇരുന്ന അതേ കസേരയിലേക്ക്. ഇന്ന് ലോകരാഷ്ട്രങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കൊപ്പം കസേരവലിച്ചിട്ടിരിക്കുന്ന അന്നത്തെ ആ പെണ്‍കുട്ടിയെ നമ്മളറിയും – ന്യൂസിലന്റിന്റെ പ്രധാനമന്ത്രിയായി രണ്ടാമൂഴത്തിനൊരുങ്ങുന്ന ജസീന്ത ആര്‍ഡേണ്‍.

ഒരു രാഷ്ട്രത്തിന്റെ പരമോന്നത നേതൃസ്ഥാനത്തെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി മാത്രമല്ല ജസീന്ത ആര്‍ഡേണ്‍ എന്ന പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സമകാലികരായ പല ലോകനേതാക്കളും ചര്‍ച്ചചെയ്യാനോ പ്രയോഗത്തില്‍ വരുത്താനോ മടിച്ച വിഷയങ്ങളില്‍ ജസീന്ത സ്വീകരിച്ച നിലപാടുകളിലൂടെയാണ് അവര്‍ ലോകചരിത്രത്തില്‍ വേറിട്ട സ്ഥാനം നേടിയെടുത്തത്.

തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം, കുട്ടികളെ ബാധിക്കുന്ന പട്ടിണി, ഭവനരാഹിത്യം, കാലാവസ്ഥാവ്യതിയാനം, ആയുധനിയന്ത്രണം, കുടിയേറ്റക്കാരായ ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ജസീന്ത ലോകത്തിന് മാതൃകയായി. ന്യൂസിലന്റിലെ മധ്യവര്‍ഗ്ഗ യുവജനങ്ങള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ ജസീന്തയ്ക്കു സാധിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തോടെ ഭരണത്തുടര്‍ച്ച നേടാന്‍ ജസീന്തയ്ക്കു കരുത്തായതും ഇതു തന്നെ.

1980 ജൂലായ് 26 ന് ന്യൂസിലന്റിലെ ഹാമില്‍ട്ടണില്‍ ജനിച്ച ജസീന്ത, മോറിന്‍സ്വില്‍, മുരുപര എന്നിവിടങ്ങളിലായാണ് ബാല്യവും കൗമാരവും ചെലവഴിച്ചത്. തദ്ദേശീയ ഗോത്രവംശജര്‍ ധാരാളമുള്ള മുരുപരയിലെ ‘കാലില്‍ ചെരുപ്പില്ലാത്ത, കഴിക്കാന്‍ ഒന്നുമില്ലാത്ത’ കുഞ്ഞുങ്ങളുടെ ദൃശ്യമാണ് തന്നെ പൊതുപ്രവര്‍ത്തനത്തിലെത്തിച്ചതെന്ന് ജസീന്ത പറയുന്നു. പൊലീസുദ്യോഗസ്ഥനായിരുന്നു ജസീന്തയുടെ പിതാവ് റോസ് ആര്‍ഡേണ്‍. അമ്മ ലോറല്‍ ആര്‍ഡേണ്‍ സ്‌കൂളിലെ പാചകസഹായിയും. മോറിന്‍സ്വില്‍ കോളേജ്, വൈകാറ്റോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായായിരുന്നു വിദ്യാഭ്യാസം. രാഷ്ട്രീയത്തിലും പബ്ലിക് റിലേഷന്‍സിലും ബി.സി.എസ് ബിരുദധാരിയാണ് ജസീന്ത.

ജസീന്ത ആര്‍ഡേണ്‍ കുട്ടിക്കാലത്ത്

1999ലെ പൊതുതെരഞ്ഞെടുപ്പില്‍, ന്യൂ പ്ലിമത്തിലെ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹാരി ഡൈന്‍ഹോവനുവേണ്ടി പ്രചരണപരിപാടികളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കൗമാരക്കാരിയായ ജസീന്തയുടെ രാഷ്ട്രീയപ്രവേശനം. പഠനത്തിനു ശേഷം ലേബര്‍ പാര്‍ട്ടി നേതാക്കളുടെ ഓഫീസ് ജോലികള്‍ ചെയ്തിരുന്ന ജസീന്ത, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ പോളിസി സംഘത്തില്‍ ഉപദേഷ്ടാവായും ഇടക്കാലത്ത് ജോലി നോക്കിയിട്ടുണ്ട്. 2007ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നേതൃപാടവം തെളിയിച്ച ജസീന്ത 2008ലാണ് ആദ്യമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, ആനുപാതിക തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെ പാര്‍ട്ടിയുടെ ലിസ്റ്റഡ് സ്ഥാനാര്‍ത്ഥിയായി ജസീന്ത പാര്‍ലമെന്റിലെത്തി.

ശക്തരായ രണ്ടു സ്ത്രീകളാണ് ജസീന്ത ആര്‍ഡേണ്‍ എന്ന രാഷ്ട്രീയജീവിയെ വാര്‍ത്തെടുത്തത് – പതിനേഴാം വയസ്സില്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചെത്തിച്ച പിതൃസഹോദരി മേരി ആര്‍ഡേണും, ജസീന്ത രാഷ്ട്രീയ ഗുരുവായി കാണുന്ന മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും. ലേബര്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തിലേക്കും പാര്‍ട്ടി നേതൃത്വത്തിലേക്കും തുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലേക്കുമുള്ള ജസീന്തയുടെ വളര്‍ച്ച അതിവേഗമായിരുന്നു.

2017ല്‍ തന്റെ 37ാം വയസ്സില്‍ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍, പലയിടങ്ങളില്‍ പലവിധത്തിലാണ് ജസീന്ത നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരിക്കലത് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മൂന്നു മാസം പ്രായമുള്ള തന്റെ മകളെയും കൈയിലെടുത്ത് എത്തിയപ്പോഴായിരുന്നു. അമ്മമാരായ, മറ്റ് ഉത്തരവാദിത്തങ്ങളുള്ള സ്ത്രീകള്‍ക്കും അധികാരകേന്ദ്രങ്ങളില്‍ സ്ഥാനമുണ്ടെന്ന സന്ദേശം നല്‍കുന്നതോടൊപ്പം തന്നെ, തൊഴിലിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കാത്ത ബഹുഭൂരിപക്ഷം സത്രീകളെ സമഭാവനയോടെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും ജസീന്ത അന്നു പങ്കുവച്ചു. കുഞ്ഞിനെ വളര്‍ത്തുന്നതിന്റെ ഔദ്യോഗിക ഉത്തരവാദിത്തം ജസീന്തയുടെ പങ്കാളിയായ ക്ലാര്‍ക്ക് ഗേഫോര്‍ഡ് ഏറ്റെടുത്തതും ചര്‍ച്ചയായിരുന്നു.

മറ്റൊരിക്കല്‍, ക്രൈസ്റ്റ് ചര്‍ച്ച് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മുസ്ലിം മതവിശ്വാസികളുടെ കുടുംബാംഗങ്ങളെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിക്കുന്ന ജസീന്തയെയും ലോകജനത കണ്ടു. ആക്രമണത്തില്‍ ബാധിക്കപ്പെട്ട മുസ്ലിങ്ങളെ സന്ദര്‍ശിക്കാന്‍ ജസീന്തയെത്തിയത് ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. 2019 മാര്‍ച്ച് 15നാണ് 51 പേരുടെ ജീവനെടുത്ത വെടിവെയ്പ്പ് നടന്നത്. താനും തന്റെ രാജ്യവും ഇസ്ലാം വിരുദ്ധ പൊതുബോധത്തെ നിരാകരിക്കുന്നു എന്ന് അവര്‍ തെളിയിച്ചത്, ആക്രമിക്കപ്പെട്ടവരെ കൂടുതല്‍ ചേര്‍ത്തു പിടിച്ചുകൊണ്ടാണ്. തൊട്ടടുത്ത വെള്ളിയാഴ്ച കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി ന്യൂസിലന്റ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബാങ്കുവിളി മുഴങ്ങി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിക്കപ്പെട്ടു. ജസീന്ത തന്റെ പ്രസംഗമാരംഭിച്ചതാകട്ടെ, ‘അസ്സലാമു അലൈക്കും’ എന്ന് സലാം ചൊല്ലിക്കൊണ്ടും. തങ്ങള്‍ക്കിടയില്‍ വിഭാഗീയതയ്ക്ക് ഇടമില്ല എന്ന തുറന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്.

ഏറ്റവുമൊടുവില്‍ ജസീന്തയെ ലോകം കണ്ടത് കോവിഡ് മഹാമാരിയുടെ പോര്‍മുഖത്താണ്. അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരുന്ന കോവിഡ് 19 വൈറസിനെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പിടിച്ചുകെട്ടിയ ന്യൂസിലാന്റിന്, മരണനിരക്ക് 22ല്‍ ചുരുക്കിനിര്‍ത്താനും സാധിച്ചു. കര്‍ശനമായ ലോക്ഡൗണും മറ്റു പ്രതിരോധങ്ങളും ഏര്‍പ്പെടുത്തി രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു ജസീന്ത.

സമൂഹമാധ്യമങ്ങളിലൂടെ തീര്‍ത്തും അനൗദ്യോഗികമായി പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന, എല്‍.ജി.ബി.ടി.ക്യു ജനതയോടൊപ്പം ലൈംഗികസ്വാഭിമാന ഘോഷയാത്രയില്‍ പങ്കെടുക്കുന്ന, രാജ്യം കൊവിഡ് മുക്തമായെന്നറിഞ്ഞപ്പോള്‍ അറിയാതെ നൃത്തം ചെയ്തുപോയി എന്നു പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ജസീന്ത ആര്‍ഡേണ്‍ ആധുനിക രാഷ്ട്രീയത്തില്‍ ഒരു പുതിയ പാത തന്നെ തുറന്നിടുകയാണ്.

നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ മതവിശ്വാസിയായി വളര്‍ന്നിരുന്ന ജസീന്ത സഭ വിടുന്നതിനുള്ള കാരണവും അവകാശപ്പോരാട്ടങ്ങളെക്കുറിച്ചുള്ള ബോധ്യം തന്നെയാണ്. ദ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സ് സഭയിലെ അംഗമായിരുന്ന ജസീന്ത, സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരായ സഭയുടെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് വിശ്വാസം ഉപേക്ഷിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ന്യൂസിലന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തോടെ രണ്ടാം വട്ടം പ്രധാനമന്ത്രിപദത്തിലെത്തിയ ജസീന്ത വീണ്ടും വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. നവംബര്‍ 6ന് അധികാരത്തിലേറുന്ന ജസീന്തയുടെ 20 അംഗ ക്യാബിനറ്റില്‍ എട്ടുപേര്‍ സ്ത്രീകളാണ്. എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തില്‍ നിന്നുള്ള മൂന്നു പേരും മവോറി വംശജരായ മൂന്നു പേരും ക്യാബിനറ്റിലുണ്ട്. ഉപപ്രധാനമന്ത്രിയായ ഗ്രാന്റ് റോബര്‍ട്ട്സണ്‍ എല്‍.ജി.ബി.ടി.ക്യൂ പ്രതിനിധിയാണ്. ഗോത്രവര്‍ഗ്ഗചിഹ്നങ്ങള്‍ ധരിക്കുന്ന മവോറി വംശജയായ നനയ്യ മഹൂത്തയാണ് വിദേശകാര്യ മന്ത്രി. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനും മന്ത്രിസഭയിലുണ്ട്. അധികാര കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് വീണ്ടും കൈയടി നേടുകയാണ് ജസീന്ത.

അരികുവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്തു നിര്‍ത്തിയും മുഖ്യധാരയിലെത്തിച്ചും പ്രകൃതിവിഭവസംരക്ഷണം മുന്‍നിര്‍ത്തിയുമുള്ള ജസീന്തയുടെ സമാന്തര രാഷ്ട്രീയപാത ലോകരാഷ്ട്രീയത്തില്‍ പുതിയ വഴികള്‍ വെട്ടുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight : Life and Politics of Jacinda Ardern

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more