ന്യൂദല്‍ഹി: മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിച്ച ട്വിറ്റര്‍ ട്രോളിന് വായടപ്പിക്കുന്ന മറുപടിയുമായി ലെഫ്റ്റനന്റ് ജനറല്‍. മുസ് ലിം സമുദായം തീവ്രവാദ സംഘടനകളെയും തീവ്രനിലപാടുകളുള്ള യുവാക്കളേയും സംരക്ഷിക്കുകയാണെന്നുള്ള ആക്ഷേപത്തിനാണ് ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അദ് ഹസ്‌നെയ്ന്‍ മറുപടി നല്‍കുന്നത്.
” ഞാന്‍ ആ സമുദായത്തില്‍ നിന്നാണ്. സാമാന്യവത്കരിക്കരുത്. ആത്മപരിശോധനയ്ക്കു പോലും അവസരം നല്‍കാതെ നിങ്ങള്‍ എല്ലാവരേയും ലേബല്‍ ചെയ്യുകയും ഒരൊറ്റ നിറംചാര്‍ത്തുകയും ചെയ്യുന്നു. അതാണ് തെറ്റ്. ” എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
മുസ്‌ലിം സമുദായത്തോടുള്ള തന്റെ വെറുപ്പിന് കൃത്യമായ കാരണമുണ്ട് എന്നു പറഞ്ഞായിരുന്നു ട്വിറ്റര്‍ ട്രോള്‍ സമുദായത്തെ അടച്ചാക്ഷേപിച്ചത്. “മുസ്‌ലിം സമുദായത്തോടുള്ള എന്റെ വെറുപ്പിന് കൃത്യമായ കാരണമുണ്ട്. അവര്‍ക്കിടയിലെ തീവ്രവാദികളായ യുവാക്കള്‍ അല്ലെങ്കില്‍ അവരുടെ നേതാക്കള്‍ ഭീകരവാദ സംഘടനകള്‍ നടത്തുന്നു. സമുദായത്തില്‍ ഇതിനെക്കുറിച്ച് അറിവുള്ളവര്‍ അവരെ സംരക്ഷിക്കാന്‍ മുടന്തന്‍ ന്യായം നിരത്തുന്നു.” എന്നായിരുന്നു ട്വിറ്റര്‍ ട്രോള്‍.
യു.പി, ദല്‍ഹി എന്നിവിടങ്ങളിലെ ഐ.എസ്.ഐ.എസ് മൊഡ്യൂള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ദൂരദര്‍ശനില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജനറല്‍ പറഞ്ഞതോടെയായിരുന്നു ഓണ്‍ലൈന്‍ ചര്‍ച്ചയുടെ തുടക്കം. തുടക്കത്തില്‍ ചിലര്‍ യുക്തിഭദ്രമായ ചല ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതികരിച്ചു. എന്നാല്‍ പിന്നീട് ഇസ്‌ലാം മതത്തെ തന്നെ തീവ്രവാദ മതമാക്കി ചിത്രീകരിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുകയായിരുന്നു.