തിരുവനന്തപുരം: വിവാദ സിനിമ ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ പ്രദര്‍ശിപ്പിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശമുണ്ടെന്നും ഇതില്‍ ആര്‍.എസ്.എസിന് കൃത്യമായ അജണ്ട ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തെ ഒരു വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നതാണ് സിനിമ. നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ചനുണ പ്രചരിപ്പിക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. കേരളത്തില്‍ എവിടെയാണ് ഇത്തരം കാര്യങ്ങള്‍ നടന്നത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നില്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
സിനിമ പ്രദര്‍ശിപ്പിക്കുന്നവര്‍ മണിപ്പൂരില്‍ സംഭവിച്ചതെന്താണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മില്‍ അകറ്റുക എന്ന ലക്ഷ്യവും ഇത്തരം സിനിമകള്‍ക്ക് പിന്നില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിറ്റ്‌ലറുടെ അജണ്ടയാണ് രാജ്യത്ത് ആര്‍.എസ്.എസ് നടപ്പിലാക്കുന്നത്. ആര്‍.എസ്.എസിന്റെ കെണിയില്‍ ആരും വീഴരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇടുക്കി രൂപതക്ക് പിന്നാലെ താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ചയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് രൂപത അറിയിച്ചു.
കെ.സി.വൈ.എം ആണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നേതൃത്വം നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്ററും ഇപ്പോള്‍ കെ.സി.വൈ.എം പുറത്തിറക്കിയിട്ടുണ്ട്. സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും ഇതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: lies are spread to defame kerala ; CM against Kerala Story movie