| Friday, 28th April 2023, 7:28 pm

ഇസ്രാഈലുമായി ബന്ധമുണ്ടാകില്ലെന്ന് ലീജ്; നടപടിയെടുക്കുന്ന മൂന്നാമത്തെ യൂറോപ്യന്‍ നഗരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ഇസ്രാഈലുമായി ഒരു തരത്തിലുള്ള ബന്ധങ്ങളുമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ബല്‍ജിയന്‍ നഗരമായ ലീജ്. ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ലീജിന്റെ നടപടി. ബല്‍ജിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നഗര ഭരണ സമിതിയില്‍ അവതരിപ്പിച്ചത്.

വംശീയവിവേചന, കോളനിവത്കൃത സ്വഭാവത്തിലുള്ള പട്ടാള അധിനിവേശമാണ് ഫലസ്തീന് മേല്‍ ഈസ്രാഈല്‍ നടത്തുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ആസൂത്രിതമായി ലംഘിക്കുന്ന ഇസ്രാഈല്‍ നടപടികള്‍ അവസാനിപ്പിക്കുന്നത് വരെ രാജ്യവുമായി യാതൊരുവിധ ബന്ധവും പാടില്ലെന്നാണ് ബല്‍ജിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പറയുന്നത്. നിലവില്‍ പ്രത്യേകിച്ച് ബന്ധങ്ങളൊന്നും ഇസ്രാഈലുമായി പുലര്‍ത്താത്ത ലീജ് പ്രതീകാത്മകമായാണ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്.

ലോകത്തെ എല്ലാ നഗരങ്ങളും ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ യൂറോപ്യന്‍ നഗരമാണ് ലീജ്. നേരത്തെ നോര്‍വെയുടെ തലസ്ഥാന നഗരമായ ഓസ്‌ലോ, സ്‌പെയിന്‍ നഗരമായ ബാഴ്‌സലോണ എന്നിവയും ഇസ്രാഈലുമായുള്ള തങ്ങളുടെ ബന്ധം വിച്ഛേദിച്ചിരുന്നു.

ഇസ്രാഈലുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് ഓസ്‌ലോ പ്രഖ്യാപിച്ചത്. ഫലസ്തീന്‍ അധിനിവേശത്തെ പിന്തുണക്കുകയും സെറ്റില്‍മെന്റുകളുടെ വിപുലീകരണത്തിനായി സഹായിക്കുകയും ചെയ്യുന്ന കമ്പനികളുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് നഗരത്തിന്റെ തീരുമാനം.

ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇസ്രാഈലുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാഴ്‌സലോണ ഗവര്‍ണര്‍ ആദാ കുലാവു പ്രഖ്യാപിച്ചത്. ഇക്കാര്യം വ്യക്തമാക്കി അവര്‍ ഇസ്രാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചിരുന്നു. ഫലസ്തീനിയന്‍ ബി.ഡി.എസ് നാഷണല്‍ കമ്മിറ്റി നഗരത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഇസ്രാഈലിനെതിരായ സമരത്തില്‍ മറ്റ് നഗരങ്ങളും ഫലസ്തീനെ പിന്തുണക്കണമെന്ന് അവര്‍ പറഞ്ഞു.

Content Highlights: Liege will not have relations with Israel

We use cookies to give you the best possible experience. Learn more