| Monday, 5th February 2024, 10:25 am

ഗസയുടെ നിയന്ത്രണം ഈജിപ്തിന്, വെസ്റ്റ് ബാങ്കിൽ ഇസ്രഈലും ജോർദാനും; ഫലസ്തീൻ രാഷ്ട്രം സാധ്യമല്ലെന്ന് ഇസ്രഈൽ പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ നിയന്ത്രണം ഇസ്രഈൽ ഈജിപ്തിന് കൈമാറണമെന്നും വെസ്റ്റ് ബാങ്കിന്റെ ചുമതല ഇസ്രഈലും ജോർദാനും പങ്കിടണമെന്നും ഇസ്രഈലിലെ പ്രതിപക്ഷ പാർട്ടി യിസ്രായേൽ ബെയ്തെയ്നു പാർട്ടി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ അവിഗ്ഡോർ ലീബർമാൻ.

ഇസ്രഈലി ദിനപത്രമായ ജെറുസലേം പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ലീബർമാൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഭാവിയിൽ ഈജിപ്ത് ഗസയുടെ നിയന്ത്രണം ഏറ്റെടുക്കണം. വെസ്റ്റ് ബാങ്കിന്റെ എ പ്രദേശത്തിന്റെയും ബി പ്രദേശത്തിന്റെ ചെറിയ ഭാഗത്തിന്റെയും ചുമതല ജോർദാനും ഏറ്റെടുക്കണം,’ ലീബർമാൻ പറഞ്ഞു.

1993ലെ ഓസ്‌ലോ കരാർ പ്രകാരം, വെസ്റ്റ് ബാങ്കിലെ നഗരങ്ങൾ ഉൾപ്പെടുന്ന എ പ്രദേശം പൂർണമായും ഫലസ്തീന്റെ നിയന്ത്രണത്തിലാണ്. ബി പ്രദേശത്ത് ഇസ്രഈലിന്റെയും ഫലസ്തീന്റെയും നിയന്ത്രണമുണ്ട്. അതേസമയം സി പ്രദേശം പൂർണമായി ഇസ്രഈലിന്റെ അധീനതയിലാണ്.

‘ദ്വിരാഷ്ട്രമെന്ന ആശയം മരിച്ചുകഴിഞ്ഞു. അതിപ്പോൾ ഇല്ല. നമുക്ക് മറ്റൊരു സമീപനമാണ് വേണ്ടത്. ഒരേകാര്യം തന്നെ വർഷങ്ങളോളം ചെയ്തിട്ട് വ്യത്യസ്തമായ ഫലങ്ങൾ പ്രതീക്ഷിക്കുന്നത് യുക്തിയല്ല,’ ലീബർമാൻ പറഞ്ഞു.

ഗസയുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രഈൽ അവസാനിപ്പിക്കണമെന്നും യു.എന്നും അറബ് ലീഗിന്റെയും ആവശ്യപ്രകാരം ഈജിപ്ത് ഗസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് നിർദേശങ്ങളെല്ലാം അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുദ്ധത്തിന് ശേഷം ഗസയിൽ ഫലസ്തീനിയൻ അതോറിറ്റി ഭരണം തിരിച്ചുപിടിക്കുന്നതിനെ ലീബർമാൻ എതിർക്കുന്നതായി ജെറുസലേം പോസ്റ്റ്‌ റിപ്പോർട്ട് ചെയ്തു.

Content Highlight: Lieberman: ‘Israel must give Gaza to Egypt, share West Bank with Jordan’

We use cookies to give you the best possible experience. Learn more