പതഞ്ജലിക്ക് വീണ്ടും അടി; 14 മരുന്നുകളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
India
പതഞ്ജലിക്ക് വീണ്ടും അടി; 14 മരുന്നുകളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2024, 2:14 pm

ഡെറാഡൂണ്‍: പതഞ്ജലിയുടെ ദിവ്യ ഫാര്‍മസിയുടെ 14 മരുന്നുകളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ബാബാ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് ആന്‍ഡ് ദിവ്യ ഫാര്‍മസിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയതെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയുടെ ഒരു ഉത്തരവുകളും ബോധപൂര്‍വം ലംഘിക്കുകയില്ലെന്ന ഉറപ്പും സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റിയുടെ ക്ഷമാപണത്തോടും കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവ് അറിയിച്ചത്.

1945 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമത്തിലെ സെക്ഷന്‍ 159 (1 ) പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാണ് 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് ആയുര്‍വേദ ആന്‍ഡ് യുനാനി ലിമിറ്റഡിന്റെ ജോയിന്റ് ഡയറക്ടര്‍ ഓഫ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റിയായ മിഥിലേഷ് കുമാര്‍ സുപ്രീം കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സ്വസരി ഗോള്‍ഡ്, സ്വസരി വറ്റി, ബ്രോണ്‍ചോം, സ്വസരി പ്രവഹി, സ്വസരി അവലെഹ്, മുക്ത വറ്റി എക്‌സ്ട്രാ പവര്‍, ലിപിദോം, ബിപി ഗ്രിഡ്, ലിവമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ് , ഐഗ്രിഡ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐഡ്രോപ് എന്നിവയാണ് നിരോധിച്ച മരുന്നുകള്‍.

2024 ഏപ്രില്‍ 16 ന് ഡ്രഗ് ഇന്‍സ്പെക്ടര്‍ ആയ ഹരിദ്വാര്‍, ബാബ രാംദേവിനെതിരെയും ആചാര്യ ബാലകൃഷ്ണക്കെതിരെയും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് കമ്പനിക്കെതിരെയും ദിവ്യ ഫാര്‍മസിക്കെതിരെയും ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമെഡീസ് നിയമത്തിലെ 3, 4, 7 സെക്ഷന്‍ പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ പരാതി നല്‍കിയിരുന്നു.

ശേഷം കൊവിഡ് -19 വാക്സിനും മോഡേണ്‍ മെഡിസിനും എതിരായി പ്രചരണം നടത്തിയതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.ഐ) പതഞ്ജലി സ്ഥാപകരായ ബാബ രാംദേവിനെതിരെയും ആചാര്യ ബാലകൃഷ്ണക്കെതിരെയും സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

പിന്നീട് ബാബ രാംദേവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതി ഒരു മാസം തന്നെ മൂന്നു തവണ അദ്ദേഹത്തിന്റെ മാപ്പപേക്ഷ തള്ളുകയായിരുന്നു.

Content Highlight: Licenses Of 14 Patanjali Products Cancelled By Uttarakhand Authority