national news
'ഹിന്ദു പേരിൽ' മുസ്‌ലിങ്ങൾ ഹോട്ടലുകൾ നടത്തിയെന്നാരോപിച്ച് ലൈസൻസ് റദ്ദാക്കിയ സംഭവം; പ്രതികരിച്ച് ഹോട്ടൽ ഉടമകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 02:25 am
Tuesday, 18th February 2025, 7:55 am

ഗാന്ധിനഗർ: മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും പൂട്ടിട്ട സംഭവത്തിൽ പ്രതികരിച്ച് ഹോട്ടൽ ഉടമകൾ.

മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്ക് ഹിന്ദു പേരുകൾ വെച്ചതാണ് ലൈസൻസ് റദ്ദാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണവും അവർ നേരിടുന്നുണ്ട്.  തങ്ങളുടെ ഹോട്ടലുകൾക്കുള്ള ലൈസൻസ് വളരെ മുമ്പ് തന്നെ സർക്കാർ റദ്ദാക്കിയിട്ടുണ്ടെന്ന് ഉടമകൾ പറയുന്നു.

എന്നാൽ തങ്ങളുടെ മതമാണ് പ്രശ്നമെന്ന് ലൈസൻസ് റദാക്കപ്പെട്ട ഹോട്ടലുടമകൾ ദി വയറിനോട് പറഞ്ഞു. ജി.എസ്.ആർ.ടി.സിയുമായുള്ള അവരുടെ ടെൻഡറുകൾ ഈ ലിസ്റ്റ് പുറപ്പെടുവിക്കുന്നതിന് വളരെ മുമ്പുതന്നെ റദ്ദാക്കിയിരുന്നു.

‘ഞങ്ങളുടെ ഹോട്ടലിന്റെ ടെൻഡർ ഏകദേശം 2.5 വർഷം മുമ്പ് നിർത്തിവച്ചു, അതിനാൽ GSRTC ലൈസൻസും റദ്ദാക്കി. ഇപ്പോഴും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും വാഹനങ്ങളും ഞങ്ങളുടെ ഭക്ഷണശാലയിൽ വന്ന് നിർത്തുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഹോട്ടലുകളിൽ ഏറ്റവും മികച്ച ശുചിത്വവും നല്ല ഭക്ഷണവും നൽകുന്നുണ്ട്. ഇപ്പോൾ ഒരു ലിസ്റ്റ് പുറത്തിറക്കി അവർ എന്താണ് ചെയ്യുന്നത്?’ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സിദ്ധ്പൂർ മേഖലയിലെ ഹോട്ടൽ ഉടമ ചോദിച്ചു.

സിദ്ധ്പൂരിലെ ഹോട്ടൽ ഉടമ മുസ്‌ലിം ആണെങ്കിലും അദ്ദേഹത്തിന്റെ ധാബയിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഹിന്ദു പേരുകൾ ഉപയോഗിച്ചു എന്ന വാദത്തിന് പോലും അർത്ഥമില്ല, കാരണം ഞങ്ങളുടെ ഹോട്ടലിന്റെ പേര് ഹോട്ടൽ റിലീഫ് എന്നാണ്. അത് എങ്ങനെയാണ് ഒരു ഹിന്ദു നാമമാകുന്നത്?,’ അദ്ദേഹം ചോദിച്ചു.

മറ്റൊരു ഹോട്ടലായ ഹോട്ടൽ രംഗോളിയുടെ ഉടമ അബ്ദുൾ റസാഖ് തന്റെ ഹോട്ടലിന്റെ പേരും മതനിരപേക്ഷതയുള്ളതാണെന്നും അതിനാൽ മുസ്‌ലിങ്ങൾ ഹിന്ദു പേരുകൾ ദുരുപയോഗം ചെയ്യുന്നു എന്ന വാദം നിലനിൽക്കില്ലെന്നും കൂട്ടിച്ചേർത്തു. ഖേഡയിലെ അതേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ധാബയായ ഹോട്ടൽ ശ്രീജി ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ളതും ഒരു മുസ്‌ലിം അതിന്റെ സഹ ഉടമസ്ഥൻ ആയതിനാൽ മാത്രം അതിന്റെ ലൈസൻസ് പോലും റദ്ദാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരിമ്പട്ടികയിൽ പെടുത്തിയ 27 ധാബകളിൽ പലതും മുമ്പ് ടെൻഡറുകൾ നേടിയിട്ടുണ്ടെന്നും അവ പ്രധാനമായും വെജിറ്റേറിയൻ മാത്രമുള്ള ഭക്ഷണശാലകളാണെന്നും റസാഖ് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടല്ല സംസ്ഥാനത്ത് നടക്കുന്നത്.

2021ൽ ഗുജറാത്തിലെ ആനന്ദ് എന്ന കോസ്‌മോപൊളിറ്റൻ പട്ടണത്തിൽ ഹോട്ടൽ ബ്ലൂ ഐവി ആരംഭിക്കുന്നതിനെതിരെ ഹിന്ദു പ്രദേശവാസികൾ പ്രതിഷേധിച്ചു . ഹോട്ടലിന്റെ മൂന്ന് ഉടമകളിൽ രണ്ടുപേർ മുസ്‌ലിങ്ങളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, നൂറിലധികം നാട്ടുകാർ ഹോട്ടലിന് പുറത്ത് തടിച്ചുകൂടി ഗംഗ ജലം തളിക്കുകയും രാം ധൂൺ മതഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

2002 ലെ വംശഹത്യയിലും മുസ്‌ലിം സമൂഹം ആക്രമണം നേരിട്ടതായി കാലിഫോർണിയ ബെർക്ക്‌ലി സർവകലാശാലയിലെ ഗവേഷകനും പി.എച്ച്.ഡി വിദ്യാർത്ഥിയുമായ ഷാരിക് ലാലിവാല പറഞ്ഞു.

2002ൽ, മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ധാബകളും റസ്റ്റോറന്റുകളും ആക്രമിക്കപ്പെട്ട നിരവധി കേസുകൾ ഉണ്ടായിരുന്നു. സസ്യാഹാരം മാത്രം വിൽക്കുന്ന മുസ്‌ലിം വിഭാഗങ്ങളുടെ നിരവധി ഹോട്ടലുകൾ നഗരത്തിലുണ്ട്. വാട്ട്‌സ്ആപ്പിലും സോഷ്യൽ മീഡിയയിലും അവർക്കെതിരെ വലിയ തോതിൽ വർഗീയ പ്രചാരണം നടക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു. ബസ് ഓപ്പറേറ്റർമാർ ലൈസൻസ് റദ്ദാക്കുന്നത് വരുമാനത്തിൽ വലിയ സ്വാധീനം ചെലുത്തിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വകാര്യ ഓപ്പറേറ്റർമാർ ഈ ധാബകളിൽ നിർത്തുന്നത് തുടരുന്നു

അതിനിടെ, 2022 ഫെബ്രുവരിയിൽ, ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്ത് , ബജ്രംഗ്ദൾ അംഗങ്ങൾ ഈ ഭക്ഷണശാലകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു.

‘ഇന്ന് മുതൽ, എല്ലാ ബസ് സർവീസുകൾക്കും ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ ധാബകളിൽ നിർത്തരുതെന്ന് അവരോട് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ അക്രമാസക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഹൈവേകളിലെ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ധാബകളിൽ ലഘുഭക്ഷണ ഇടവേളയ്ക്കായി ഏതെങ്കിലും ബസുകൾ നിർത്തുന്നത് കണ്ടാൽ ഗുജറാത്തിലെ ഹിന്ദുക്കൾ ഞങ്ങളെ അറിയിക്കണം,’ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ എക്‌സിൽ പറഞ്ഞു.

ജനുവരി 23നാണ് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ജി.എസ്.ആർ.ടി.സി) 27 ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും ലൈസൻസ് റദ്ദാക്കിയത്. ജി.എസ്.ആർ.ടി.സിയുടെ ഹൈവേ റൂട്ടുകളിലെ ബസുകൾ ഇനി ഈ സ്ഥലങ്ങളിൽ നിർത്തില്ലെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിം ഹോട്ടൽ ഉടമകൾ ‘ഹിന്ദു പേരുകൾ’ ഉപയോഗിക്കുന്നു എന്നതാണ് കാരണം.

ഗുജറാത്തി ഭാഷയിൽ പുറത്തിറക്കിയ ഒരു നോട്ടീസിൽ പറയുന്നത്. ‘ജി.എസ്.ആർ.ടി.സിയുമായി കരാറുകളിൽ ഒപ്പുവെച്ച ചില ഹോട്ടലുകൾ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഹിന്ദു പേരുകൾ ഉപയോഗിക്കുന്നുവെന്നും ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ്.

പുറത്ത് വിട്ട ഈ സർക്കാർ വിജ്ഞാപനത്തിൽ ‘അത്തരം ഹോട്ടലുകളെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പറയുന്നുണ്ട്. അതനുസരിച്ച്, ജി.എസ്.ആർ.ടി.സി നടപടിയെടുക്കുകയും അത്തരം 27 ഹോട്ടലുകളുടെ പെർമിറ്റുകൾ റദ്ദാക്കുകയും ചെയ്യുകയായിരുന്നു.

പെർമിറ്റ് റദ്ദാക്കിയത് കൂടാതെ തുടർന്ന്, നിരവധി തീവ്ര ഹിന്ദുത്വ സോഷ്യൽ മീഡിയ ഉപയോക്താക്കളും ടൈംസ് നൗ , സീ ന്യൂസ് മധ്യപ്രദേശ്-ഛത്തീസ്ഗഡ് തുടങ്ങിയ വാർത്താ ഏജൻസികളും മുസ്‌ലിങ്ങൾ തങ്ങളുടെ ഹോട്ടലുകൾ നടത്താൻ തെറ്റായി ‘ഹിന്ദു പേരുകൾ ഉപയോഗിക്കുന്നു’ എന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

അതേസമയം, ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാലാണ് ഈ ഹോട്ടലുകളുടെ ലൈസൻസുകൾ റദ്ദാക്കിയതെന്ന് അവകാശപ്പെട്ട് ഗുജറാത്ത് ഗതാഗത മന്ത്രി ഹർഷ് സാങ്‌വി എക്‌സിൽ വിശദീകരണം നൽകി. ‘ഞങ്ങളുടെ യാത്രക്കാരുടെ സൗകര്യത്തിനും ശുചിത്വത്തിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മറ്റെല്ലാ ബസ് സ്റ്റോപ്പുകളും ഹോട്ടലുകളും നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നുണ്ടോ എന്നും നിരീക്ഷിക്കാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്, ‘ അദ്ദേഹം കുറിച്ചു.

 

Content Highlight: Licenses Cancelled by Transport Corp, Gujarat’s Muslim-Owned Dhabas Now Face ‘Smear Campaign’