| Thursday, 13th September 2012, 1:40 pm

ഐ.ഒ.സി പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി; സംസ്ഥാനത്ത് ഇന്‍ഡെയ്ന്‍ സിലിണ്ടര്‍ വിതരണം മുടങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാതക ചോര്‍ച്ചയുണ്ടായ ഉദയംപേരൂര്‍ ഐ.ഒ.സി ബോട്ട്‌ലിങ് പ്‌ളാന്റിന്റെ എക്‌സ്പ്‌ളോസീവ് ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കി.

ഐ.ഒ.സിയുടെ മുംബൈയിലെ സുരക്ഷാ കമ്മിറ്റിയാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇതോടെ ബോട്ട്‌ലിങ് പ്‌ളാന്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. []

എറണാകുളം, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലേക്ക് പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് ഉദയംപേരൂരിലെ ഐ.ഒ.സിയുടെ എല്‍.പി.ജി ബോട്ട്‌ലിങ് പ്‌ളാന്റില്‍ നിന്നാണ്.

ലൈസന്‍സ് റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഇന്‍ഡെയ്ന്‍ പാചകവാതകത്തിന് കടുത്തക്ഷാമം ഉണ്ടാകാനാണ് സാധ്യത. പ്‌ളാന്റ് ഇനി എന്ന് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് പറയാനാകില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പ്‌ളാന്റിന് അകത്തും പുറത്തും നിര്‍ത്തിയിട്ട ടാങ്കറുകള്‍ ഉടന്‍ മാറ്റണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഐ.ഒ.സിയുടെ പ്‌ളാന്റില്‍ 19 ടാങ്കര്‍ ലോറികളും പുറത്ത് 122 എണ്ണവും കിടപ്പുണ്ട്. സുരക്ഷക്ക് ഭീഷണിയുണ്ടെന്ന് കണ്ടെത്തയതിനെ തുടര്‍ന്നാണ് ഇവ നീക്കാന്‍ ഉത്തരവിട്ടത്.

ഉദയംപേരൂര്‍ ഐ.ഒ.സി ബോട്ട്‌ലിങ് പ്‌ളാന്റിലേക്ക് ബുള്ളറ്റ് ടാങ്കറില്‍നിന്ന് പാചകവാതകം മാറ്റുന്നതിനിടെ ചോര്‍ന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് സുരക്ഷാ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. പ്‌ളാന്റിന് ഉള്‍ക്കൊള്ളാനാകാത്തതില്‍ അധികം പാചകവാതക സിലിണ്ടറുകള്‍ ഉള്ളതായി കമ്മിറ്റി കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ജനം പരിഭ്രാന്തിയിലാവുകയും വൈക്കം റോഡില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more