| Sunday, 28th April 2019, 2:05 pm

ഹജ്ജിനും ഉംറയ്ക്കും ഒന്നില്‍ കൂടുതല്‍ തവണ പോവുന്നത് ക്രിമനലുകളായ സൗദി ഭരണാധികാരികളെ സഹായിക്കലാണെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്രിപ്പോളി: മുസ്‌ലിംങ്ങള്‍ ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഹജ്ജിനും ഉംറയ്ക്കും പോവുന്നത് ക്രിമിനലുകളായ സൗദി ഭരണാധികാരികള്‍ക്കുള്ള സഹായമാവുമെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി സാദിഖ് അല്‍ ഗരിയാനി.

തീര്‍ത്ഥാടകര്‍ അടയ്ക്കുന്ന പണമുപയോഗിച്ച് മറ്റു മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ സൗദി യുദ്ധം ചെയ്യുമെന്നും അതുകൊണ്ട് സല്‍ക്കര്‍മമല്ല പാപമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും സാദിഖ് അല്‍ ഗരിയാനി പറയുന്നു. ലിബിയന്‍ ചാനലായ Ean Libya യിലാണ് ഗരിയാനിയുടെ പ്രതികരണം.

ലിബിയ, യെമന്‍, സുഡാന്‍, തുനീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങളിലെ മുസ്‌ലിംങ്ങള്‍ക്കെതിരെ സൗദി തീര്‍ത്ഥാടകരുടെ പണം ഉപയോഗിച്ച് യുദ്ധം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലിബിയന്‍ മതനേതാവ് ഫത്വ ഇറക്കിയിരിക്കുന്നത്.

ലിബിയന്‍ സംഘര്‍ഷത്തില്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സൗദിയുടേത്. ഇതിനായി ഹഫ്താറിന് സൗദി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഖലീഫ ഹഫ്താറിനെ എതിര്‍ക്കുന്ന ലിബിയന്‍ ഗ്രാന്‍ഡ് മുഫ്തി ജനങ്ങളോട് സൈനിക മേധാവിയ്‌ക്കെതിരെ പോരാടണമെന്നും ആഹ്വാനം ചെയ്തിരുന്നു.

നിലവില്‍ സിറിയയിലും യെമനിലും ഇറാഖിലുമെല്ലാം വിമത ഗ്രൂപ്പുകള്‍ക്ക് സൗദി ഫണ്ട് നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more