| Saturday, 30th October 2021, 2:43 pm

അയാള്‍ ചെയ്തതാണ് മര്യാദ; ഫിയോക് വരുന്നതിന് മുന്നേ തന്നെ ആന്റണി നിര്‍മാതാവാണ്; ആന്റണി പെരുമ്പാവൂരിന്റെ രാജിയെ പിന്തുണച്ച് ലിബര്‍ട്ടി ബഷീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജി വെച്ച നടപടിയെ പിന്തുണച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍.

അദ്ദേഹം ചെയ്തത് മര്യാദയാണെന്നും സംഘടനയുടെ തലപ്പത്തിരിക്കെ ഒരിക്കലും തന്റെ ബിസിനസ്സുമായി ആന്റണിക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫിയോക് വരുന്നതിന് മുന്നേ തന്നെ ആന്റണി പെരുമ്പാവൂര്‍ നിര്‍മാതാവാണെന്നും അദ്ദേഹം ഒരിക്കലും അതിന്റെ തലപ്പത്ത് നില്‍ക്കാന്‍ ആഗ്രഹിച്ച വ്യക്തിയല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ആന്റണിയെടുത്ത തീരുമാനം നൂറ് ശതമാനവും ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആന്റണി പെരുമ്പാവൂര്‍ ചെയ്തതാണ് മര്യാദ. സംഘടനയുടെ വൈസ് ചെയര്‍മാനായി നില്‍ക്കുന്ന സമയത്ത് അയാളുടെ ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്നില്ല. ഒരു കച്ചവടക്കാരന്‍ ചെയ്ത മികച്ച തീരുമാനം.

ഫിയോക് വരുന്നതിന് മുന്നേ തന്നെ ആന്റണി പെരുമ്പാവൂര്‍ നിര്‍മാതാവാണ്. അദ്ദേഹം ഒരിക്കലും അതിന്റെ തലപ്പത്ത് നില്‍ക്കാന്‍ ആഗ്രഹിച്ച വ്യക്തിയല്ല. എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് അദ്ദേഹത്തെ ആ സ്ഥാനത്ത് നിര്‍ത്തിയതാണ്. അയാള്‍ ചെയ്ത തീരുമാനം നൂറ് ശതമാനവും ശരിയാണ്.

ആന്റണി പെരുമ്പാവൂരിന് എന്ത് നിബന്ധന വേണമെങ്കിലും മുന്നോട്ടു വെക്കാം. അയാള്‍ ഒരു നിര്‍മാതാവും വിതരണക്കാരനുമാണ്. അദ്ദേഹത്തിന്റെ നിബന്ധനകള്‍ ന്യായമെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തോന്നിയാല്‍ അംഗീകരിക്കാം. അല്ലാത്തപക്ഷം ചിത്രം ഒ.ടി.ടിയ്ക്ക് നല്‍കാം. ആ സ്വാതന്ത്ര്യം ആന്റണി പെരുമ്പാവൂരിന് ഉണ്ട്. അതൊക്കെ നിര്‍മ്മാതാവിന്റെ സ്വാതന്ത്ര്യമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആശിര്‍വാദുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല.

അദ്ദേഹത്തെ വിമര്‍ശിച്ചിട്ടു കാര്യമില്ല. ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് മുന്നില്‍ നഷ്ടം വരാതിരിക്കാനുള്ള ഒരു വഴി കാണുമ്പോള്‍ അദ്ദേഹം അത് സ്വീകരിക്കണ്ടേ? ഒരു നിര്‍മ്മാതാവിന് സിനിമ ഒരുക്കി നഷ്ടം ഉണ്ടായാല്‍ സഹായിക്കാന്‍ ഒരു തിയേറ്റര്‍ ഉടമയും ഉണ്ടാകില്ല.

ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് ഞാന്‍ പറയുന്നതാണ് ഇക്കാര്യം. ഒരു പ്രൊഡ്യൂസര്‍ അയാള്‍ക്ക് ലാഭം ലഭിക്കാനുളള വഴികള്‍ നോക്കണം. തിയേറ്ററുകള്‍ക്ക് സിനിമ കൊടുക്കണം എന്ന് നിര്‍ബന്ധമില്ല,’ ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ശനിയാഴ്ചയായിരുന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചത്. ഫിയോക്ക് ചെയര്‍മാന്‍ ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്.

ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍.

മരക്കാര്‍ ഒ.ടി.ടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആന്റണി രാജിക്കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Liberty Basheer supports Antony Perumbavoor’s resignation

We use cookies to give you the best possible experience. Learn more