| Thursday, 12th January 2017, 1:49 pm

എല്ലാത്തിനും കാരണക്കാരന്‍ ദിലീപ്: നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.
കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു.

എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കമെന്നും ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തീയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

ഒരു മാസക്കാലമായി സിനിമ തിയറ്റര്‍ ഉടമകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന സമരം പൊളിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയില്‍ അംഗമാകുമെന്നാണ്  അറിയുന്നത്.

റിലീസിങ് തിയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും.

സിനിമാ പ്രതിസന്ധി രൂക്ഷമായി തുടരവേ കടുത്ത നിലപാടുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. 12 മുതല്‍ ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. പുതിയ സംഘടന വരുന്നതോടെ ഇതില്‍ വലിയ പിളര്‍പ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാള സിനിമയ്ക്കു സംഭവിച്ചതു വന്‍നഷ്ടമാണ്്. വെള്ളിയാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസിനെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

We use cookies to give you the best possible experience. Learn more