| Sunday, 4th October 2020, 12:38 pm

'ബാബരി മസ്ജിദ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചന തന്നെ, പ്രതികള്‍ പോലും അന്ന് തെളിവുകള്‍ നിരസിച്ചിരുന്നില്ല'; റിപ്പോര്‍ട്ടിലുറച്ച് ജസ്റ്റിസ് എം.എസ് ലിബെറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് വ്യക്തമാക്കി ജസ്റ്റിസ് എം. എസ് ലിബെറാന്‍. 1992 ഡിസംബര്‍ 2ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാരണങ്ങളിലേക്ക് നയിച്ച സംഭവങ്ങള്‍ അന്വേഷിച്ചിരുന്നത് ജസ്റ്റിസ് ലിബെറാന്‍ കമ്മീഷനായിരുന്നു.

എല്‍. കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ്‌പേപ്പര്‍ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

32 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സെപ്തംബര്‍ 30ന് വന്ന സി.ബി.ഐ കോടതിയുടെ വിധിയില്‍ അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ കമ്മീഷനിലൂടെ കണ്ടെത്തിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ലിബെറാന്‍ പറഞ്ഞു. ദ പ്രിന്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിചാരണ കോടതിയുടെ വിധിയില്‍ എനിക്ക് ഒന്നും പറയാനില്ല. ഞങ്ങള്‍ രണ്ടും രണ്ട് ഐഡന്റികളാണ്. അപ്പോള്‍ ഒരേ വസ്തുതയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിക്കാം. പക്ഷെ ഞാന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു. പള്ളി തകര്‍ക്കാന്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്,’ ലിബെറാന്‍ പറഞ്ഞു.

കോടതി തെളിവില്ലെന്ന് പറയുമ്പോഴും അക്കാലത്ത് പുറത്ത് വന്ന വാര്‍ത്തകളും വീഡിയോകളും ലിബറാന്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചിരുന്നു. ഈ തെളിവുകളെ പ്രതികള്‍ പോലും നിരസിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ റിപ്പോര്‍ട്ടുകള്‍ അന്ന് നിരസിക്കപ്പെട്ടിരുന്നില്ല. പ്രതികള്‍ പോലും നിരസിച്ചിരുന്നില്ല. കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച മറ്റ് തെളിവുകള്‍ക്കൊപ്പം പത്രങ്ങളും വീഡിയോ ഫൂട്ടേജുകളും പരിശോധിച്ചു. ഇത് ആരും നിരസിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനുള്ള തെളിവായി ഇത് അംഗീകരിക്കപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി, ആര്‍.എസ്.എസ്, മറ്റു സംഘ് പരിവാര്‍ സംഘടനകള്‍ തുടങ്ങിയവരുടെ ഗൂഢാലോചനയുടെ ഫലമായാണ് പള്ളി പൊളിച്ചതെന്നാണ് ലിബെറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

1992ല്‍ പി. വി നരസിംഹ റാവുവാണ് പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതിയിലെ അന്നത്തെ സിറ്റിംഗ് ജഡ്ജിയായിരുന്ന ജസ്റ്റിസ് ലിബെറാനെ കമ്മീഷന്‍ തലപ്പത്ത് നിയമിക്കുന്നത്. 2009ലാണ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 17 വര്‍ഷമെടുത്താണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ബാബരി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് പറഞ്ഞാണ് മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, എല്‍. കെ അദ്വാനി തുടങ്ങി പ്രധാന 32 പ്രതികളെ സി.ബി.ഐ കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടയുകയായിരുന്നെന്നുമാണ് കോടതി നിരീക്ഷിച്ചത്.

പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Liberhan Commission head justice M.S  Liberhan says conspiracy were held in the demolition of Babri Masjid

Latest Stories

We use cookies to give you the best possible experience. Learn more