| Friday, 11th January 2019, 7:18 pm

ഈ കാലത്തെ ഏക ഉത്തരവാദിത്വം സംഘപരിവാറിനെ പരാജയപ്പെടുത്തല്‍; സകല പിന്തിരിപ്പന്‍ മൂല്യങ്ങളെയും തിരിച്ചുകൊണ്ടുവന്നത് വിമോചന സമരം: എം.എന്‍ കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഈ കാലത്തെ ഏക ഉത്തരവാദിത്വം സംഘപരിവാറിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ “ജനാധിപത്യത്തിന്റെ സാധ്യതകള്‍” എന്ന വിഷയത്തില്‍ രാജേന്ദ്രന്‍ എടത്തുംകരയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പരാജയപ്പെടുന്നില്ലായെങ്കില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം വഴിനടക്കാനുള്ള അവസരം പോലുമില്ലാതായിത്തീരും. എന്തിനേറെ സതി തിരിച്ചുകൊണ്ടുവരുന്നത് പോലും സംഭവിക്കും. രാജ്യത്തെ അവസാന തെരഞ്ഞെടുപ്പായിരിക്കും നടക്കാനിരിക്കുന്നതെന്നും കാരശ്ശേരി പറഞ്ഞു.

1957ല്‍ നടന്ന വിമോചന സമരമാണ് മതപൗരോഹിത്യത്തെയും ജാതിസംഘടനകളെയും കേരളത്തില്‍ സ്ഥാപിക്കുന്നതിന് കാരണമായത്. 1957ലെ വിമോചന സമരത്തിന്റെ മുദ്രാവാക്യം “തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയില്‍ കഞ്ഞി കുടിപ്പിക്കും, ചാത്തന്‍ പൂട്ടാന്‍ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ, ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലു പറിക്കാന്‍ പൊയ്ക്കൂടെ” എന്നായിരുന്നുവെന്നും കാരശ്ശേരി പറഞ്ഞു.

1975ല്‍ നടന്ന അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തില്‍ താന്‍ കുറ്റകരമായ നിസ്സംഗതയാണ് പുലര്‍ത്തിയിരുന്നത്. ഇക്കാര്യത്തില്‍ അപമാനത്തോട് കൂടിയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് കാരശ്ശേരി പറഞ്ഞു. ഇതില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ടാണ് ചേകന്നൂര്‍ മൗലവി കേസിലടക്കം സജീവമായി ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിനകത്തും ചേകന്നൂര്‍ മൗലവി വധക്കേസിലും മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ വെച്ചുപുലര്‍ത്തുന്ന നിസ്സംഗത കടുത്ത കുറ്റമാണെന്നും കാരശ്ശേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more