ബെംഗളൂരു: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടന്നതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. അയോധ്യയ്ക്ക് സമാനമായ രീതിയില്‍ കാശിയെയും മധുരയെയും സ്വതന്ത്രമാക്കണമെന്നാണ് ഈശ്വരപ്പയുടെ പരാമര്‍ശം.
‘അടിമത്തത്തിന്റെ ഒരു അടയാളം മായ്ക്കപ്പെട്ടുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് കാശിയിലും മധുരയിലുമാണ്. അവയും മായ്ച്ചുകളഞ്ഞ് പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റണം’, കെ.എസ് ഈശ്വരപ്പ പറഞ്ഞു.
ശക്തമായ ഇന്ത്യയെ കെട്ടിപ്പെടുക്കുന്നതിന് അടിമത്തത്തിന്റെ അടയാളങ്ങള്‍ മായ്ച്ചുകളയാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഗ്രാമീണ വികസന വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ബി.ജെ.പിയുടെ മുന്‍ സംസ്ഥാനാധ്യക്ഷനുമാണ്. അയോധ്യയില്‍ പൂജ നടക്കുന്ന സമയത്ത് ഷിമോഗയില്‍ നടത്തിയ പരിപാടിയിലാണ് ഈശ്വരപ്പയുടെ അഭിപ്രായ പ്രകടനം.
കാശി, മഥുര ക്ഷേത്ര നിര്‍മ്മാണങ്ങള്‍ ഇപ്പോഴും ബി.ജെ.പിയുടെ അജണ്ടയിലുള്ള കാര്യങ്ങളാണെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെയല്ലാം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബി.ജെ.പി പല വഴികളെ കുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഇദാഹും പൊളിച്ചു നീക്കി അതേ സ്ഥാനത്ത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്നുമാണ് ബി.ജെ.പിയുടെ അജണ്ട എന്നായിരുന്നു വിനയ് കത്യാറിന്റെ പ്രതികരണം.
കാശിയിലെയും മഥുരയിലെയും ക്ഷേത്ര നിര്‍മ്മാണം സജീവമായി ഞങ്ങളുടെ അജണ്ടയിലുള്ള കാര്യമാണ്. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി ഞങ്ങള്‍ അതിനെ കുറിച്ച് സംസാരിക്കുകയും ആലോചിക്കുകയും ചെയ്യും. അതത്ര എളുപ്പമുള്ള ഒരു ലക്ഷ്യമല്ല. സമയമെടുക്കുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.
അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് മോദി ശിലാസ്ഥാപനം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ