| Sunday, 29th November 2020, 5:09 pm

'നൈസാം ഭരണത്തില്‍ നിന്ന് മോചിപ്പിക്കും'; ഹൈദരാബാദില്‍ ജനാധിപത്യം സ്ഥാപിക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ നിരത്തി പ്രചരണം ശക്തമാക്കുകയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൊതുറാലികളില്‍ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹൈദരാബാദില്‍ പ്രചരണത്തിനായെത്തിയിരിക്കുകയാണ്. ഹൈദരാബാദിനെ നൈസാം ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞത്.

‘നൈസാം ഭരണത്തില്‍ നിന്നും ആ സംസ്‌കാരത്തില്‍ നിന്നും ഹൈദരാബാദിനെ ഞങ്ങള്‍ മോചിപ്പിക്കും. ജനാധിപത്യ മൂല്യങ്ങള്‍ പുനസ്ഥാപിച്ച് ഒരു പുതിയ സമൂഹം ഇവിടെ നിര്‍മ്മിക്കും. യാതൊരു പ്രീണനനയങ്ങളുമില്ലാതെ തന്നെ നൈസാം ഭരണത്തിന് അറുതി വരുത്തും’, അമിത് ഷാ പറഞ്ഞു.

അതേസമയം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയ്‌ക്കെതിരെയും ഷാ വിമര്‍ശനമുന്നയിച്ചിരുന്നു. ഉവൈസിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

‘ഞാന്‍ എന്തെങ്കിലും നടപടിയെടുത്താല്‍ അവര്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. രേഖാമൂലം, റോഹിങ്ക്യകളെയയും ബംഗ്ലാദേശികളെയും പുറത്താക്കണമെന്ന് അവരോട് പറയുന്നു. പാര്‍ലമെന്റില്‍ ആരാണ് ഈ വിഭാഗക്കാരുടെ പക്ഷം പിടിക്കുന്നത്’? ഷാ പറഞ്ഞു.

നേരത്തെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി പ്രചാരണം നടത്തുന്ന ബി.ജെ.പിയെ പരിഹസിച്ച് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഹൈദരാബാദ് ബി.ജെ.പിയിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെയും അദ്ദേഹം പരിഹസിച്ചു. ഇനി കേവലം ഒരു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ഡൊണാള്‍ഡ് ട്രംപിനെ മാത്രമേ ബി.ജെ.പി ഇറക്കാന്‍ ബാക്കിയുള്ളൂവെന്നും ഉവൈസി പറഞ്ഞു.

ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു ഉവൈസിയുടെ പ്രതികരണം. ബി.ജെ.പിയുടെ നേതാക്കള്‍ പ്രചരണത്തിന് നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് ഇതിപ്പോള്‍ ഒരു ഹൈദരാബാദ് തെരഞ്ഞെടുപ്പായി തോന്നുന്നില്ലെന്നും ഉവൈസി പറഞ്ഞു.

ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കൂടി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുപ്പിച്ച് എത്ര സീറ്റ് നേടാന്‍ കഴിയുമെന്ന് പരിശോധിക്കൂ എന്ന് ഉവൈസി വെല്ലുവിളിച്ചിരുന്നു. ഇതിനിടെ വര്‍ഗീയ പ്രചരണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗമാണ് വിവാദത്തിലായത്.

ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നാണ് ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയത്.റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും, പാകിസ്താനികളും, അഫ്ഗാനിസ്താനികളുമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

അത്തരം തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ നടക്കുകയുള്ളൂ.പാകിസ്താനില്‍ നിന്നുള്ള അനധികൃത വോട്ടര്‍മാരില്ലാതെയാണ് ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നുമാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amith Sha On Ghmc Polls

We use cookies to give you the best possible experience. Learn more