ന്യൂദൽഹി: വയനാട് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വയനാട് ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി വധേരയെ പിന്തുണച്ച് നിലമ്പൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിച്ച ജനതയെ പറ്റിച്ച മോദി ‘നുണയൻ’ ആണെന്ന് ഖാർഗെ പറഞ്ഞു.
വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ വാഗ്‌ദാനത്തെക്കുറിച്ച് പരാമർശിച്ച കോൺഗ്രസ് അധ്യക്ഷൻ, മോദിയുടെ വാഗ്‌ദാനം പൊള്ളയായ വാക്കുകളാണെന്ന് പറഞ്ഞു.
‘കേരളം ദുരന്തനിവാരണത്തിനായി 2000 കോടി രൂപയുടെ വിശദമായ നഷ്ടപരിഹാര പാക്കേജ് സമർപ്പിച്ചപ്പോൾ അനുവദിച്ചത് 291 കോടി രൂപ മാത്രമാണ്. അതുകൊണ്ടാണ് മോദി കള്ളനാണെന്ന് ഞാൻ എപ്പോഴും പറയാറ്. അവൻ കള്ളനാണ്,’ അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ ഫണ്ടുകൾ നൽകുന്നതിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു.
കേന്ദ്രസഹായത്തിൻ്റെ സിംഹഭാഗവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഉത്തരവാദിത്തമുള്ള സർക്കാർ ജനങ്ങളോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു സംസ്ഥാനത്തോടും ഒരു കാര്യത്തിലും വിവേചനം കാണിച്ചിട്ടില്ലെന്നും ഖാർഗെ പറഞ്ഞു. ‘ന്യായം, നീതി എന്നിവയുടെ മൂല്യങ്ങളിൽ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ ഞങ്ങളുടെ ജനതയോട് വിവേചനം കാണിച്ചിട്ടില്ല.
സൗഹാർദ്ദം വളർത്തുന്നതിനുപകരം, അവർ ഭിന്നിപ്പും ദേഷ്യവും ഭയവും പരത്തുകയാണ്. ജാതിയുടെയും മതത്തിൻ്റെയും പേരിൽ ഞങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്, എന്നാൽ വയനാട്ടിലെ ജനങ്ങളെ ഞാൻ വിശ്വസിക്കുന്നു, അവർക്ക് അവരെ ഭിന്നിപ്പിക്കാൻ കഴിയില്ല, ‘അദ്ദേഹം പറഞ്ഞു.
Content Highlight: Liar’: Kharge says PM Modi did not keep Wayanad landslide relief promises