ലോകം ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ മാമാങ്കം അടുത്തു വരികയാണ്. 2022 ഖത്തര്‍ ലോകകപ്പ് ഒരുപക്ഷേ പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ് എന്ന നിലയിലായിരിക്കും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നത്. അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെയും പോര്‍ച്ചുഗലിന്റെ മിന്നും താരം ക്രിസ്റ്റ്യാനോയുടെയും അവസാന ലോകകപ്പാവും 2022ലേത് എന്നാണ് സൂചനകള്‍.
എന്നാല്‍ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും ഇനിയും ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. 2021 യൂറോകപ്പ് വിജയികളായ ഇറ്റലിയെ വീഴ്ത്തിയാല്‍ മാത്രമേ പോര്‍ച്ചുഗലിന് വേള്‍ഡ് കപ്പ് ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ.
ഇറ്റലിയുടേയും അവസ്ഥ ഏതാണ്ടിതൊക്കെ തന്നെയാണ്. പോര്‍ച്ചുഗലിനെ തോല്‍പിച്ചാല്‍ മാത്രമേ ഇറ്റലിക്കും ഖത്തറിലേക്ക് വിമാനം കയറാന്‍ സാധിക്കുകയുള്ളൂ. ഏതെങ്കിലും ഒരു ടീമിന് മാത്രമേ ലോകകപ്പിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ മത്സരം തീപാറുമെന്നുറപ്പാണ്. ഏതുവിധേനയും ജയിക്കണമെന്ന ഒറ്റ ലക്ഷ്യവുമായായിരിക്കും ഇരുവരും കൊമ്പുകോര്‍ക്കുന്നത്.
അങ്ങനെ ഏറ്റുമുട്ടേണ്ടി വന്നാല്‍ ക്രിസ്റ്റ്യാനോയെ എന്ത് പരുക്കന്‍ അടവുകളും ഉപയോഗിച്ച് നേരിടുമെന്നാണ് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ലിയാനാഡൊ ബൊണൂച്ചി പറയുന്നത്. റൊണാള്‍ഡോയുടെ യുവന്റസ് സഹതാരം കൂടിയായിരുന്നു ബൊണൂച്ചി.
”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ഞാന്‍ സംസാരിച്ചിരുന്നു. പോര്‍ച്ചുഗലും ഇറ്റലിയും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള പ്ലേ ഓഫ് ഫൈനലിനെ പറ്റി തമാശരീതിയില്‍ ചര്‍ച്ച ചെയ്തു. നമുക്ക് കളത്തില്‍ കാണാം. ഇറ്റലിയോട് കളിച്ചാല്‍ കുറച്ചു പ്രഹരങ്ങള്‍ വാങ്ങേണ്ടിവരുമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് അറിയാം” ബൊണുച്ചി പറഞ്ഞു.
അക്രമണോത്സുകതയ്ക്ക് പേരുകേട്ട പ്രതിരോധനിരയാണ് ഇറ്റലിയുടേത്. നാല് തവണ ലോകകപ്പ് ഉയര്‍ത്തിയ അസൂറിപ്പടയ്ക്ക് 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ യോഗ്യത നേടാനായിട്ടില്ലായിരുന്നു.
എന്നാല്‍ ഈ കൊല്ലത്തെ യൂറോ കപ്പ് നേടിയ ആത്മവിശ്വാസത്തിലായിരിക്കും ചെല്ലിനിയും സംഘവും ഇറങ്ങുന്നത്.
2014 ലോകകപ്പില്‍ 2021ലേതിന് സമാനമായാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് യോഗ്യത നേടിയത്. സ്വീഡനെ 2-3ന് തോല്‍പിച്ചായിരുന്നു പോര്‍ച്ചുഗല്‍ ബ്രസീല്‍ ലോകകപ്പിനെത്തിയത്. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവിലായിരുന്നു പറങ്കികള്‍ ലോകകപ്പിനെത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lianodo Bonuchi about Cristiano Ronaldo