മരണ സമയത്ത് ലിയാം പെയ്നിൻ്റെ ശരീരത്തിൽ പിങ്ക് കൊക്കെയ്‌ന്റെ സാന്നിധ്യം ഉണ്ടായിരുന്നു; റിപ്പോർട്ട്
World News
മരണ സമയത്ത് ലിയാം പെയ്നിൻ്റെ ശരീരത്തിൽ പിങ്ക് കൊക്കെയ്‌ന്റെ സാന്നിധ്യം ഉണ്ടായിരുന്നു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 1:19 pm

വാഷിങ്ടൺ: മരണപ്പെട്ട മുൻ വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്നിൻ്റെ ശരീരത്തിൽ പിങ്ക് കൊക്കെയ്‌ന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് ബ്യൂണസ് ഐറിസിലെ മൂന്നാം നിലയിലെ ഹോട്ടൽ മുറിയിൽ നിന്ന് ലിയാം പെയ്ൻ താഴെവീണ് മരണപ്പെടുന്നത്.

ഇപ്പോൾ പുറത്ത് വരുന്ന പ്രാഥമിക ടോക്സിക്കോളജി റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ ക്രാക്ക് കൊക്കെയ്ൻ, മെതാംഫെറ്റാമൈൻ എന്നിവയുൾപ്പെടെ ഒന്നിലധികം ലഹരി മരുന്നുകൾ ഉണ്ടായിരുന്നുവെന്നാണ് കാണിക്കുന്നത്.

ക്രാക്ക് കൊക്കെയ്ൻ, ബെൻസോഡിയാസെപൈൻ എന്നിവയ്‌ക്കൊപ്പം മെത്താംഫെറ്റാമൈൻ, കെറ്റാമൈൻ, എം.ഡി.എം.എ എന്നിവ അടങ്ങിയ ‘പിങ്ക് കൊക്കെയ്ൻ’ എന്ന മരുന്നുകളുടെ ഒരു കോക്ടെയ്ൽ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി എ.ബി.സി ന്യൂസും ടി.എം.ഇസഡും റിപ്പോർട്ട് ചെയ്തു.

മയക്കുമരുന്ന് ഉപയോഗിക്കാനായുള്ള പ്രത്യേക തരം അലുമിനിയം പൈപ്പും ലിയാമിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഫലങ്ങൾ സൂചിപ്പിക്കുന്നത് വീഴുന്ന സമയത്ത് അദ്ദേഹം തനിച്ചായിരുന്നുവെന്നും മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെ ഒരു എപ്പിസോഡിലൂടെ കടന്നുപോകുകയായിരുന്നു എന്നുമാണ്.

ബോയ് ബാൻഡിനൊപ്പം ആഗോള പ്രശസ്തി നേടിയ 31കാരനായ പെയ്‌നെ ബുധനാഴ്ച ബ്യൂണസ് ഐറിസിലെ മൂന്നാം നിലയിലെ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടത്തിൻ്റെ ആദ്യ ഔദ്യോഗിക വിശദാംശങ്ങളിൽ, ഉയരത്തിൽ നിന്ന് വീഴുന്നത് മൂലമുണ്ടാകുന്ന 25 പരിക്കുകൾ, തലയ്ക്ക് മാരകമായ പരിക്കുകൾ, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവ ശരീരത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തു.

പെയ്‌നിൻ്റെ മുറിയുടെ ഉൾവശത്തുള്ള മേശപ്പുറത്ത് വെളുത്ത പൊടി പൊലീസ് കണ്ടെടുത്തിരുന്നു. മുറിയിലെ ഫർണിച്ചറുകൾ തകർന്നിരുന്നു. പെയ്ൻ മരിച്ച ദിവസം മയക്കുമരുന്ന് നൽകിയെന്ന് സംശയിക്കുന്ന ഒരു ഹോട്ടൽ ജീവനക്കാരനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് ലോക്കൽ പൊലീസ് എ.ബി.സി ന്യൂസിനോട് പറഞ്ഞു.

 

 

Content Highlight: Liam Payne had ‘pink cocaine’ in his system at time of death: Toxicology report